
മുസ്ലിം യുവാവ് ഹിന്ദു യുവതിയെ ഉപദ്രവിക്കുന്നു എന്നാ വിവരണത്തോടെ ഒരു പുരുഷൻ ഒരു സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്.
പ്രചരണം
ഒരു യുവതിയെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. സമീപത്ത് കുറച്ച് സ്ത്രീകൾ ഇടപെടാനും തടയാനും ശ്രമിക്കുന്നത് കാണാം, എന്നാല്‍ അയാള്‍ അതൊന്നും വകവയ്ക്കാതെ ആക്രമണം തുടരുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതി ഹിന്ദുവാണെന്നും അവളെ ആക്രമിക്കുന്ന യുവാവ് അവളുടെ മുസ്ലീം ഭർത്താവാണെന്നും ലവ് ജിഹാദിന് ഇരയാകുന്ന ഹിന്ദു യുവതികള്‍ക്ക് ഇതാണ് അനുഭവമെന്നും സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെൺകുട്ടിയുടെ അവസ്ഥ
പശ്ചിമ ബംഗാളിലെ സോദേപൂരിൽ നിന്നുള്ള 25 വയസ്സുള്ള നന്ദിനി റാവു എന്ന ഹിന്ദു പെൺകുട്ടി ആര്യൻ ഖാൻ എന്ന ജിഹാദിയുമായി പ്രണയത്തിലായി
വിവാഹം കഴിഞ്ഞു
വിവാഹത്തെ തുടർന്ന് മതം മാറാൻ താല്പര്യമില്ലാത്തതിന്റെ പേരിൽ ആ പെൺകുട്ടി അനുഭവിക്കുന്ന സന്തോഷവും സമാധാനവുമാണ് നിങ്ങൾ ഈ കാണുന്നത്
ചോയ്സ് ആണ് പുള്ളേ ചോയ്സ്”
എന്നാല്‍ ഈ സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ലെന്നും ദമ്പതികളായ ഇരുവരും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2025 ജൂൺ 19-ന് ഇന്ത്യാ ന്യൂസ് യുപി/യുകെയിൽ വന്ന ഒരു എക്സ് പോസ്റ്റ് ലഭിച്ചു. വൈറല്‍ വീഡിയോയിലെ സംഭവത്തെ കുറിച്ചാണ് റിപ്പോര്‍ട്ട്.
വിശദാംശങ്ങൾ അനുസരിച്ച്, സംഭവം നടന്നത് ഉത്തർപ്രദേശിലെ ഹാപൂരിലാണ്, വീഡിയോയിൽ കാണുന്ന പുരുഷനും സ്ത്രീയും ഭാര്യാഭർത്താക്കന്മാരാണ്.
ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോൾ, 2025 ജൂൺ 26 ഹാപൂർ പോലീസ് X ഹാന്‍റിലില്‍ പോസ്റ്റ് ചെയ്ത വിശദീകരണം ലഭിച്ചു.
വൈറൽ വീഡിയോയിൽ മുസ്ലീം ദമ്പതികൾ തമ്മിലുള്ള ഗാർഹിക തർക്കമാണ് കാണുന്നതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ (എക്സ്/ട്വിറ്റർ, ഇൻസ്റ്റാഗ്രാം മുതലായവ) ഹിന്ദു-മുസ്ലീം വര്‍ഗീയ പ്രശ്‌നമായി തെറ്റായി ചിത്രീകരിക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. സ്ത്രീയെ ആക്രമിച്ച പുരുഷൻ അവരുടെ ഭർത്താവാണ്, ഇരുവരും മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. ഏകദേശം ഒന്നര മാസം മുമ്പാണ് സംഭവം നടന്നത്. ഹാപൂർ നഗർ പോലീസ് സ്റ്റേഷനിൽ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ദമ്പതികൾ ഇപ്പോൾ പരസ്പര സമ്മതത്തോടെയും സഹകരണത്തോടെയും ഒരുമിച്ച് താമസിക്കുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് തെറ്റായ വർഗീയ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമനടപടികൾക്കായി അത്തരം പോസ്റ്റുകൾ പങ്കിടുന്ന മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. വീഡിയോയുമായി ബന്ധപ്പെട്ട വർഗീയ അവകാശവാദങ്ങൾ ഹാപൂർ പോലീസ് പൂർണ്ണമായും നിഷേധിച്ചുകൊണ്ടാണ് വിശദീകരണം പോസ്റ്റ് ചെയ്തിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ഹാപൂർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നരേന്ദ്രനുമായി സംസാരിച്ചു. സംഭവത്തിന് യാതൊരുവിധ വര്‍ഗീയമോ സാമുദായികമോ ആയ കോണുകളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “വീഡിയോയിൽ കാണുന്നത് മുസ്ലീം ദമ്പതികൾ തമ്മിലുള്ള ഗാർഹിക തർക്കമാണ്. 2025 ജനുവരി 05 ന് ഹാപൂർ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനത്തിന് സ്ത്രീ ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു. പിന്നീട് ദമ്പതികൾ അനുരഞ്ജനത്തിലായി, ഇപ്പോൾ ഒരുമിച്ച് താമസിക്കുന്നു. ഇരുവരും മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. സംഭവത്തെ വർഗീയ കണ്ണിലൂടെ കാണരുത്. ഇരയുടെയും പ്രതിയുടെയും ഐഡന്‍റിറ്റി വെളിപ്പെടുത്താന്‍ തല്‍ക്കാലം ബുദ്ധിമുട്ടാണ്”.
യുപിയിലെ ഹാപൂരിൽ ദമ്പതികൾ ഉൾപ്പെട്ട ഗാർഹിക പീഡനമാണ് തെറ്റായ വർഗീയ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
നിഗമനം
പശ്ചിമ ബംഗാളിലെ സോദേപൂരിൽ നിന്നുള്ള 25 വയസ്സുള്ള നന്ദിനി റാവു എന്ന ഹിന്ദു പെൺകുട്ടി ആര്യൻ ഖാൻ എന്ന ജിഹാദിയുമായി പ്രണയത്തിലാവുകയും വിവാഹ ശേഷം മതം മാറാന്‍ തയ്യാറാകാത്തതിന്‍റെ പേരില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് യുപിയിലെ ഹാപ്പൂരില്‍ മുസ്ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ദമ്പതികള്‍ തമ്മിലുള്ള വഴക്കിന്‍റെയും ഗാര്‍ഹിക അക്രമത്തിന്‍റെയും ദൃശ്യങ്ങളാണ്. സംഭവത്തിന് യാതൊരു വര്‍ഗീയ തലങ്ങളുമില്ലെന്ന് പോലിസ് വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:പശ്ചിമ ബംഗാളില്‍ ലവ് ജിഹാദിന് ഇരയായ ഹിന്ദു യുവതിയെ മുസ്ലിം യുവാവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് വര്‍ഗീയ കോണില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…
Written By: Vasuki SResult: False
