ഇറാന്‍ സൈനിക വിന്യാസം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

False സാമൂഹികം

പത്ത് മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ യുഎസുമായി അർത്ഥവത്തായ ഒരു കരാറിലെത്തണമെന്ന് ഫെബ്രുവരി 19 ന് വാഷിംഗ്ടണിൽ നടന്ന ആദ്യ സമാധാന ബോർഡ് യോഗത്തിൽ ഡൊണാൾഡ് ട്രംപ് ഇറാന് ഒരു അന്ത്യശാസനം നൽകി. 2022 ലെ സ്ത്രീ സ്വാതന്ത്ര്യത്തിന് നേരെയുടെ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഡിസംബർ അവസാനം മുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഇറാന്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നായി മാറി. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ സