വർഷാവസാനം പരീക്ഷകൾക്കുശേഷം മധ്യവേനൽ അവധിക്കായി സ്കൂളുകൾ ഇക്കഴിഞ്ഞ മാർച്ച് 30ന് അടക്കുകയുണ്ടായി. പരീക്ഷകൾ അവസാനിച്ച ശേഷം അവസാന സ്കൂള്‍ ദിനം കുട്ടികൾ ആഹ്ളാദിക്കുന്ന ചില ചിത്രങ്ങളും വീഡിയോകളും കൗതുകപൂര്‍വം മാധ്യമങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുട്ടികൾ സന്തോഷം പങ്കിടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി കാഴ്ചയിൽ ആശങ്ക ഉളവാക്കുന്ന മറ്റൊരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

പ്രചരണം

പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ സ്കൂളുകളിലെ ബെഞ്ചുകളും ഡെസ്ക്കുകളും ക്ലാസ് മുറിയും ഉപകരണങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസ് റൂമിൽ നിന്ന് തന്നെ ആരോ സ്വകാര്യമായി ചിത്രീകരിച്ച വീഡിയോ അണിത് എന്ന് അനുമാനിക്കുന്നു. ദൃശ്യങ്ങൾ കേരളത്തിലെതാണ് എന്ന് അവകാശപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “Government should take action against these students now itself otherwise this will happened in other schools as well

ഇതും നമ്മുടെ സ്വന്തം കേരളത്തിൽ ആണ് വിദ്ധാർത്ഥികളുടെ സ്നേഹ പ്രകടനം പഠിച്ച വിദ്യാലയത്തോട് 🙏🙏🙏”

FB postarchived link

ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ കുട്ടികൾ സംസാരിക്കുന്നത് തമിഴ് ഭാഷയിലാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു ഈ സൂചന ഉപയോഗിച്ച് ഞങ്ങളുടെ തമിഴ് ടീം വീഡിയോയെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ പലക്കോട് അടുത്ത് മല്ലപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഭവമാണ് എന്ന് വ്യക്തമാക്കുന്ന മാധ്യമ വാർത്തകൾ ലഭ്യമായി.

മാർച്ച് 9നാണ് വാർത്തകൾ ഇതുമായി ബന്ധപ്പെട്ട പുറത്തുവന്നിട്ടുള്ളത്.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട പല മാധ്യമങ്ങളും വാർത്ത നൽകിയതായി കണ്ടു വീഡിയോയിൽ നിന്നുള്ള ഫ്രെയിമുകള്‍ മാധ്യമങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം മുഖ്യ വിദ്യാഭ്യാസ ഓഫീസർ കെ ഗുണശേഖരൻ സർക്കാർ തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുട്ടികളിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുന്നു.

പരീക്ഷ എഴുതാൻ കുട്ടികൾക്ക് അനുവാദം നൽകിയിട്ടുണ്ട് എന്നാൽ ക്ലാസിൽ ഹാജരാവാൻ കുട്ടികൾക്ക് അനുവാദം ഉണ്ടായിരിക്കില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കേരളത്തിലാണ് ഈ സംഭവം ഉണ്ടായതെങ്കിൽ തീർച്ചയായും അത് മാധ്യമ വാർത്ത ആകുമായിരുന്നു. സംഭവത്തെ കുറിച്ച് ചര്‍ച്ചകളും ഉണ്ടാകുമായിരുന്നു. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ മല്ലപുരം സർക്കാർ സ്കൂളിലാണ് സംഭവം ഉണ്ടായതെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളിലും വ്യക്തമാക്കുന്നുണ്ട്. കേരളത്തിലാണ് സംഭവം നടന്നതെന്ന് ഒരു മാധ്യമത്തിലും റിപ്പോർട്ടുകളില്ല.

ഞങ്ങളുടെ പ്രതിനിധി വിദ്യാഭ്യാസ ഓഫീസർ കെ. ഗുണശേഖരനുമായി സംസാരിച്ചു: “ഈ സംഭവം ധര്‍മപുരി ജില്ലയിലെ മല്ലപുരം ഗവൺമെന്‍റ് സ്കൂളിൽ നടന്നതാണ്. മാര്‍ച്ച് ആറിനോ ഏഴിനോ ആണ് സംഭവം നടന്നത്. വിദ്യാര്‍ഥികള്‍ അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ തുടങ്ങിയതാണ് എന്നാണ് പറയുന്നത്. കുട്ടികളായതിനാല്‍ പോലീസ് കേസൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ കുട്ടികളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 11, 12 ക്ലാസ് വിദ്യാർത്ഥികൾ ആണ് അക്രമം നടത്തിയത്. ഭാവിയെ ബാധിക്കുന്ന കാര്യമായതിനാല്‍ പരീക്ഷ എഴുതാന്‍ കുട്ടികളെ അനുവദിക്കും. ഇപ്പോള്‍ സ്കൂളില്‍ കാര്യങ്ങളെല്ലാം ശാന്തമായി. അപ്പോഴാണ് വീഡിയോ വൈറലായി തുടങ്ങിയത്.”

ഈ സംഭവം കേരളത്തിൽ നടന്നതല്ല

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ് വിദ്യാർത്ഥികൾ ക്ലാസ്റൂം ഉപകരണങ്ങൾ തല്ലി തകർക്കുന്ന ദൃശ്യങ്ങൾ കേരളത്തിലെ സ്കൂളിൽ നിന്നുള്ളതല്ല. തമിഴ്നാട് ധർമ്മപുരി ജില്ലയിലെ മല്ലപുരം സർക്കാർ സ്കൂളിലെ 11, 12 ക്ലാസ് വിദ്യാർത്ഥികളാണ് ക്ലാസ് റൂമിൽ ഇത്തരത്തിൽ അക്രമം ഉണ്ടാക്കിയത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വിദ്യാർത്ഥികള്‍ ക്ലാസ്സ്റൂം തല്ലിതകര്‍ക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്, കേരളത്തിലെതല്ല...

Fact Check By: Vasuki S

Result: MISLEADING