
അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്സ്റ്റീന്റെ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നതിനുശേഷം, ബ്രിട്ടന് പ്രധാനമന്ത്രി സ്റ്റാർമർ ഒരു ആഴ്ചയിലേറെയായി വർദ്ധിച്ച സമ്മർദ്ദം നേരിട്ടിരുന്നു. എപ്സ്റ്റീനുമായുള്ള അടുത്തബന്ധം ഉണ്ടായിരുന്ന ലേബർ പാര്‍ട്ടിക്കാരനായ മണ്ടൽസണെ യുഎസിലെ അംബാസഡറായി നിയമിക്കാനുള്ള തീരുമാനമാണ് സ്റ്റാർമറെ പ്രതിസന്ധിയിലാക്കിയത്.
എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെട്ട് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കണമെന്ന ആവശ്യം ഈ പശ്ചാത്തലത്തില്‍ ശക്തമാവുകയാണ്. ഇതിനിടെ സ്റ്റാർമർ ഒരാളുമായി ഉന്തുംതള്ളും നടത്തുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സ്റ്റാര്‍മറെ ഒരാള്‍ ശക്തമായി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈയിടെ ബ്രിട്ടനിലെ ബാറിൽ നിന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഉടമ പുറത്താക്കിയ ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറെ ഒരു ബാറിൽ (pub) നിന്ന് അതിന്റെ ഉടമ പുറത്താക്കുന്ന ദൃശ്യം……..”
എന്നാൽ 2021ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നും ഈ സംഭവം നടക്കുമ്പോൾ കെയർ സ്റ്റാർമർ യുകെ പ്രധാനമന്ത്രിയായിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ഏപ്രിലിൽ ഇതേ ദൃശ്യങ്ങള്‍ ടോക്ക് ടിവി എന്ന എക്സ് പേജിൽ പങ്കുവച്ചിട്ടുള്ളതായി കണ്ടു. അതായത് ദൃശ്യങ്ങള്‍ക്ക് നാല് വർഷം പഴക്കമുണ്ട്.
എക്സ് പോസ്റ്റ് അനുസരിച്ച് ഇംഗ്ലണ്ടിലെ ബാത്ത് നഗരത്തിൽ നിന്നും പകർത്തിയ ദൃശ്യമാണിത്. റേവൻ എന്ന പബ്ബിന്റെ ഉടമയായ റോഡ് ഹംഫ്രിസ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിനോട് പബ്ബിൽ നിന്നും പോകാൻ ആവശ്യപ്പെട്ടു. “പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഞങ്ങളെ പൂർണ്ണമായും നിരാശപ്പെടുത്തിയെന്ന് ഞാൻ കരുതുന്നു.” എന്നാണ് ഈ സംഭവത്തെ കുറിച്ച് ഹംഫ്രിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ചുള്ള ദി ഗാർഡിയന് റിപ്പോർട്ട് ലഭ്യമാണ്:
ഇതിൽ നിന്നും വൈറൽ വീഡിയോയിലെ സംഭവം നടന്നത് 2021-ൽ ബോറിസ് ജോൺസൺ യുകെ പ്രധാനമന്ത്രിയായിരുന്നപ്പോഴാണെന്ന് വ്യക്തമായി. സ്റ്റാർമർ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത് 2024ലാണ്.
വീഡിയോയുമായി ബന്ധപ്പെട്ട് പല റിപ്പോർട്ടുകള്‍ ലഭ്യമാണ്. ബിബിസി റിപ്പോർട്ട് അനുസരിച്ച് ബാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു സ്റ്റാർമർ. ഇതിനിടയിലാണ് റേവൻ എന്ന പബ്ബിന്റെ ഉടമ റോഡ് ഹംഫ്രിസുമായി തർക്കമുണ്ടായത്. സർക്കാർ ലോക്ക്ഡൗൺ നടപടികളോടുള്ള ലേബർ പാർട്ടിയുടെ പ്രതികരണത്തിൽ റോഡ് ഹംഫ്രിസ് അസ്വസ്ഥനായതാണ് സ്റ്റാർമറുമായി തർക്കിക്കാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. തർക്കത്തിനിടെയാണ് സ്റ്റാർമറോട് പബ്ബിൽ നിന്നും പോകാൻ ഹംഫ്രിസ് ആവശ്യപ്പെട്ടത്.
പബ്ബിന്റെ മറ്റൊരു ഉടമയായ ടിം പെറി പിന്നീട് ലേബർ പാർട്ടിയോട് ക്ഷമാപണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കെയർ സ്റ്റാർമറിന്റെ ബാത്ത് സന്ദർശനം മോശമായി ചിത്രീകരിക്കാൻ ഉദ്ദേശ്യമില്ലെന്നും മിസ്റ്റർ ഹംഫ്രിസിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിന്റെ മാത്രമാണെന്നുമാണ് ടിം പെറി ട്വീറ്റ് ചെയ്തത്.
നിഗമനം
എപ്സ്റ്റീന് ഫയല്‍സിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പബ്ബിൽ നിന്നും പുറത്താക്കുന്ന വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2021ലെ ദൃശ്യങ്ങളാണ്. അന്ന് കെയർ സ്റ്റാർമര്‍ ബ്രിട്ടന് പ്രധാനമന്ത്രി ആയിരുന്നില്ല. സംഭവം നടക്കുമ്പോൾ ബോറിസ് ജോൺസനായിരുന്നു യുകെ പ്രധാനമന്ത്രി.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:എപ്സ്സ്റ്റീന് ഫയല്‍സിന് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ബാറില്‍ നിന്നും പുറത്താക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയത്…
Fact Check By: Vasuki SResult: Misleading



