
ലഹരി മാഫിയയുടെ വേരറുക്കാനും പുതുതലമുറയെ ലഹരിയില്‍ നിന്നും മുക്തരാക്കാനും കേരള സർക്കാർ ആരംഭിച്ച വിപുലമായ ലഹരി വിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്. വിദ്യാർത്ഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വർദ്ധിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മലപ്പുറം എടവണ്ണയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി എന്നൊരു വാര്‍ത്ത ഈ പശ്ചാത്തലത്തിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
“സിപിഎം ഓഫിസിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി ഓപ്പറേഷൻ തൂഫാൻ സിപിഎം ഓഫീസിൽ നിന്ന് കഞ്ചാവ് പിടിച്ചു എന്ന വാചകങ്ങളും പോസ്റ്ററിന്‍റെ വലതുഭാഗത്ത് സിപിഎം ഓഫീസ് എടവണ്ണ എന്ന തരത്തിൽ ഒരു കെട്ടിടവും കെട്ടിടത്തിനു മുന്നില്‍ വലിയ ചാക്കുകളും അതില്‍ തുറന്നിരിക്കുന്ന രണ്ടു ചാക്കുകളില്‍ ‘കഞ്ചാവും’ കാണാം. പോസ്റ്ററിനൊപ്പമുള്ള വിവരണം ഇങ്ങനെ: “വെറുതെയല്ല ഇവന്മാര് പാർട്ടി ഓഫിസിലേക്ക് പോലീസിനെ കയറ്റാത്തത്,,,,
കഞ്ചാവ് മാത്രേ ഉള്ളു???
ഒന്നുകൂടി ശ്രദ്ധിച്ചു നോക്ക് സാറന്മാരെ,,,,
ഇനിയും കിട്ടും, വെള്ളം രൂപത്തിലുള്ളതും, പോടീ രൂപത്തിലുള്ളതും, അങ്ങനെ പലതും,,,
കൂടാതെ അടച്ചിട്ട മുറികളുണ്ടെങ്കിൽ അതുകൂടി തുറന്നു നോക്ക്, ബോംബ് മുതൽ പെണ്ണ് വരെ കട്ടിലിനടിയിൽ കാണും,
കാരണം ഇത് സി പി എമ്മിന്റെ പാർട്ടി ഓഫീസ് ആണ്,,,
കടപ്പാട്”

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്നും എടവണ്ണ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ഇങ്ങനെ ലഹരി വസ്തുക്കള്‍ പിടിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
സിപിഎം ഓഫീസിൽനിന്ന് ഇത്തരത്തിൽ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നെങ്കിൽ അത് തീർച്ചയായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ഇങ്ങനെ യാതൊരു റിപ്പോര്‍ട്ടുകളുമില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ എടവണ്ണ പോലീസ് അധികൃതരോട് സംസാരിച്ചു. എടവണ്ണ സിപിഎം ഓഫീസിലോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ ഇങ്ങനെ ഒരു ലഹരിവേട്ട നടന്നിട്ടില്ലെന്ന് അവർ വ്യക്തമാക്കി.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ എടവണ്ണ ലോക്കൽ കമ്മിറ്റിയുമായി ബന്ധപ്പെട്ടു. ‘വെറും ദുഷ്പ്രചരണമാണിതെന്നും പാർട്ടിയെയും ഓഫീസിനെയും മോശമായി ചിത്രീകരിക്കാൻ നടത്തുന്ന ഇത്തരം നീച ശ്രമങ്ങളാണ് ഇതെന്നും അവിടെ നിന്നും ലോക്കല്‍ ലോക്കല്‍ കമ്മറ്റി അംഗം ബാസിത് പുലിക്കല്‍ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
എടവണ്ണ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജില്‍ വ്യാജ പ്രചരണത്തെ സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടുണ്ട്.

പോസ്റ്ററുകളിൽ എടവണ്ണയിലെ പാർട്ടി ഓഫീസിന്‍റെത് എന്ന് നൽകിയിരിക്കുന്ന ചിത്രം യഥാർത്ഥ പാര്‍ട്ടി ഓഫീസിന്‍റെതല്ല.
യഥാര്‍ത്ഥ ചിത്രം അവര്‍ പങ്കുവച്ചത് താഴെ കാണാം:

നിഗമനം
ഓപ്പറേഷൻ തൂഫാൻ നടപടിയില്‍ എടവണ്ണ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി എന്നത് വ്യാജ പ്രചരണം മാത്രമാണ്. എടവണ്ണ പോലീസും സിപിഎം ലോക്കല്‍ നേതൃത്വവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




