വടകര നിയോജക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഡിഎഫിലെ ഷാഫി പറമ്പിലും എൽഡിഎഫിലെ കെ കെ ശൈലജ ടീച്ചറുമാണ് ഇവിടെ മത്സരിക്കുന്നത്. ഇരു പാർട്ടിക്കാരും സജീവ പ്രചരണ വുമായി രംഗത്തുണ്ട്. കെ കെ ശൈലജ ടീച്ചറുടെ പ്രചരണ വേദിയിൽ തടിച്ചുകൂടിയ സ്ത്രീകൾ എന്ന അവകാശവാദവുമായി ഒരു ചിത്രം പ്രചരിക്കുന്നു

പ്രചരണം

ചിത്രത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ വേദിയിൽ ഓഡിയൻസായി ഇരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗത്തിന് എത്തിയതാണിവർ എന്ന് വാദിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ് ....

പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട് ...

നിങ്ങൾ കാണാതെ നടിച്ചാലും ഞങ്ങൾ അത് കാണിച്ചു കൊണ്ടേ ഇരിക്കും ... 💪💪

FB postarchived link

എന്നാൽ ഈ ചിത്രത്തിന് ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് യോഗങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പഴയ ചിത്രമാണെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി യപ്പോൾ സമാന ചിത്രം സിപിഎമ്മിന്‍റെ ഒഫീഷ്യൽ X പേജില്‍ പങ്കുവെച്ചിട്ടുള്ളതായി കാണാൻ സാധിച്ചു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടി എന്ന വിവരണവും ഒപ്പം നൽകിയിട്ടുണ്ട്. വൃന്ദ കാരാട്ട് പരിപാടിയിൽ പങ്കെടുത്തിരുന്നു.

പി കെ ശ്രീമതി ടീച്ചറിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതേ ചിത്രം നൽകിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ മഹിള അസോസിയേഷന്‍റെ കരുത്ത് കണ്ടോളൂ എന്ന വിവരണവും നൽകിയിട്ടുണ്ട്.

കെ.കെ ശൈലജയുടെ ഇലക്ഷന്‍ പ്രചരണത്തിനായി വനിതാ സംഗമം സംഘടിപ്പിച്ചതായി വാർത്തകളൊന്നുമില്ല.

ഫെബ്രുവരി അവസാന വാരത്തോടെയാണ് കെ.കെ ശൈലജയുടെ പ്രചരണം സജീവമായത്. തിരഞ്ഞെടുപ്പ് പരിപാടികള്‍ ജനസാന്ദ്രമായിരുന്നു എന്നു ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കെ.കെ ശൈലജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ ലഭ്യമാണ്.

എന്നാല്‍ വനിതകള്‍ മാത്രം ഒന്നിച്ച് പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പ് പ്രചരണം കെ കെ ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ നടന്നിട്ടില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ചിത്രം കെകെ ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നുള്ളതാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആയിരക്കണക്കിന് സ്ത്രീകള്‍ ഒരുമിച്ചു കൂടിയതിന്‍റെ ചിത്രം ശൈലജ ടീച്ചറുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്...

Written By: Vasuki S

Result: False