
മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ അസുഖത്തെ തുടർന്ന് അങ്കമാലിയിലെ അപ്പോളോ ആഡ്ലസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടുവെന്ന വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു. തുടർന്ന് അദ്ദേഹം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി എന്നും വാർത്തകൾ വന്നു. ഇപ്പോൾ അദ്ദേഹത്തെ പറ്റി ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
പ്രചരണം
ശ്രീനിവാസൻ നിര്യാതനായി എന്നു സൂചിപ്പിച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്.

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൂർണ്ണമായും വ്യാജ പ്രചരണമാണ് ശ്രീനിവാസന്റെ പേരിൽ നടക്കുന്നത് എന്ന് വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ അന്വേഷിച്ചു നോക്കിയപ്പോൾ വാർത്താമാധ്യമങ്ങളാരും ഇത്തരത്തിലൊരു വാര്‍ത്ത നൽകിയിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ പ്രചരണം നടക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആഡ്ലസ് ആശുപത്രി അധികൃതരുടെ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കിയതായി പല മാധ്യമങ്ങളും വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ അങ്കമാലിയിൽ അപ്പോളോ പ്ലസ് ആശുപത്രിയുമായി അധികൃതരുമായി പോയി സംസാരിച്ചിരുന്നു. അവിടെനിന്നും പബ്ലിക്ക് റിലേഷന്‍സ് ആന്റ് ബ്രാന്റിങ് വിഭാഗം ഉദ്യോഗസ്ഥന് വിനയ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ്: “സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. സർജറിക്ക് ശേഷം അദ്ദേഹം ഇവിടെ ചികിത്സയിലാണ്. ചികില്‍സയോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഇത് വ്യക്തമാക്കി ഞങ്ങൾ ബുള്ളറ്റിനിൽ നൽകിയിരുന്നു. മാധ്യമങ്ങൾക്ക് ഇക്കാര്യം കൈമാറിയിട്ടുണ്ട്.”
നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിംഗ് ആശുപത്രിക്കിടക്കയിലുള്ള ശ്രീനിവാസനോട് സംസാരിച്ചതായും സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്ത പങ്കുവെച്ചതായും അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് നൽകിയിട്ടുണ്ട്. തനിക്കുള്ള ആദരാഞ്ജലി പോസ്റ്റുകളോട് ഹാസ്യരൂപേണയാണ് അദ്ദേഹം പ്രതികരിച്ചത് എന്ന് മനോജ് വ്യക്തമാക്കുന്നു.
ആശുപത്രിക്കിടക്കയിൽ ആയതിനാൽ ഞങ്ങൾക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാന്‍ സാധിച്ചില്ല. പോസ്റ്റിൽ പങ്കുവയ്ക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
നിഗമനം
ചലച്ചിത്രനടൻ ശ്രീനിവാസൻ അന്തരിച്ചു എന്ന് വ്യക്തമാക്കി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകൾ തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു കുഴപ്പങ്ങൾ ഒന്നും ഇതുവരെ അദ്ദേഹത്തിനില്ല. ഇക്കാര്യം ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:നടന് ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അദ്ദേഹം സുഖമായി ഇരിക്കുന്നു…
Fact Check By: Vasuki SResult: False
