ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയെ താക്കീത് ചെയ്തോ..?
വിവരണം
Deeni Prabhashakar-ദീനി പ്രഭാഷകർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചില ആനുകാലിക സംഭവങ്ങളുടെ പേരിൽ അമേരിക്ക ഇന്ത്യയെ താകീത് ചെയ്തു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പശുവിന്റെ പേരിൽ മുസ്ലീങ്ങളെ ഉപദ്രവിക്കരുത്. ഐക്യ രാഷ്ട്രസഭയ്ക്ക് പിന്നാലെ മോഡി സർക്കാരിന് അമേരിക്കയുടെ താക്കീത്. രാജ്യത്തെ ഇങ്ങനെ നാണം കെടുത്തരുത്. ഐക്യരാഷ്ട്രസഭയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കയും” എന്ന തലക്കെട്ടുകളാണ് വാർത്തയ്ക്ക് നൽകിയിട്ടുള്ളത്. "പശുവിന്റെ പേരിൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിച്ചു കൊണ്ടിരിക്കുമ്പോൾ ഐക്യരാഷ്ട്ര സഭക്ക് പിന്നാലെ ലോകരാഷ്ടങ്ങളും പ്രശ്‌നത്തിൽ ഇടപെടുന്നു,അമേരിക്കയുടെ പല സമീപനങ്ങളും ലോകമുസ്ലീങ്ങൾക്കു എതിരാണെങ്കിലും ആൾക്കൂട്ട കൊലപാതകത്തിൽ ശക്തമായ വിയോജിപ്പുമായി അമേരിക്കയും.." എന്നിങ്ങനെ വാർത്തയുടെ വിവരണം ആരംഭിക്കുന്നു.
archived link | FB post |
archived link | majilis media |
നമുക്ക് ഈ വാർത്തയുടെ വസ്തുത ഒന്ന് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു നോക്കി. വാഷിംഗ്ടണിൽ നടന്ന യുഎസ് ഇൻഡ്യാ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് മീറ്റിൽ നിന്നുമുള്ളതാണ് വാർത്ത എന്നു മനസ്സിലാകുന്നു.
എന്താണ് ഈ മീറ്റിങ് എന്ന് നോക്കാം.
യുഎസും ഇന്ത്യയും തമ്മിലുള്ള ഏറ്റവും ശക്തമായ തന്ത്രപരമായ പങ്കാളിത്തം സൃഷ്ടിക്കാൻ രൂപീകരിച്ച സംഘടനയാണ് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) . ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രഥമ പരിഗണന . ഇതിനപ്പുറത്തേയ്ക്കും സംഘടനയ്ക്ക് ദൗത്യങ്ങളുണ്ട്. പൗരന്മാരുടെ ജീവിതത്തെ മാറ്റിമറിക്കാൻ ശക്തിയുള്ള അർത്ഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ബിസിനസ്സും സർക്കാരും പുതിയ രീതിയിൽ ഒത്തുചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും തീരുമാനങ്ങളും സംഘടനയുടെ ഉത്തരവാദിത്തത്തിൽ പെടുന്നു.
archived link | usispf |
യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് സംഘടനാ അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. - സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നവീകരണം, ഉൾപ്പെടുത്തൽ, സംരംഭകത്വം എന്നിവ ലക്ഷ്യമിടുന്നതിനായി വ്യവസായികളും സർക്കാർപ്രതിനിധികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
"2025 ഓടെ യുഎസ്-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 143 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി ഉയരുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) കണക്കാക്കുന്നു. വ്യാപാരം ഓരോ വർഷവും 7.5 ശതമാനം വർദ്ധിച്ചാൽ ഈ വളർച്ച സംഭവിക്കും. കഴിഞ്ഞ 7 വർഷം (പൂർണ്ണ റിപ്പോർട്ട് ഇവിടെ). 2025 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 283 ബില്യൺ മുതൽ 327 ബില്യൺ ഡോളർ വരെയാകാം, വാർഷിക ശരാശരി വളർച്ചാ നിരക്ക് 10% -12.5% (2017 ലും 2018 ലും സാക്ഷ്യം വഹിച്ചത്). നിലവിലെ പ്രവണതകൾ ഉയർത്തിക്കാട്ടുന്നതിലൂടെ ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ വളർച്ചയ്ക്കും സാമ്പത്തിക അവസരത്തിനുമുള്ള വഴികൾ വിലയിരുത്തൽ അടിവരയിടുന്നു. പ്രതിരോധ വ്യാപാരം, വാണിജ്യ വിമാനങ്ങൾ, എണ്ണ, എൽഎൻജി, കൽക്കരി, യന്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളാണ് യുഎസ് നിക്ഷേപത്തിലും വാണിജ്യത്തിലുമുള്ള വളർച്ചയുടെ മേഖലകൾ. അതുപോലെ, ഇന്ത്യൻ വ്യവസായത്തിന് യുഎസ് വിപണിയിലേക്ക് ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽസ്, സീഫുഡ്, ഐടി, യാത്രാ സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ട്."
