
വിവരണം

archived link karma news FB page
പെട്രോൾ പമ്പുകളിൽ നിന്ന് ഇനിമുതൽ കുപ്പിയിലും കാനിലെ പെട്രോളും ഡീസലും ലഭിക്കില്ല എന്ന മുന്നറിയിപ്പുമായി കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജ് വഴി ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയ്ക്ക് ഏകദേശം 8000 ത്തോളം ഷെയറുകളുണ്ട്. പോസിറ്റിവ് +ve, ottamoolikal എന്നീ പേജുകളിലും ഇതേ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനിലും കുപ്പികളികും ഇന്ധനം ശേഖരിച്ച് പണിസ്ഥലത്തു കൊണ്ടുപോയി യന്ത്ര സാമഗ്രികൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളെ നിയമം പ്രതികൂലമായി ബാധിക്കുമെന്നും വാർത്തയിൽ പരാമർശമുണ്ട്. “ഇന്ധനം വാങ്ങുന്ന ദിവസം പോലീസ് സ്റ്റേഷനിലെത്തി അനുമതി പത്രം വാങ്ങണം, അവരുടെ കത്തുണ്ടെങ്കിലേ ഇന്ധനം ലഭിക്കൂ. പ്രതിദിനം 5 ലിറ്റർ ഇന്ധനം വാങ്ങണമെങ്കിൽ സ്റ്റേഷനിൽ എത്തിയേ മതിയാവൂ.” തിരുവല്ലയിൽ യുവാവ് പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും പെൺകുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിയമം കൊണ്ടുവന്നത് എന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്.
യാത്രാ മദ്ധ്യേ പെട്രോൾ തീർന്നു വണ്ടി നിന്ന് പോയവർ, തൊഴിലാളികൾ തുടങ്ങിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നിയമം കേരളം പോലീസ് നടപ്പിലാക്കിയോ എന്ന് നമുക്ക് പരിശോധിച്ച് നോക്കാം
വസ്തുതാ വിശകലനം
പ്രസ്തുത നിയമം പോലീസ് നടപ്പിലാക്കി എന്നാണ് വാർത്തയിലെ വാദഗതി. വസ്തുതാപരമായി ഇത് സത്യമാണോ എന്നറിയാൻ ഞങ്ങൾ തിരുവനന്തപുരത്തുള്ള പോലീസ് ഇൻഫോർമേഷൻ സെന്ററുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു നിയമം പോലീസ് ഡിപ്പാർട്ട്മെന്റ് നടപ്പിൽ വരുത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. “പെട്രോളിയം കമ്പനിയുടേതായി ഇത്തരം നിയമങ്ങളുണ്ടാവാം. ഇവിടെ നിന്നും ഔദ്യോഗികമായി ഇത്തരം യാതൊരു വിവരങ്ങളും ആർക്കും നൽകിയിട്ടില്ല. വാർത്തയ്ക്ക് കേരളാ പൊലീസുമായി യാതൊരു ബന്ധവുമില്ല.”
തുടർന്ന് ഞങ്ങൾ കൊച്ചിയിലെ പെട്രോൾ പമ്പ് ഉടമയായ അനിൽകുമാറിനോട് സംസാരിച്ചു. ” ഞങ്ങൾക്ക് പോലീസിൽ നിന്നും ഇങ്ങനെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. പെട്രോളിയം കമ്പനിയുടെ നിയമാവലിയിൽ പ്ലാസ്റ്റിക് ഉപകരണങ്ങൾ പമ്പുകളിൽ യാതൊന്നിനും ഉപയോഗിക്കരുത് എന്നുണ്ട്. അവർ നിഷ്കർഷിക്കുന്ന അളവിലെ അലുമിനിയം ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. വിൽപ്പന സംബന്ധിച്ച് ഞങ്ങൾക്ക് ഔദ്യോഗികമായി നിർദേശം ലഭിക്കാതെ ഒന്നും ചെയ്യേണ്ട കാര്യമില്ല.“
ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണോ എന്നറിയാൻ ഞങ്ങൾ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനന്തരാമനുമായി ബന്ധപ്പെട്ടു. “പെട്രോൾ പമ്പുകളിൽ ഇങ്ങനെ ഒരറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഞാൻ ഇതിനോടകം മൂന്നു പോലീസ് സ്റ്റേഷനുകളിൽ ഇതേപ്പറ്റി അന്വേഷിച്ചിരുന്നു. അവർക്ക് ആർക്കുംതന്നെ ഇങ്ങനെയൊരു നിർദേശം ഡിപ്പാർട്ടുമെന്റിൽ നിന്നും ലഭിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ഞങ്ങൾക്ക് വിൽപ്പനയിൽ നിയന്ത്രണം വരുത്തേണ്ടതില്ല. അത്യാവശ്യ സന്ദർഭങ്ങളിലാണ് ആളുകൾ കുപ്പിയിൽ ഇന്ധനം വാങ്ങാനെത്തുന്നത്. തിരുവല്ലയിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലേ..?“
1976 ലെ ഇന്ധന നിയമ പ്രകാരം തന്നെ പെട്രോളിയം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യാനുള്ള പാത്രങ്ങളെക്കുറിച്ച് നിഷ്കർഷയുണ്ട്. ഇന്ത്യയിൽ നിലവിലുള്ള സ്ഫോടകവസ്തു നിയമപ്രകാരവും പെട്രോളിയം ഉല്പന്നങ്ങളുമായി സഞ്ചരിക്കാൻ പാടുള്ളതല്ല.


സുരക്ഷയുടെ കാരണങ്ങളാൽ പെട്രോളും ഡീസലും പ്ലാസ്റ്റിക് കുപ്പികളിൽ എടുക്കരുത് എന്ന് എണ്ണക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പെട്രോളും ഡീസലും എന്തുകൊണ്ട് പ്ലാസ്റ്റിക് കുപ്പികളിലും കാനുകളിലും എടുക്കരുത് എന്ന് വിശദമാക്കുന്ന വീഡിയോ യുടൂബിൽ ലഭ്യമാണ് വീഡിയോ താഴെ കൊടുക്കുന്നു.
quora ഫോറത്തിൽ ഇതേപ്പറ്റി വിജ്ഞാനപ്രദമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ നൽകുന്നു


നിഗമനം
ഈ വാർത്ത തെറ്റാണ്. വാർത്തയിൽ പരാമർശിക്കുന്നതുപോലെ, കേരളാ പോലീസ് ഇങ്ങനെ ഒരു നിയമം പാസാക്കിയിട്ടില്ല. ഞങ്ങൾ വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊന്നും ഇത്തരമൊരു വസ്തുതയുടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പയിലെ പഴുതുകൾ മുതലെടുത്താണ് തിരുവല്ലയിൽ യുവാവ് പെൺകുട്ടിയുടെ മേൽ അതിക്രമം കാണിച്ചത്. അതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും ഇത്തരം വിൽപ്പന നിരോധിക്കുവാൻ ഇതൊരു കാരണമായി നടപടികളൊന്നും ഔദ്യോഗികമായി വന്നിട്ടില്ല.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ

Title:കേരള പോലീസ് നിര്ദ്ദേശപ്രകാരം ഇനിമുതൽ കുപ്പിയിലും കാനിലും പെട്രോളും ഡീസലും ലഭിക്കില്ലേ ..?
Fact Check By: Deepa MResult: False
