ജിഹാദി കുട്ടികള്‍ ഇന്ത്യയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

അന്തര്‍ദേശീയം | International വര്‍ഗീയം

ഇന്ത്യയില്‍ മതസ്പര്‍ദ്ധ മൂലം കുട്ടികള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

നിർത്തിയിട്ടിരിക്കുന്ന ട്രെയിന്‍റെ എഞ്ചിനില്‍  ഒരു കുട്ടി കല്ലെടുത്ത് അടിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. മറ്റ് കുട്ടികൾ ഈ എഞ്ചിന്‍റെ മുകളില്‍ കയറി നിൽക്കുന്നതും കാണാം. ഇന്ത്യയില്‍ ജിഹാദികള്‍ ചെയ്യുന്ന പണിയാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പുറത്തുള്ള പാകിസ്ഥാനെ നമുക്ക് ഭയപ്പെടേണ്ട കാര്യമില്ല . പക്ഷെ ഇന്ത്യയ്ക്കുള്ളിലുള്ള ആയിരക്കണക്കിന് മിനി-പാകിസ്ഥാനികളെ ഭയപ്പെട്ടേ പറ്റൂ.

ഈ കുട്ടി ജിഹാദി എന്താണ് ചെയ്യുന്നതെന്ന് നോക്കൂ.. അവന്റെ മതം അവനെ പഠിപ്പിക്കുന്നത് അതാണ്. തീവ്രവാദം, ബലാത്സംഗം, പൊട്ടിത്തെറി നികൃഷ്ട ജന്മങ്ങൾ. 😡😡😡

FB postarchived link

എന്നാൽ വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ളതാണെന്നും അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2025 ഡിസംബർ 28ന് ഫേസ്ബുക്ക് പേജിൽ സമാന വീഡിയോ പങ്കുവച്ചത് ലഭിച്ചു. 

കമലാപൂരിൽ നിന്നുള്ള വീഡിയോ ആണിതെന്ന അടിക്കുറിപ്പ് ഒപ്പമുണ്ട്. കമലാപൂർ ബംഗ്ലാദേശിലെ ധാക്കയിലുള്ള റെയിൽവേ സ്റ്റേഷനാണ്. 

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ട്രെയിൻ ഇന്ത്യയിലെതല്ലെന്ന് വ്യക്തമായി. ട്രെയിനിന്‍റെ എഞ്ചിൻ ഭാഗത്ത് ബംഗാളി ഭാഷയിലുള്ള വാക്കുകൾ അവ്യക്തമായി കാണാം. ബോഗിയിൽ ബംഗ്ലാദേശ് റെയിൽവേ ആണിതെന്ന സൂചനയില്‍ ‘BR’ എന്നും ബംഗാളി ഭാഷയിൽ “ഷോവൻ” (SHOVAN) എന്നും എഴുതിയിട്ടുണ്ട്. ബോഗിയിൽ ട്രെയിന്‍റെ പേര് എഴുതിയിരിക്കുന്ന ഭാഗത്തെ ‘Inter City’ എന്ന എഴുത്ത് കാണാം. ഇതിൽ നിന്നും ഇന്‍റര്‍സിറ്റി ട്രെയിൻ ആയിരിക്കാമെന്ന സൂചന ലഭിച്ചു.

ബോഗിയിൽ എഴുതിയിരിക്കുന്ന “ഷോവൻ” ബംഗ്ലാദേശിലെ  ട്രെയിനുകളിലുള്ള അഭിമുഖമായി ഇരിക്കാവുന്ന സീറ്റുകളുള്ള കോച്ചാണ്. ബെഞ്ച് പോലെയുള്ള സീറ്റുകളാണ് ഇതിലുള്ളത്.  മെയിലിലും ചില ഇന്‍റര്‍സിറ്റി ട്രെയിനുകളിലും ഈ സീറ്റുകൾ ലഭ്യമാണെന്ന് ബംഗ്ലാദേശ് റെയിൽവേയിലെ സീറ്റുകളെ കുറിച്ച് ലേഖനത്തിൽ പറയുന്നു. 

പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ന്യൂസ് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ ഞങ്ങള്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

ബംഗ്ലാദേശ് ട്രെയിനുകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. 

ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ബോഗികളുടെ നിറവും ഡിസൈനുകളും വ്യത്യസ്തമാണ്. വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല. 

നിഗമനം 

ജിഹാദികള്‍ ഇന്ത്യയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ജിഹാദി കുട്ടികള്‍ ഇന്ത്യയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False