
കഴിഞ്ഞ ഒരാഴ്ചയായി, കിഴക്കൻ ക്യൂബയിൽ അനുഭവപ്പെട്ട കനത്ത മഴ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്, ഒരാൾ മരിക്കുകയും 11,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാൻമ പ്രവിശ്യയിൽ 10,000-ത്തിലധികം വീടുകളെ പ്രളയം ബാധിച്ചു. ലാസ് ടുനാസ്, സാന്‍റിയാഗോ ഡി ക്യൂബ, കാമാഗ്യൂ എന്നിവയാണ് മറ്റ് പ്രവിശ്യകൾ.
ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെത് എന്ന് അവകാശപ്പെട്ട് പലരും പ്രളയത്തിന്‍റെ ചില ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. അത്തരത്തിലൊന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.
പ്രചരണം
കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ ദിവസം ക്യൂബ സന്ദർശിച്ചിരുന്നു. അദ്ദേഹം ക്യൂബന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെടുത്തി പരിഹാസ രൂപേണയാണ് ക്യൂബയിലെ പ്രളയത്തിന്‍റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്യൂബയിൽ കനത്ത വെള്ളപ്പൊക്കം ….ഇയാൾ എന്തൊരു മനുഷ്യനാ ! അമേരിക്കൻ ഭൂഖണ്ഡത്തിൽ ദുരന്തങ്ങൾ ഒഴിയുന്നില്ല …മാൻഡ്രേക്കിന്റെ ക്യൂബ സന്ദർശനം തുടരുന്നു ….”

എന്നാൽ ഈ ചിത്രങ്ങൾ ക്യൂബ നിലവിൽ നേരിടുന്ന പ്രണയത്തിൻറെതല്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി. ഒരെണ്ണം ഒഴികെ മറ്റെല്ലാം മുൻ കൊല്ലങ്ങളിലെ പ്രളയത്തിൽ നിന്നുള്ള ചിത്രങ്ങളാണ്.
വസ്തുത ഇതാണ്
പോസ്റ്റിൽ നാല് ചിത്രങ്ങളാണ് നൽകിയിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഇപ്പോൾ ക്യൂബ നേരിടുന്ന വെള്ളപ്പൊക്കത്തിൽ നിന്നുള്ളതാണ്. ബാക്കി രണ്ടെണ്ണം ക്യൂബയില്‍ മുൻ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നുള്ളതും ഒരെണ്ണം ഹെയ്തി എന്ന മറ്റൊരു രാജ്യത്ത് നിന്നുള്ളതുമാണ്.
ചിത്രം 1
ഞങ്ങൾ ആദ്യ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ക്യൂബയിൽ 2022ലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നുള്ള ചിത്രമാണിത് എന്നു വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. ഈ ചിത്രം ഫ്ലഡ് ലിസ്റ്റ് എന്നൊരു വെബ്സൈറ്റ് 2022 ജൂൺ നാലിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിത്രം 2
രണ്ടാമത്തെ ചിത്രം ക്യൂബയിൽ 2017ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ളതാണ്.”ക്യൂബ തെരുവുകള്‍ തകര്‍ത്തുകൊണ്ട് ഇർമ ചുഴലിക്കാറ്റ് കടന്നുപോയതിന് ശേഷം ഹവാനയിലെ വെള്ളപ്പൊക്ക ബാധിത തെരുവുകളിലൂടെ ആളുകൾ നീന്തി നടക്കുന്നു, ഞായറാഴ്ച, സെപ്റ്റംബർ 10, 2017. ശക്തമായ കൊടുങ്കാറ്റ് വീടുകളുടെ മേൽക്കൂരകള്‍ തകര്‍ത്തു, കെട്ടിടങ്ങൾ തകർന്നു, നൂറുകണക്കിന് മൈലുകൾ കരീബിയൻ തീരപ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ക്യൂബൻ അധികൃതർ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. (എപി ഫോട്ടോ/റാമോൺ എസ്പിനോസ)” എന്ന അടിക്കുറിപ്പോടെ ഈ ചിത്രം 2017 സെപ്റ്റംബർ 10ന് അക്യു വെതർ എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടാതെ 2017 പ്രസിദ്ധീകരിച്ച ചില ട്വീറ്റുകളിലും ഇതേ ചിത്രം ഉണ്ട്.

ചിത്രം 3
മൂന്നാമത്തെ ചിത്രം ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് തന്നെയാണ്.
ചിത്രം 4
ഈ ചിത്രം കഴിഞ്ഞ ദിവസം ക്യൂബയിലെ വെള്ളപ്പൊക്കത്തിലേതാണ് എന്ന് അവകാശപ്പെട്ട് മാധ്യമങ്ങൾ അടക്കം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഈ ചിത്രം ക്യൂബയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന ഹെയ്തി എന്ന രാജ്യത്ത് 2008 ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ്.

ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾ കഴിഞ്ഞ ദിവസം ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മറ്റൊരു ഫാക്റ്റ് ചെക്ക് ലേഖനത്തില്‍ നൽകിയിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല
ക്യൂബയില്‍ മിക്കവാറും എല്ലാ വര്‍ഷവും പ്രളയവും പ്രളയക്കെടുതികളും ഉണ്ടാകുന്നുണ്ട്. ക്യൂബയുടെ മുന്‍കാല കാലാവസ്ഥാ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യംവ്യക്തമാകും.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് നിലവിലെ വെള്ളപ്പൊക്കത്തില്‍ നിന്നുള്ളത്. മറ്റ് രണ്ടെണ്ണം ക്യൂബയില്‍ യഥാക്രമം 2022, 2017 വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നുള്ളതാണ്. ഒടുവില്‍ നല്‍കിയിരിക്കുന്ന ചിത്രം ഹെയ്തി എന്ന രാജ്യത്ത് 2008 ലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ്. നിലവില്‍ ക്യൂബ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രളയത്തിന്‍റെ മുന്‍കാല ചിത്രങ്ങള്‍ നിലവില്‍ ക്യൂബയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…
Written By: Vasuki SResult: MISLEADING
