പട്ടികജാതി സംവരണം നിര്‍ത്തലാക്കണമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Altered സാമൂഹികം

പട്ടികജാതി സംവരണം നിര്‍ത്തലാക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് നിയമസഭയില്‍  പ്രസംഗിക്കുമ്പോള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പട്ടികജാതി സംവരണം നിര്‍ത്തലാക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറയുന്നു എന്ന തോന്നല്‍ ഉളവാക്കിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുനതും ഒപ്പമുള്ള അടിക്കുറിപ്പ് സൂചിപ്പിക്കുന്നതും. “എങ്ങനെയുണ്ട്….🤙🤙🤙🥱🤔🤔🤔 മുതലാളി വർഗ്ഗത്തിന്റെ.ചാരന്മാർ.തൊഴിലാളി.വർഗ്ഗത്തിന്റെ.ചങ്ങാത്തം.ചമഞ്ഞു.തൊഴിലാളി.വർഗ്ഗത്തിന്റ.നേതൃത്വം.തട്ടിയെടുക്കും….കാറൽ മാക്സ്👌👌👌👌👌👌

Ldf ന്റെ പട്ടികജാതി സ്നേഹം ഇന്ത്യൻ സംസ്ഥാനങ്ങളിലെ പട്ടിക ജാതി ക്കാരായ മന്ത്രി മാർ തമിഴ്‌നാട് – 4 കർണാടക 6 ആഭ്യന്തരം പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകൾ. തെലങ്കാന 2 ഉപമുഖ്യമന്ത്രി ആന്ധ്രാപ്രദേശ് 5 സാമൂഹിക ക്ഷേമം, എക്സൈസ് തുടങ്ങിയ വകുപ്പുകൾ. രാജസ്ഥാൻ 4 മധ്യപ്രദേശ് ഉത്തർപ്രദേശ് 8 പഞ്ചാബ് 5 ഹരിയാന 3 പശ്ചിമ ബംഗാൾ 7 കേരളം 0 കെ. രാധാകൃഷ്ണൻ MP ആയതോടെ നിലവിൽ SC മന്ത്രിമാരില്ല. (ST വിഭാഗത്തിൽ നിന്ന് ഒരാളുണ്ട് ) പ്രാധാന്യമുള്ള വകുപ്പുകൾ കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഭ്യന്തരം, ധനകാര്യം, റവന്യൂ തുടങ്ങിയ അതിപ്രധാനമായ വകുപ്പുകൾ ദളിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാർ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരാൾപോലും മന്ത്രി അല്ലാത്ത ഒരേ ഒരു സംസ്ഥാനം കേരളം മാത്രമാണ്. 

ഹരി ജനങ്ങൾക്ക് ഏക പ്രതീക്ഷ ഇനി…വസുദേവ കുടുംബകം.. 🧡

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 2019 ഡിസംബര്‍ 31ന് പട്ടികജാതി, പട്ടികവഗ സംവരണം 10 വര്‍ഷത്തേയ്ക്ക് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിഅബദ്ധത്തില്‍ നാക്കുപിഴയായി പറഞ്ഞത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. 

വസ്തുത ഇതാണ് 

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സമീപത്തായി ഇരിക്കുന്നത് മുന്‍മന്ത്രി ഇപി ജയരാജനാണ്. അതായത് അദ്ദേഹം നിയമസഭയില്‍ ഉണ്ടായിരുന്ന കാലത്തേതാണ് വീഡിയോ. വീഡിയോ ഇടയ്ക്ക് കട്ട് ചെയ്തിട്ടുണ്ട് എന്നും വ്യക്തമാണ്. “ഏത് കാര്യത്തിലും യോജിപ്പുണ്ടാകുന്ന കാര്യത്തില്‍ യോജിപ്പാണ് നല്ലത്. ആരെയും ഭിന്നിപ്പിക്കാന്‍ നില്‍ക്കുകയല്ല നമ്മള്‍.” എന്നാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് മുഖ്യമന്ത്രി പറയുന്നത്. “പട്ടികജാതി വിഭാഗത്തിന് സംവരണം കൊടുക്കുന്നതിന്, സംവരണം കൊടുക്കുന്നതിന് നമുക്കൊന്നും യോജിപ്പില്ല. അതിന് മറ്റാരെങ്കിലും യോജിച്ചാല്‍ നമ്മെളെന്തോ വന്‍ അബദ്ധത്തിലായിപ്പോകും എന്ന ധാരണ വേണ്ട ” എന്നാണ് രണ്ടാമത്തെ ഭാഗത്തില്‍ അദ്ദേഹം പറയുന്നത്. ദൃശ്യങ്ങളില്‍ ഈ ഭാഗം മുഴുമിപ്പിച്ചിട്ടില്ല. 

പട്ടികജാതി സംവരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെങ്കിലും പ്രസ്താവന നടത്തിയിരുന്നു എങ്കില്‍ തീര്‍ച്ചയായും അത് മാധ്യമ ശ്രദ്ധ നേടുമായിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളുമില്ല  തുടര്‍ന്ന്  ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവിടെ നിന്നും  വ്യക്തമാക്കി.  

വീഡിയോ 2019 ഡിസംബറില്‍ മുഖ്യമന്ത്രി നടത്തിയ നിയമസഭാ പ്രസംഗത്തില്‍ നിന്നുള്ളതാണ്. പട്ടികജാതി, പട്ടികവര്‍ഗ സംവരണം 10 വര്‍ഷത്തേയ്ക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് സംഭവിച്ച നാക്കുപിഴയാണ്  വീഡിയോയില്‍ തെറ്റിധാരണ സൃഷ്ടിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. 2019 ഡിസെബര്‍ 31ന് മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടികജാതി സംവരണ പ്രമേയം ഐകകണ്‌ഠേനയാണ് കേരള നിയമസഭ പാസാക്കിയത്. സഭാ നടപടിക്രമത്തിന്‍റെ വീഡിയോയും പ്രമേയത്തിന്‍റെ പകര്‍പ്പും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു. 

2019 ഡിസംബര്‍ 31ന് നഭാ നടപടിക്രമങ്ങള്‍ ആരംഭിച്ചയുടന്‍ തന്നെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. പ്രമേയാവതരണത്തില്‍ ഉടനീളം അദ്ദേഹം പട്ടികജാതി- പട്ടികവര്‍ഗ സംവരണത്തെ അനുകൂലിച്ചുകൊണ്ടാണ് സംസാരിച്ചത്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എകെ ബാലന്‍, കെസി ജോസഫ് തുടങ്ങിയവരും പട്ടികജാതി സംവരണം നീട്ടണമെന്ന പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നത് .  ഈ വീഡിയോയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന് നാക്ക് പിഴവ് സംഭവിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ സംവരണത്തെ അനുകൂലിക്കുന്നതാണ്. 

പൌരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കിയ ദിവസം തന്നെയാണ് പട്ടികജാതി, പട്ടികവര്‍ഗ സംവരണം നീട്ടണമെന്നുമുള്ള പ്രമേയവും അവതരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുണ്ട്

നിഗമനം 

പട്ടികജാതി സംവരണം നിര്‍ത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭയില്‍ പറയുന്ന ദൃശ്യങ്ങള്‍ പ്രസംഗത്തിനിടെ അദ്ദേഹത്തിന്  നാക്കുപിഴ സംഭവിച്ച ഭാഗം മാതം എഡിറ്റ് ചെയ്തെടുത്ത് തെറ്റിധാരണ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പട്ടികജാതി സംവരണം നിര്‍ത്തലാക്കണമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: Altered

Leave a Reply