വാഷിംഗ്ടൺ ഡിസിയിൽ നടന്ന സമ്മേളനത്തിന്റെ പ്രധാന പ്രമേയം ഇതായിരുന്നു എന്ന് വെബ്‌സൈറ്റിൽ വിവരിച്ചിട്ടുണ്ട്.
ഇനി ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെപ്പറ്റി അറിഞ്ഞു താക്കീത് ചെയ്തു എന്ന് വാർത്തയിൽ ആരോപിക്കുന്ന നാൻസി പാലോസി ആരാണെന്നു നോക്കാം.
2019 ജനുവരി മുതൽ അമേരിക്കൻ ജനപ്രതിനിധിസഭയുടെ സ്പീക്കറായി സേവനമനുഷ്ഠിക്കുന്ന ഒരു അമേരിക്കൻ രാഷ്ട്രീയക്കാരിയാണ് നാൻസി പട്രീഷ്യ പെലോസി. 1987 ൽ ആദ്യമായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവര്‍ സ്പീക്കറായി സേവനമനുഷ്ഠിച്ച അവർ യുണൈറ്റഡ് സ്റ്റേറ്റ്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതയാണ്. ഉപരാഷ്ട്രപതിക്ക് തൊട്ടുപിന്നാലെ പ്രസിഡന്റ് സ്ഥാനത്ത് പെലോസി രണ്ടാം സ്ഥാനത്താണ്.
ഡെമോക്രാറ്റിക് പാർട്ടി അംഗമായ പെലോസി ഒരു കോൺഗ്രസ് വനിതയായി പതിനേഴാം തവണയാണ് കാലിഫോർണിയ പ്രതിനിധീകരിക്കുന്നത്, അവർ ഒരു പ്രതിനിധിയായി യുഎസ് ഇന്‍ഡ്യ പങ്കാളിത്ത സഹകരണ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇനി ഇത് സംബന്ധിച്ച് വന്ന വാർത്തകളെ പറ്റി അന്വേഷിക്കാം. ഏതാനും ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ പോസ്റ്റിൽ ആരോപിക്കുന്നതിനു സമാനമായ രീതിയിൽ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ നൽകിയിരിക്കുന്ന വാർത്ത ഇപ്രകാരമാണ് ഇന്ത്യയിൽ മുസ്ലീങ്ങളോടുള്ള സമീപനത്തിൽ ഉൽക്കണ്ഠയുണ്ടെന്ന് അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി അഭിപ്രായപ്പെട്ടു എന്നാണ്. വാർത്ത നൽകിയ മാധ്യമങ്ങൾ സംഘടനയുടെ അധ്യക്ഷൻ ജോൺ ടി ചെമേഴ്‌സുമായി നാൻസി പെലോസി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ഈ അഭിപ്രായം അവർ പ്രകടിപ്പിച്ചത് എന്ന് വിവരിക്കുന്നു. എന്നാൽ ഇതിന്റെ വ്യക്തമായ തെളിവുകളൊന്നും വാർത്തയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് ഞങ്ങൾ സംഘടനയുടെ വെബ്‌സൈറ്റ് പരിശോധിച്ച് നോക്കി. ഇങ്ങനെയൊരു പരാമർശത്തെപ്പറ്റി അവരുടെ വാർത്താ വിഭാഗത്തിൽ ഒന്നുംതന്നെ കാണാനില്ല. ഞങ്ങൾ ജോൺ ടി ചെമ്പേഴ്സ്, നാൻസി പെലോസി എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിച്ചു. ഇത്തരം ഒരു പരാമര്‍ശത്തെപ്പറ്റി യാതൊരു വാർത്തകളും അവർ നൽകിയിട്ടില്ല.
archived link | news18 |
archived link | the hindu |
ഇന്ത്യയിൽ ഈ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ എല്ലാംതന്നെ ഒരേ രീതിയാണ് വാർത്ത നൽകിയിരിക്കുന്നത്. വാചക ഘടനയിൽ പോലും മാറ്റം വരുത്തിയിട്ടില്ല. അമേരിക്കയിലെ മാധ്യമങ്ങളിലൊന്നും ഇത്തരത്തിലൊരു വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതായി കാണാൻ കഴിഞ്ഞില്ല. നൈജീരിയയില്‍ നിന്നുള്ള ഒരു പ്രസിദ്ധീകരണമായ uncova ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലും അമേരിക്കയ്ക്ക് ഉത്കണ്ഠയുണ്ട് എന്നാണ് നല്കിയിട്ടുള്ളത്.
archived link | uncova |
ഞങ്ങളുടെ അന്വേഷണത്തിൽ ഇന്ത്യയിലെ ഏതാനും പ്രമുഖ ദേശീയ മാധ്യമങ്ങൾ സമാന രീതിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ യുഎസ് നയതന്ത്ര സഹകരണ ഉച്ചകോടിയിൽ പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്തയിൽ പറയുന്നതുപോലെ പശുവിന്‍റെ പേരിൽ ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നതിനെതിരെ മോഡി സർക്കാരിന് അമേരിക്കയുടെ താക്കീത് എന്ന രീതിയിൽ ഒരിടത്തും വാർത്ത പുറത്തു വന്നിട്ടില്ല. പോസ്റ്റിലെ മറ്റൊരു വാദമായ ഐക്യരാഷ്ട്ര സഭ ഇന്ത്യയെ താക്കീത് ചെയ്തിരുന്നോ എന്നറിയാണ്‍ ഞങ്ങള്‍ വാര്‍ത്തകള്‍ പരിശോധിച്ചു. ചില മാധ്യമങ്ങള്‍ ഈ രീതിയില്‍ വാര്‍ത്ത നല്കിയിട്ടുണ്ട്. അവ വായിക്കാന്‍ താഴെയുള്ള ലിങ്കുകള്‍ തുറക്കുക
archived link | indiatoday |
archived link | aljazeera |
archived link | aa.com |
ഐക്യരാഷ്ട്രസഭ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു താക്കീത് നൽകിയിരുന്നോ എന്നറിയാനായി ഞങ്ങൾ യുഎൻ വെബ്‌സൈറ്റിൽ പരിശോധിച്ചു.
archived link | unog |
യുഎൻ മനുഷ്യാവകാശ അധ്യക്ഷയുടെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട് : "ഇന്ത്യയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യ മേഖലയിൽ വൻ കുറവ് വന്നിട്ടുണ്ട്. എന്നാൽ സമത്വം ഇപ്പോഴും ഗുരുതര പ്രശ്നമായി തുടരുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി പീഡനങ്ങൾ വർദ്ധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്." ഇത്രയുമാണ് മിഷേൽ ബേക്കലേറ്റ് (Michele Bachelet ) അവതരിപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയെപ്പറ്റി പരാമർശമുള്ളത്. വിവിധ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് മാത്രമാണിത്. ഇതിനെ ഇന്ത്യയ്ക്കുള്ള താക്കീതായി കരുതാനാകില്ല.
ഇന്ത്യയിലെ മുസ്ലീങ്ങളെ പശുവിന്‍റെ പേരില്‍ ഉപദ്രവിക്കരുതെന്നു നാന്‍സി പലോസി പറഞ്ഞതായി വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇതേപ്പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശീയ മാധ്യമങ്ങളില്‍ കൂടുതല്‍ പേരും റിപ്പോര്ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമത്തില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു എന്നാണ്. അല്ലാതെ ഇക്കാര്യത്തില്‍ ഇന്‍ഡ്യയ്ക്ക് താക്കീത് നല്കി എന്നല്ല.
Newsclick എന്ന വെബ്സൈറ്റ് 2019 ജൂലൈ 8നു ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ തബ്രേസ് അന്‍സാരിയുടെ കൊലപാതകത്തെപ്പറ്റി യുഎന്‍ റിപ്പോര്‍ട്ട് തേടി. ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ഇന്‍ഡ്യയില്‍ അരങ്ങേറുന്ന കൊലപാതകങ്ങളില്‍ യുഎന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുഎന്‍ അയച്ച കത്ത് ലഭിച്ചതായി പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡെല്‍ഹിയില്‍ നിന്നുമുള്ള സാകേത് ഗോഖലെ രംഗത്ത് വന്നു. അതിനെ അടിസ്ഥാനമായി അവലോകനം ചെയ്താല്‍ യുഎന്‍ ഇന്ത്യയിലെ ന്യൂനപക്ഷ ആക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ.
archived link | news click |
യുഎന്‍ പ്രമേയം പാസ്സാക്കി കഴിഞ്ഞാണ് സാധാരണ ഒരു രാജ്യത്തോട് വിശദീകരണം ആവശ്യപ്പെടുന്നത്. യുഎന്‍ ഒരു രാജ്യത്ത് സംഭവിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ചില മാനദണ്ഡങ്ങളും നിയമാവലികളും നടപടി ക്രമങ്ങളുമുണ്ട്. വെറുതെ ഒരു രാജ്യത്തിന് താക്കീത് നല്‍കാന്‍ യുഎന്നിന് സാധിക്കില്ല.
archived link | outreach |
നിഗമനം
ഈ വാർത്തയുടെ തലക്കെട്ടും വിവരണങ്ങളിലെ ചില ഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുഎൻ മനുഷ്യാവകാശ അധ്യക്ഷ അവതരിപ്പിച്ച വാര്‍ഷിക റിപ്പോർട്ടിൽ ഇന്ത്യയെ താകീത് ചെയ്തിട്ടില്ല. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഇന്ത്യ യുഎസ് പങ്കാളിത്ത സഹകരണ സമ്മേളനത്തിലും ഇന്ത്യയെ താക്കീത് ചെയ്യുന്ന പരാമർശങ്ങൾ ഉണ്ടായിട്ടില്ല. അതിനാൽ തെറ്റിധാരണ പരത്തുന്ന ഈ വാർത്തയോട് ശ്രദ്ധിച്ചു മാത്രം പ്രതികരിക്കാന്‍ വായനക്കാരോട് അപേക്ഷിക്കുന്നു.
Title:ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയെ താക്കീത് ചെയ്തോ..?
Fact Check By: Vasuki SResult: Mixture