വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല കെ റെയിൽ പദ്ധതിക്ക് വീടിനകത്ത് സർവ്വേക്കല്ല് സ്ഥാപിക്കാൻ വന്ന പോലീസും ഗുണ്ടകളുമാണ്. #ഭയംവേണ്ട #ജാഗ്രതമതി.പാഠം ഒന്ന്:കൊരങ്ങന്മാരെ വിജയിപ്പിച്ച് കസേരയിലിരുത്തരുത്. എന്ന തലക്കെട്ട് നല്‍കി മുസ്‌തഫ ടികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കവുന്ന പോസ്റ്റിന്  ഇതുവരെ 694ല്‍ അധികം റിയാക്ഷനുകളും 7,600ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസും കെ-റെയില്‍ ഉദ്യോഗസ്ഥരും വീട് ചവിട്ടി പൊളിച്ച് കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

മാതൃഭൂമി ന്യൂസ് കൊല്ലം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണിതെന്ന് ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചു. ഇതുപ്രകാരം കൊല്ലത്ത് കെ-റെയില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട നടന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായരുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം വിഷയത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്-

മാതൃഭൂമി നല്‍കിയ വാര്‍ത്തയും ഇതിലെ വീഡിയോ എഡിറ്റ് ചെയ്ത ശേഷം ചേര്‍ത്ത ശബ്ദരേഖയും സഹിതം ഒരു വീഡ‍ിയോ കെ-റെയിലുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലത്ത് കെ-റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനിടയില്‍ ആത്മഹത്യ ഭീഷണി മുഴക്കിയ വീട്ടമ്മയും രണ്ട് പെണ്‍മക്കളും വീടിനുള്ളില്‍ കയറി കതകടച്ചത് പരിഭ്രാന്തിയുണ്ടാക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് അയല്‍വാസികളായ രണ്ട് യുവാക്കളും പോലീസും ചേര്‍ന്ന് ഇവരെ പിന്തിരിപ്പിക്കാനും രക്ഷിക്കുന്നതിനും വേണ്ടി വീടിന്‍റെ കതക് ചവിട്ടി തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് യഥാര്‍ത്ഥ വസ്‌തുത. ഇതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പുറകിലെ വാതിലിലൂടെ അകത്ത് കടന്ന് വാതില്‍ തുറക്കുകയും ചെയ്തു. വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നത് കെ-റെയില്‍ ഉദ്യോഗസ്ഥരല്ല. സഹായത്തിനെത്തിയ അയല്‍ക്കാര്‍ മാത്രമാണവര്‍. വീട്ടമ്മയുടെ അടുക്കളയും പുറകിലെ സ്ഥലത്താണ് കെ-റെയില്‍ സര്‍വേ കല്ല് സ്ഥാപിച്ചതെന്നും യഥാര്‍ത്ഥ വാര്‍ത്തയുടെ വീഡിയോയില്‍ വിശദമായ വീഡിയോ ദൃശ്യം സഹിതം നല്‍കിയിട്ടുണ്ടെന്നും ഇതിന്‍റെ പേരിലുള്ള പ്രചരണം തികച്ചും വ്യാജമാണെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍ പറഞ്ഞു.

സംഭവം സ്ഥിരീകരിക്കാന്‍ ഞങ്ങളുടെ പ്രതിനിധി കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചുമായും ബന്ധപ്പെട്ടു വിവരങ്ങള്‍ അന്വേഷിച്ചു. അവരും ഇതെ വിശദീകരണം തന്നെയാണ് നല്‍കിയത്. വീട്ടില്‍ അതിക്രമിച്ചു കയറി കല്ല് ഇടാന്‍ ശ്രമിച്ചു എന്ന പ്രചരണം വ്യാജമാണെന്നും ക്രൈംബ്രാഞ്ച് പ്രതിനിധി പറഞ്ഞു.

മാതൃഭൂമി വാര്‍ത്തയുടെ യഥാര്‍ത്ഥ വീഡിയോ (02.58 മിനിറ്റ് മുതല്‍) –

വീട്ടമ്മയുടെ വീടിന് പുറകിലെ സ്ഥലത്താണ് കല്ല് സ്ഥാപിച്ചിരിക്കുന്നത് (04.55 മിനിറ്റ് മുതല്‍) –

Mathrubhumi News Video 

നിഗമനം

കെ-റെയില്‍ സര്‍വേ കല്ല് വീടിന്‍റെ പുറകിലെ പറമ്പില്‍ ഇടുമെന്ന് അറിഞ്ഞ വീട്ട് ഉടമയായ സ്ത്രീയും രണ്ട് പെണ്‍മക്കളും വീടിനുള്ളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ അയല്‍ക്കാരും പോലീസും ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും രക്ഷിക്കാനും വേണ്ടി വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീടിനുള്ളില്‍ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ അതിക്രമിച്ച് കയറി കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നത് തെറ്റായ പ്രചരണമാണെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Misleading