
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് അമേരിക്കയുടെ വൈറ്റ് ഹൌസ് ഫോളോ ചെയ്യുന്ന ഒരേയൊരു വിദേശ നേതാവിന്റെ അക്കൗണ്ടാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ നിലവിൽ വൈറ്റ് ഹൌസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വാദിക്കുന്നത് ഇങ്ങനെയാണ്: അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ആസ്ഥാനമായ വാഷിംഗ്ടണിലെ വൈറ്റ് ഹൌസിന്റെ ട്വിറ്റർ ഹാൻഡിൽ ഫോളോ ചെയ്യുന്ന 19 ട്വിറ്റർ അക്കൗണ്ടിൽ 5 ഭാരതതിലെതാണ്. ഈ 5 അക്കൗണ്ടുകൾ പ്രധാനമന്ത്രി, രാഷ്ട്രപതി, ഇന്ത്യയിൽ അമേരിക്കൻ എംബസിയും അംബാസഡറുടെയും അക്കൗണ്ടുകൾക്കൊപ്പം പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ടാണ്. ഇന്ത്യയ്ക്ക് അമേരിക്ക നൽകുന്ന പ്രത്യേക അംഗീകാരമാണ് ഇതിലൂടെ നമ്മൾ മനസിലാക്കേണ്ടത് എന്നും വീഡിയോയിൽ അവകാശപ്പെടുന്നു.
എന്നാൽ എന്താണ് ഇതിന്റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ നിന്ന് നമുക്ക് മനസിലാവുന്നത് ഈ വാർത്ത നിലവിലെതല്ല എന്നാണ്. നിലവിലെ ഇന്ത്യൻ രാഷ്ട്രപതി ശ്രിമതി ദ്രൗപദി മൂർമു ആണ്, രാമനാഥ് കോവിന്ദല്ല. അതെപോലെ നിലവിലെ അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ് അല്ല ജോ ബൈഡനാണ്. അങ്ങനെ ഈ വീഡിയോ കുറഞ്ഞതും രണ്ട് വർഷമെങ്കിലും പഴയതായിരിക്കണം.
ഞങ്ങൾ വൈറ്റ് ഹൌസിന്റെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ നിലവിൽ വൈറ്റ് ഹൌസ്, അമേരിക്കയുടെ രാഷ്ട്രപതി, രാഷ്ട്രപതിയുടെ ഭാര്യ, ഉപരാഷ്ട്രപതി അവരുടെ ഭർത്താവ്, വൈറ്റ് ഹൌസിന്റെ കോവിഡ് റെസ്പോൺസ് ടീ൦ എന്നി 5 അക്കൗണ്ടുകളെ മാത്രമാണ് ഫോളോ ചെയ്യുന്നത്.

2020ൽ പക്ഷെ വൈറ്റ് ഹൌസ് മുകളിൽ പറഞ്ഞ 5 അക്കൗണ്ടുകൾ ഫോളോ ചെയ്തിരുന്നു. കുറച്ച് മാസങ്ങൾ ഈ അക്കൗണ്ടുകൾ ഫോളോ ചെയ്തതിനു ശേഷം വൈറ്റ് ഹൌസ് ഇവരെ അന്ഫോളോ ചെയ്തു. ഇവരെ ഫോളോ ചെയ്തശേഷം അൻഫോളോ ചെയ്തതിന്റെ വിശദികരണവും വൈറ്റ് ഹൌസ് നൽകിയിരുന്നു. വിശദികരണം ഇങ്ങനെ:
“അമേരിക്കൻ രാഷ്ട്രപതി വിദേശത്ത് പോകുമ്പോൾ അദ്ദേഹം പോകുന്ന രാജ്യത്തിന്റെ നേതാക്കളുടെ അക്കൗണ്ടുകൾ ട്വിറ്ററിൽ വൈറ്റ് ഹൌസ് ഫോളോ ചെയ്യാറുണ്ട്. ഫെബ്രുവരിയിൽ രാഷ്ട്രപതി ട്രംപ് ഇന്ത്യ സന്ദർശനം നടത്തുമ്പോഴാണ് ഈ അക്കൗണ്ടുകൾ ഞങ്ങൾ ഫോളോ ചെയ്തത്. ട്വിറ്ററിൽ ഈ രാജ്യങ്ങൾ അമേരിക്കൻ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ട്വീറ്റ് ചെയ്യുമ്പോൾ അത് റീട്വീറ്റ് ചെയ്യാനാണ് കുറച്ച് സമയത്തിന് വേണ്ടി ഞങ്ങൾ ഈ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നത്.”
ഈ കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രിവാസ്തവയും സ്ഥിരീകരിച്ചിരുന്നു.

വാർത്ത വായിക്കാൻ – Deccan Herald | Archived Link
നിഗമനം
സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്ന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2020ൽ അമേരിക്കൻ രാഷ്ട്രപതിയുടെ ഇന്ത്യ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് സമയത്തിന് വേണ്ടിയാണ് വൈറ്റ് ഹൌസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള 5 ഇന്ത്യൻ അക്കൗണ്ടുകൾ ട്വിറ്ററിൽ ഫോളോ ചെയ്തത്. ഇവർ പിന്നീട് അൻഫോളോയും ചെയ്തു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി
ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച്
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ട്വിറ്ററിൽ പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൌസ് നിലവിൽ ഫോളോ ചെയ്യുന്നില്ല …
Fact Check By: Mukundan KResult: Misleading
