സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീഡിയോ വൈറല്‍ ആകുന്നുണ്ട്.

പ്രചരണം

സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഓട്ടോ ഡ്രൈവര്‍ തന്‍റെ ഓട്ടോ വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ടശേഷം കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും കുട്ടി വിഫലമായി തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്‍റെ കൂടെ സഹകരിക്കാന്‍ അയാള്‍ കുട്ടിയെ നിര്‍ബന്ധിക്കുകയാണ്. ദൃശ്യങ്ങള്‍ ആരോ ദൂരെ നിന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാണ്.

ഇത് കേരളത്തില്‍ നടന്ന സംഭവമാണെന്ന് സൂചിപ്പിച്ച് കേരളത്തിലെ സ്കൂളുകളുടെയും കോളേജുകളുടെയും സ്ത്രീകളുടെയും മറ്റും ടാഗ്ലൈന്‍ ചേര്‍ത്ത് ഒപ്പമുള്ള മുന്നറിയിപ്പ് ഇങ്ങനെ: “കുട്ടികളെ ഇതുപോലെയുള്ള കാമ വെറിയൻമാരായ കാട്ടാളന്മാരുടെ റിക്ഷയിൽ സ്‌കൂളിൽ അയക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക....”

FB postarchivd link

ഓട്ടോറിക്ഷയുടെ നിറവും ഡിസൈനും കേരളത്തിനോടു സാമ്യമുള്ളതാണെങ്കിലും സംഭവം കേരളത്തില്‍ നടന്നതല്ലെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോ കേരളത്തില്‍ നടന്നതാണെന്ന് വിശ്വസിച്ച് നിരവധിപ്പേര്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച സമയത്ത് കുട്ടിയെ രക്ഷിക്കാമായിരുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങളും കമന്‍റുകളായി എത്തുന്നുണ്ട്. ഞങ്ങള്‍ വീഡിയോയെ കുറിച്ച് മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ സംഭവം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നടന്നതാണെന്നും ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടിയെന്നും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.

2024 മെയ് 10 ന് പ്രസിദ്ധീകരിച്ച എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ട് പ്രകാരം സംഭവം ഇങ്ങനെ: “ബുധനാഴ്ച ഉച്ചയ്ക്ക് നാഗ്പൂരിലെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പകർത്തിയ ദൃശ്യങ്ങൾ പോലീസിന് കൈമാറിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വീഡിയോയിൽ, പ്രതി 15 വയസ്സുകാരിയെ തന്നിലേക്ക് വലിച്ചിഴച്ച് ബലമായി ചുംബിക്കാൻ ശ്രമിക്കുന്നത് കാണാം. പെൺകുട്ടി ഇയാളിൽ നിന്ന് പിന്തിരിഞ്ഞ് ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ ആംഗ്യം കാണിക്കുന്നത് കാണാം. അടുത്ത ഷോട്ടിൽ അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്ത് ഫ്രെയിമിൽ നിന്ന് അകന്നു പോകുന്നത് കാണിക്കുന്നു.

തുടർന്ന് പോലീസ് സംഭവം നടന്ന സ്ഥലത്തേക്ക് പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഡ്രൈവറെ കണ്ടെങ്കിലും അയാളുടെ ഓട്ടോ നമ്പർ ക്ലിപ്പുകളിലൊന്നും കാണാനില്ലായിരുന്നു. എന്നാൽ, വാഹനത്തിൽ ഒരു മെഴ്‌സിഡസ് ലോഗോ കണ്ടാണ് ഉദ്യോഗസ്ഥർ പ്രതിയിലേയ്ക്ക് എത്തിയത്.

"ഓട്ടോയുടെ രണ്ട് വശത്തും രണ്ട് മെഴ്‌സിഡസ് ലോഗോകൾ ഉണ്ടായിരുന്നു. ഞങ്ങൾ അടുത്തുള്ള ഒരു ഓട്ടോ സ്റ്റാന്‍റില്‍ പോയി, വാഹനം കണ്ടെത്തി. വീഡിയോ കാണിച്ച് ഇയാളെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചു," പോലീസ് ലക്ഷ്മൺ കേന്ദ്രേ പറഞ്ഞു. യൂണിഫോമിൽ സ്‌കൂളിന്‍റെ പേരുണ്ടായിരുന്നു അങ്ങനെയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഞെട്ടിപ്പോയ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. പ്രതിയെ കുടുംബത്തിന് അടുത്തറിയാം. പെൺകുട്ടിയെ ദിവസവും സ്കൂളിലേക്ക് കൊണ്ടുപോകുന്നതും വിളിച്ച് കൊണ്ടുവരുന്നതും ഇതേ ഓട്ടോ ഡ്രൈവര്‍ തന്നെയാണ്. രക്ഷിതാക്കൾ പരാതി നൽകിയില്ലെങ്കിലും ഞങ്ങൾ സ്വന്തം നിലയ്ക്ക് എഫ്ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.

കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. പെരുമാറ്റം ശ്രദ്ധിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.” ഇത്തരം കേസുകളിൽ രക്ഷിതാക്കളോട് പരാതി നൽകണമെന്നും ഇൻസ്പെക്ടർ നിർദേശിച്ചു. പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈറല്‍ വീഡിയോയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങള്‍ എല്ലാവരും സംഭവം നാഗ്പൂര്‍ നടന്നതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആ വഴി സഞ്ചരിക്കുകയായിരുന്ന ദമ്പതികളാണ് സംഭവം ചിത്രീകരിച്ചതെന്നും പൊക്സോ പ്രകാരം കേസ് ഫയല്‍ ചെയ്തുവെന്നും ഫ്രീ പ്രെസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കേരള പോലീസ് മീഡിയ സെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി വി പ്രമോദ് കുമാറിനോട് സംഭവത്തെ കുറിച്ചു ചോദിച്ചു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളതാവാം എന്ന് ഫാക്റ്റ് ക്രെസന്‍ഡോയോട് വിശദമാക്കി. സംഭവത്തെ കുറിച്ച് നാഗ്പൂര്‍ സോണല്‍ ഡി‌സി‌പി വിജയകാന്ത് സാഗറിന്‍റെ വിശദീകരണം ചേര്‍ത്ത് യു‌സി‌എന്‍ ന്യൂസ് ലൈവ് എന്ന മാധ്യമം നല്കിയ ന്യൂസ് ബുള്ളറ്റിന്‍ കാണാം:

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഓട്ടോ ഡ്രൈവര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ ഓംകാര്‍ നഗറില്‍ നടന്ന സംഭവമാണിത്. ദൃശ്യങ്ങള്‍ക്ക് കേരളവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിലെതല്ല, വസ്തുത അറിയൂ...

Fact Check By: Vasuki S

Result: MISLEADING