
വിവരണം
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ പരസ്രം വാക്പോരുകളും ആരോപണവുമായി യുദ്ധം നടത്തുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെയും ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ ഉള്ളടക്കം ഇപ്രകാരമാണ് “ഇടുപക്ഷം ജയിച്ചാല്‍ അയ്യപ്പന് തോറ്റതായി സമ്മതിക്കണം” – എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്.
“ഇപ്പോള്‍ ആര് ജയിച്ചു സഖാവെ “ എന്ന തലക്കെട്ട് നല്കി മെയ് 24ന് അതായത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള തൊട്ടടുത്ത ദിവസത്തില്‍ ഉപേന്ദ്ര വര്‍മ്മ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നത്. 740ല്‍ അധികം ഷെയറുകളും 60ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് ഇത്തരമൊരു പ്രസ്താവന നടത്തിയിരുന്നോ? എന്താണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് എ.വിജയരാഘവന് ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞു. വിഷയം സംബന്ധമായി പ്രതികരണം അറിയാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചപ്പോഴാണ് പോസ്റ്റ് വ്യാജമാണെന്ന് അറിയാന്‍ സാധിച്ചത്. “ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ് കണ്ടിരുന്നു. രാഷ്ട്രീയമായ വിയോജിപ്പിന്റെയും വൈരാഗ്യത്തിന്റെയും പേരില്‍ എതിരാളികള്‍ എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും ഒരിടത്തും ശബരിമല വിഷയം സംബന്ധിച്ച് അത്തരമൊരു പ്രസ്താവന നടത്തുകയോ ഫെയ്സ്ബുക്കില്‍ കുറിക്കുകയോ ചെയ്തിട്ടില്ലെന്നും” വിജയരാഘവന് പറഞ്ഞു.
നിഗമനം
ആരോപണ വിധേയനായ വ്യക്തി തന്നെ മറുപടി പറഞ്ഞ സാഹചര്യത്തില്‍ പോസ്റ്റില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാത്രമല്ല എല്‍ഡിഎഫ് കണ്‍വീനര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് മുഖ്യധാര മാധ്യമങ്ങളിലും വാര്‍ത്തയാകേണ്ടതാണ്. അത്തരത്തില്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് വ്യാജമാണെന്ന് അനുമാനിക്കാം.

Title:എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന് അയ്യപ്പനെയും ഹിന്ദുക്കളെയും ആക്ഷേപിച്ചോ?
Fact Check By: Harishankar PrasadResult: False
