
ഒരു യുവതിയും ഏതാനും പേരും ചേർന്ന് യുവാവിനെ നടുറോഡിൽ മർദ്ദിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വർഗീയ അവകാശവാദവുമായി പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഒരു സ്ത്രീ ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി വന്ന് ഒരു യുവാവിനെ കോളറിൽ വലിച്ചിഴച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ദൃശ്യങ്ങള്‍ കാണാം. വലിച്ചിഴച്ച് കൊണ്ടുപോകുന്നയാൾ കാവി ഷോള്‍ ധരിച്ചിരിക്കുന്നതായി കാണാം. സ്ത്രീയും രണ്ട് പുരുഷന്മാരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്തും ഒപ്പം ആക്രോശത്തോടെ എന്തൊക്കെയോ പറയുന്നതും കേള്‍ക്കാം. തട്ടമിട്ട യുവതി മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് യുവാവ് തട്ടം അഴിക്കാൻ ആവശ്യപ്പെട്ടു എന്നും ഹിന്ദുവായി യുവതി തിരിച്ച് യുവാവിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും വാദിച്ച് ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഒരു ഹിന്ദു മത സഹോദരി സൂര്യൻറ ചൂടിൽ നിന്നും സംരക്ഷണം കിട്ടാൻ തലമറച്ച് പോകുന്നു. ഇത് കണ്ട സംഘി തട്ടം ഇട്ട മുസ്ലിം സ്ത്രീ എന്ന് കരുതി എതിർക്കുന്നു. ബാക്കി എല്ലാം വീഡിയോ പറയും. 😂😂👏”
എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ തെറ്റായ അവകാശവാദമാണ് വീഡിയോയുടെ കൂടെ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായി. ഈ സംഭവത്തിന് ജാതിയോ മതമോ ആയി യാതൊരു ബന്ധവുമില്ല
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോയുടെ കീഫ്രെയിമുകളിലൊന്നിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ , 2022 ജൂൺ 15-ന് വണ്‍ ഇന്ത്യ മാധ്യമത്തിന്‍റെ ഹിന്ദി പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് കണ്ടെത്തി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഖുറൈയിലാണ് സംഭവം നടന്നത്. തഹസിൽദാർ ഓഫീസിന് സമീപമുള്ള റോഡിൽ വെച്ച് തന്നോട് മോശം പരാമർശം നടത്തിയതിന് യുവാവിനെ യുവതി മർദ്ദിക്കുകയായിരുന്നു. എന്നാൽ പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടു.
വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാസ്‌കർ പങ്കുവെച്ച വീഡിയോയിൽ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് കാണാം. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെ മർദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒരു വാർത്താ റിപ്പോർട്ടിലും യുവതി തലയില്‍ തട്ടമിട്ടിരുന്നു എന്നോ യുവാവ് അത് നീക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നോ പരാമർശിക്കുന്നില്ല. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഞങ്ങള്‍ സംഭവം നടന്ന ഖുറൈ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഖുറൈ എസ് ഐ രാവേന്ദ്ര സിംഗ് ചൌഹാന്‍ നല്കിയ മറുപടി ഇങ്ങനെയാണ്: ഖുറൈയിലാണ് സംഭവം നടന്നത്. എന്നാല്‍ ഇതിന് ഹിന്ദു-മുസ്ലിം തലങ്ങളൊന്നുമില്ല. അതൊക്കെ നുണ പ്രചരണങ്ങളാണ്. ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി യുവതിയോട് മോശം ഭാഷയില്‍ സംസാരിച്ചു. യുവതി നടുറോഡില്‍ ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഇതേപ്പറ്റി ആരും ഒരു പരാതിയും ഇവിടെ നല്‍കിയിട്ടില്ല.
പോസ്റ്റില്‍ നൽകിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിവരണമാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സംഭവത്തിന് വർഗ്ഗീയമായ യാതൊരു മാനങ്ങളുമില്ല. തന്നോട് അപമര്യാദയായി പെരുമാറിയതിന് യുവതി യുവാവിനെ മർദ്ദിക്കുകയാണുണ്ടായത്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. തലയില്‍ തട്ടമിട്ട് മറച്ചതിനാൽ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് യുവാവ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നത് തെറ്റായ പ്രചരണമാണ്. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി നടുറോഡിൽ കൈകാര്യം ചെയ്യുകയാണുണ്ടായത്. അല്ലാതെ സംഭവത്തിന് സാമുദായികമായോ വർഗ്ഗീയമായോ യാതൊരു മാനങ്ങളും ഇല്ല എന്ന് സംഭവം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുവതി യുവാവിനെ നടുറോഡില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുടെ സത്യമറിയൂ…
Fact Check By: Vasuki SResult: False
