മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്…

വര്‍ഗീയം സാമൂഹികം

മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ ഹജ്ജ്, ഉംറ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നുവെന്ന തരത്തില്‍  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം  

മുസ്ലിം ആരാധാനാലയം എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരുക്കിയ അങ്കണത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വലംവച്ച് നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്നതിന് സമാനമായ വസ്ത്രങ്ങള്‍ കുട്ടികള്‍ ധരിച്ചിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ഇസ്ലാം മത ആചാരങ്ങള്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “
*ഇതെന്താണ് കാണുന്നത്!?* 

മലപ്പുറത്തെ മുസ്ലീംലീഗ് നേതാവിൻ്റെ ഗവൺമെൻ് aided പൊതു വിദ്യാലയത്തിൽ ഹജ്ജിന് പോയി ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നു! 

സ്കൂൾ അങ്കണത്തിൽ ഉംറ അനുഷ്ഠിക്കാനുള്ള വേദി ഒരുക്കി ഹജ്ജ് തീർത്ഥാടകരുടെ വേഷ വിധാനത്തിൽ കുട്ടികളെ ഒരുക്കി അവരെ കൊണ്ട് ഉംറ അനുഷ്ഠാനം പരിശീലിപ്പിക്കുക എന്നത് ഈ നാട് എവിടെ എത്തി നിൽക്കുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തം!”

FB postarchived link

എന്നാല്‍  ദൃശ്യങ്ങള്‍ക്ക്  സര്‍ക്കാര്‍ സ്‌കൂളുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. കാസര്‍ഗോഡ് തൃക്കരിപ്പൂരുള്ള എബിഎസ് ഗ്ലോബല്‍ എന്ന സ്വകാര്യ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. 

വസ്തുത ഇങ്ങനെ 

ദൃശ്യങ്ങളില്‍  ‘കഅബ’ പോലെ ഒരുക്കിയ സ്ഥലത്തിന് ചുറ്റും നോക്കിയാല്‍ ഇത് ഒരു സ്കൂള്‍ ആണെന്ന് വ്യക്തമാകുന്നുണ്ട്. ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴസ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ കാസര്‍ഗോഡ്‌ തൃക്കരിപ്പൂരുള്ള ‘എബിഎസ് ഗ്ലോബല്‍ എന്ന സ്വകാര്യ സ്‌കൂള്‍ ആണിതെന്ന് സൂചനകള്‍ ലഭിച്ചു.  

ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ എബിഎസ് ഗ്ലോബല്‍ സ്‌കൂളിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ലഭിച്ചു. സ്‌കൂളിന്‍റെ  സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചപ്പോള്‍ വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റ് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈദ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷ  പരിപാടിയുടെ വീഡിയോ ആണിതെന്ന് സ്റ്റേജിലെ ബാനറില്‍ നിന്ന് മനസ്സിലാകുന്നു. എബിഎസ് ഗ്ലോബല്‍ സ്‌കൂളിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ജൂണ്‍ 3ന് വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

https://www.instagram.com/abs_global_school/reel/DKcKHX_xeUo

കളറിംഗ് മത്സരവും മറ്റ് പരിപാടികളും  ഉണ്ടായിരുന്ന ആഘോഷത്തിന്‍റെ വീഡിയോയിലെ ഹജ്ജ് അവതരണ ദൃശ്യങ്ങള്‍ മാത്രം എഡിറ്റ്‌ ചെയ്തെടുത്താണ് പ്രചരണം നടത്തുന്നത്.  

കൂടുതലറിയാനായി ഞങ്ങള്‍ എബിഎസ് ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചു. “സ്കൂളില്‍ നടന്ന ഈദ് ആഘോഷങ്ങളുടെ ദൃശ്യങ്ങളില്‍ നിന്നും കുറച്ച് ഭാഗം മാത്രമെടുത്ത് ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.  മുസ്ലീം മാനേജ്‌മെന്‍റ്  നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാകാര്യ അണ്‍ എയ്ഡഡ് സ്‌കൂളാണിത്. സ്‌കൂളില്‍ മദ്രസ പ്രവര്‍ത്തിക്കുന്നുണ്ട്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയാണിത്. മദ്രസയിലെ ആറാം ക്ലാസിലെ പാഠ്യപദ്ധതിയിലുള്ള ഹജ്ജിനെപ്പറ്റി കുട്ടികള്‍ സ്കിറ്റ് അവതരിപ്പിച്ചതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികള്‍ക്ക് ഇങ്ങനെയുള്ള അവതരണത്തിലൂടെയാണ് പല പ്രധാനപ്പെട്ട കാര്യങ്ങളും പകര്‍ന്നു നല്‍കുന്നത്. ഈദ് മാത്രമല്ല എല്ലാ ആഘോഷങ്ങളെ കുറിച്ചും ഞങ്ങള്‍ ഇത്തരം അവതരണത്തിലൂടെ കുട്ടികള്‍ക്ക് പറഞ്ഞു നല്‍കാറുണ്ട്. ഞങ്ങളുടെ ആഘോഷത്തിന്‍റെ  ചെറിയൊരു ഭാഗം മാത്രമെടുത്ത് വര്‍ഗീയ കോണില്‍ പ്രചരിപ്പിക്കുന്നതിനെ അങ്ങേയറ്റം അപലപിക്കുന്നു.” 

പരിസ്ഥിതി ദിനം, ഡോക്ടേഴ്‌സ് ഡേ തുടങ്ങി സ്‌കൂളില്‍ ആഘോഷിച്ച വിവിധ പരിപാടികളുടെ വീഡിയോകളും  സ്‌കൂളിന്‍റെ  ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ സ്കൂളുകള്‍ കൂടാതെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ലഭിക്കില്ല. വിദ്യാഭ്യാസ വകുപ്പിന്‍റെ  ഇ-സുരക്ഷാ പോര്‍ട്ടലില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭ്യമാണ്. ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ എബിഎസ് ഗ്ലോബല്‍ സ്‌കൂളിന്‍റെ പേരില്ല. 

സര്‍ക്കാര്‍ സ്കൂളില്‍ ഹജ്ജ് തീര്‍ഥാടനത്തെപ്പറ്റിയുള്ള പരിശീലനം നല്‍കുന്നു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍  വ്യക്തമായിട്ടുണ്ട്.

നിഗമനം 

മലപ്പുറത്തെ മുസ്ലീംലീഗ് നേതാവിൻ്റെ ഗവൺമെൻ് എയ്ഡഡ് പൊതു വിദ്യാലയത്തിൽ ഹജ്ജിന് പോയി ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ കാസര്‍ഗോഡ്‌ തൃക്കരിപ്പൂരുള്ള  എബിഎസ് ഗ്ലോബല്‍ എന്ന സ്വകാര്യ മുസ്ലിം മാനേജ്മെന്‍റ് സ്കൂളില്‍ ഈദ് ആഘോഷത്തിന്‍റെ ഭാഗമായി നടന്ന പരിപാടികളില്‍ നിന്നും കുറച്ചു ദൃശ്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ സ്കൂളുകളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ ഉംറ ചെയ്യാന്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ സത്യമിതാണ്…

Written By: Vasuki S  

Result: False