മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വിഡി സതീശനെതിരെ വ്യാജ പ്രചരണം…

Altered രാഷ്ട്രീയം | Politics സാമൂഹികം

കോണ്‍ഗ്രസ് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജയില്‍വാസം അനുഭവിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പുറത്തിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതായി ഒരു ന്യൂസ് കാര്‍ഡ്  പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

“കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ അന്യായമായി തടങ്കലിലിട്ട പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളും വി ഡി സതീശൻ പ്രതിപക്ഷ നേതാവ്” എന്ന വാചകങ്ങളും വിഡി സതീശന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയ ന്യൂസ് കാര്‍ഡ് ആണ് പ്രചരിക്കുന്നത്.  മനോരമ ഓണ്‍ലൈന്‍ ലോഗോയും വാട്ടര്‍മാര്‍ക്കും ന്യൂസ് കാര്‍ഡിലുണ്ട്. ഒപ്പം “ഇയാളുടെ മതേതര ഖാൻഗ്രസ്സ് UDF മുന്നണിയിലെ കക്ഷികളെ അറിയാമല്ലോ!*

*1. മുസ്ലിം ലീഗ് – അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കും!*

*2. SDPI – അരിയും മലരും കരുതിക്കോ, കുന്തിരിക്കം കരുതിക്കോ, വരുന്നുണ്ടെടാ നിൻ്റെയൊക്കെ കാലന്മാർ!*

*3. ജമാഅത്തെ ഇസ്ലാമി- ഇന്ത്യയെ മത രാഷ്ട്രമാക്കും!*

*മുണ്ടു പൊക്കി മതം നോക്കി കൊല്ലുന്ന SDPIക്കാരെ ജയിലിൽ നിന്നിറക്കി മദാമ്മ പുത്രൻ്റെ സാനിറ്ററി പാഡ് വിതരണം നടത്തട്ടെ !*” എന്ന വിവരണം നല്‍കിയിട്ടുണ്ട്. 

FB postarchived link

എന്നാല്‍ ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും മനോരമ ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ന്യൂസ് കാര്‍ഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മനോരമ സാധാരണ ഉപയോഗിക്കുന്ന ഫോണ്ട് അല്ലെന്ന് വ്യക്തമാകും. കൂടാതെ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതി 04-04-2024 ആണെന്ന് കാണാം. മനോരമയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ തിരഞ്ഞപ്പോള്‍  ഇത്തരമൊരു ന്യൂസ് കാര്‍ഡ് അവര്‍ നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിഡി സതീശന്‍റെ ഇതേ ചിത്രം ഉള്‍പ്പെടുത്തി മനോരമ പങ്കുവച്ച മറ്റൊരു ന്യൂസ് കാര്‍ഡ് ലഭിച്ചു. ” ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ എസ്ഡിപിഐ പിന്തുണ നിരസിച്ച് യുഡിഎഫ്” എന്നെഴുതിയ പോസ്റ്റാണിത്.

ഈ പോസ്റ്റ് എഡിറ്റ് ചെയ്താണ് വൈറല്‍ കാര്‍ഡ് നിര്‍മിച്ചിട്ടുള്ളത്. 

ന്യൂസ് കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് പങ്കുവച്ചിട്ടുണ്ട്. 


പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മോചിപ്പിക്കും എന്ന രീതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് തിരഞ്ഞപ്പോള്‍  മനോരമയുടെ പേരില്‍ പ്രചരിച്ച പോസ്റ്റുകള്‍ വ്യാജമാണെന്നും വിഡി സതീശന്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയെന്നുമുള്ള 2024ലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.  കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ വിഡി സതീശന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അനീഷുമായി സംസാരിച്ചു. കഴിഞ്ഞ കൊല്ലം മുതല്‍ ആരംഭിച്ച വ്യാജ പ്രചാരണമാണ് ഇതെന്നും വിഡി സതീശന്‍ ഇതിനെതിരെ പരാതി അന്ന് നല്‍കിയിരുന്നുവെന്നും അനീഷ്‌ വ്യക്തമാക്കി. 

2024 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വ്യാജ പ്രചരണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പറയാത്ത കാര്യം മനോരമ ഓണ്‍ലൈന്‍ ന്യൂസ് കാര്‍ഡ് ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വോട്ടെടുപ്പിന്‍റെ തലേദിവസം ഇത്തരം ഒരു വ്യാജ വാര്‍ത്താ കാര്‍ഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ നീക്കത്തിനെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നും വിഡി സതീശന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. 

നിഗമനം 

കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ജയില്‍ മോചിതരാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതായി വാര്‍ത്ത നല്‍കിയ മനോരമ ന്യൂസ് കാര്‍ഡ് വ്യാജമാണ്. വിഡി സതീശന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. മനോരമ ഇങ്ങനെ ന്യൂസ് കാര്‍ഡ് നല്‍കിയിട്ടുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മനോരമയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വിഡി സതീശനെതിരെ വ്യാജ പ്രചരണം…

Fact Check By: Vasuki S 

Result: Altered

Leave a Reply