
നിപ്പ വൈറസിന്‍റെ മൂന്നാം വരവില്‍ പരിഭ്രച്ചിരിക്കുകയാണ് ഏതാനം ദിവസങ്ങളായി മലയാളികള്‍. എന്നാല്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ടെസ്റ്റ് ചെയ്തവര്‍ നെഗറ്റീവായതോടെ ശുഭ പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിനിടയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ഫ്രൂട്ട് ബാറ്റ് ഇനത്തില്‍ പെടുന്ന വാവ്വാലുകളുമായി ബന്ധപ്പെടുത്തി പലതരം കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയമാണ് ചെത്തുകള്ളും വവ്വാലും. ചെത്ത് കള്ള് ഒഴുകി വരുന്ന മാട്ടുപ്പാനി അഥവാ കള്ള് കുടത്തിലേക്ക് ഊറി വരുന്ന ഭാഗത്ത് വവ്വാല്‍ ഇത് കുടിക്കാന്‍ എത്തുമെന്നും ഇത്തരത്തില്‍ ഒരു വീഡിയോ തെളിവുമായി ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വൈറലായിരിക്കുന്നത്. കള്ളു കുടിക്കുന്ന വരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. എന്ന തലക്കെട്ട് നല്‍കിയാണ് വാട്‌സാപ്പില്‍ വീഡിയോ പ്രചരിക്കുന്നത്.. ഫ്രഷ് കള്ള് എന്ന് പറയുന്നതിന് മുൻപ് ഇത് ഓർക്കുന്നത് നന്നായിരിക്കും.. എന്ന തലക്കെട്ട് നല്‍കി ഫസലു ഫൈസല്‍ ടിടി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം ലൈക്കുകളും 44,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വീഡിയോ-
വാട്‌സാപ്പ് പ്രചരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്-

എന്നാല്‍ നിപ്പാ മൂന്നാമതും എത്തിയതോടെ കോവിഡ് പ്രതിന്ധിയില്‍ നിന്നും കരകയറി തുടങ്ങിയ കള്ള് വ്യവസായ മേഖലയെ ഈ പ്രചരണങ്ങള്‍ വീണ്ടും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ വീഡിയോയെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ആരോഗ്യ മേഖലയിലെയും കള്ള് ചെത്ത്-വ്യവസായ മേഖലയിലെയും പ്രതിനിധികളുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ ശേഖരിച്ചു.
ആദ്യം തന്നെ കോഴിക്കോട് ജില്ലയിലെ മെഡിക്കില്‍ ഓഫിസിലെ നിപ്പാ സംശയ നനിവാരണ നമ്പറുമായി ബന്ധപ്പെട്ട് ചെത്ത് കള്ള് വില്‍പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പോ നിര്‍ദേശമോ നല്‍കിയിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത്. എന്നാല്‍ നിലവില്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച മറുപടി. നിപ്പാ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത 2018ല്‍ കള്ള് കുടിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് നിര്‍ദേശിച്ചിരുന്നു എന്നും ഓഫിസ് അറിയിച്ചു.
പിന്നീട് ആലപ്പുഴ ജില്ലയിലെ ചെത്ത് തൊഴിലാളി മേഖലയിലെ തൊഴിലാളി പ്രതിനിധിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷിച്ചു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇത് കേരളത്തിലെ തെങ്ങോ പനയോ ചെത്തുന്ന രീതിയല്ലെന്നും ചെത്ത് തൊഴിലാളി പ്രതിനിധി പറഞ്ഞു. മാട്ടുപ്പാനി അഥവ കുടത്തിലേക്ക് വലിയ പക്ഷികളോ മറ്റു ജീവികളോ കടന്ന് മധുരകള്ള് ചീത്തയാകാത്ത വിധമാണ് തെങ്ങില്‍ സ്ഥാപിക്കുന്നത്. വീഡിയോയിലുള്ളത് റബ്ബര്‍ ടാപ്പ് ചെയ്ത് ഒഴുകുന്ന പോലെയുള്ള രീതിയാണെന്നും ഇത് തെങ്ങിലും പനയിലും ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ രീതിയില്‍ തന്നെയാണ് കള്ള് ചെത്തി അരിച്ചു നല്‍കുന്നതെന്നും ചെത്ത് മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും തൊഴിലാളി പ്രതിനിധി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദഗ്ധരുടെ അഭിപ്രായം ഉള്‍പ്പടെ അന്വേഷിച്ച് വിവരങ്ങള്‍ ശേഖരിച്ചത് കൊണ്ട് തന്നെ കള്ളിലൂടെ നിപ്പ പകരുന്നതായോ തെങ്ങിലോ പനയിലോ നിപ്പാ വൈറസ് സാന്നദ്ധ്യമുള്ള വവ്വാലുകള്‍ കള്ള് കുടിക്കാന്‍ എത്തുന്നതായി യാതൊരു തെളിവുകളുമില്ല.
തെങ്ങില്‍ നിന്നും കള്ള് ചെത്തി മാട്ടുപ്പാനി ശാസ്ത്രീയമായി സുരക്ഷിതമായി വയ്ക്കുന്ന രീതി ഇങ്ങനെയാണ്. വീഡിയോ കാണാം-
ആരോഗ്യ വകുപ്പ് ഔദ്യോഗികമായി കള്ള് കുടിക്കരുതെന്ന അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലത്ത സാഹചര്യത്തില്‍ പ്രചരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലയെന്ന് അനുമാനിക്കാം.
