മലബാർ കോളേജില്‍ പെണ്‍കുട്ടികളുമൊത്ത് കറങ്ങുന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു… വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

സാമൂഹികം

വേങ്ങരയിലെ മലബാർ കോളേജുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു 

പ്രചരണം 

 റോഡിന് നടുവിൽ ഒരു സംഘം ആളുകൾ കൂട്ടം ചേർന്ന് സംഘർഷമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “മലബാർ കോളേജ് 4 മണിക്ക് ക്ലാസ് കഴിഞ്ഞിട്ടും 6 മണി വരെ പെണ്കുട്ടികളുമൊത്ത് കറങ്ങുന്ന വിരുതന്മാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു.

പലതവണ പോലീസിൽ പരാതിപ്പെട്ടിട്ടും, വിദ്യാർഥികളോട് നേരിട്ട് പറഞ്ഞിട്ടും പരസ്യമായുള്ള ആഭാസ കേളികൾക്ക് കുറവില്ലാത്ത കാരണമാണ് നാട്ടുകാർ സംഘടിച്ചു നേരിട്ടെത്തി കൈകാര്യം ചെയ്തത് !”

archived linkFB post

ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും തെറ്റായ പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോയുടെ വസ്തുത അറിയാൻ ആദ്യം വേങ്ങര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. എസ്എച്ച്ഒ എം. മുഹമ്മദ് ഹനീഫ അറിയിച്ചത് ഇങ്ങനെയാണ്:  “സോഷ്യല്‍ മീഡിയയിലെ പ്രചരണം  തെറ്റാണ്. പെൺകുട്ടികളുടെ പുറകെ നടന്ന ആൺകുട്ടികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് എന്നത് തെറ്റായ പ്രചരണമാണ്.  കോളേജിലെ കുട്ടികൾ അവരുടെ ഇരുചക്രവാഹനങ്ങൾ കൂടുതലും കോളേജിന്‍റെ വെളിയിലാണ് പാർക്ക് ചെയ്യുന്നത്.  റോഡിലൂടെ പോകുന്നവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  പലപ്പോഴായി ഇതിന്‍റെ പേരിൽ അവിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ നടന്ന ഒരു സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിത്.  സംഘർഷം ഉണ്ടാകുന്നു എന്ന അറിയിപ്പ് ലഭിച്ച ഉടൻ തന്നെ ഇവിടെ നിന്നും രണ്ടു ജീപ്പിൽ പോലീസുകാർ അവിടെ എത്തുകയും ഇരുകൂട്ടരെയും അനുനയിപ്പിച്ച്  തിരിച്ചയയ്ക്കുകയുമാണ് ഉണ്ടായത്”

തുടർന്ന് ഞങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈദലവിയുമായി സംസാരിച്ചു.  അദ്ദേഹം ഞങ്ങളെ അറിയിച്ച ഇങ്ങനെയാണ്:  “പൂർണ്ണമായും തെറ്റായ പ്രചരണമാണ് കോളേജിന് എതിരെ നടത്തുന്നത്. കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും അതുപോലെതന്നെ ഞങ്ങൾക്കും വളരെയധികം മാനസിക വിഷമം ഉണ്ടാക്കി.  ഏതാണ്ട് ഏഴെട്ടു പേരാണ് പ്രശ്നമുണ്ടാക്കിയത്. കോളേജിലെ പെൺകുട്ടികളുടെ പേരിൽ അപവാദ പ്രചാരണത്തിന് മറ്റാരോ ദൃശ്യങ്ങള്‍  ഉപയോഗിക്കുകയാണുന്ദായത്. എന്നു മാത്രമല്ല ഈ വീഡിയോ മറ്റ് ഓഡിയോ കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നുണ്ട്.  ഞങ്ങൾ ഇതിനെതിരെ കോളേജിന്‍റെ പേരില്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.  കൂടാതെ കുട്ടികൾ അവരുടെ നിലയ്ക്കും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്” 

മലബാര്‍ കോളേജിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് വേങ്ങര ലൈവ് എന്ന ഫേസ്ബുക്ക് ഒരു പോസ്റ്റ് നൽകിയിരുന്നു. 

പെൺകുട്ടികളുമായി കോളേജ് സമയം കഴിഞ്ഞു കറങ്ങി നടന്ന ആൺകുട്ടികളെ പോലീസിനോട് പരാതിപ്പെട്ടിട്ടും പരിഹാരം ഇല്ലാത്തതിനാൽ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത് എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്.  വേങ്ങര മലബാർ കോളേജിന്‍റെ മുൻവശത്ത് പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്.  കോളേജ് സമയം കഴിഞ്ഞിട്ടും പെൺകുട്ടികളോടൊപ്പം കറങ്ങി നടക്കുന്ന ആൺകുട്ടികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണിത് എന്നത് പൂർണ്ണമായും തെറ്റായ പ്രചരണമാണെന്ന് പോലീസ് അധികാരികളും കൂടാതെ കോളേജ് പ്രിന്‍സിപ്പാളും അറിയിച്ചിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മലബാർ കോളേജില്‍ പെണ്‍കുട്ടികളുമൊത്ത് കറങ്ങുന്നവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നു… വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Vasuki S 

Result: False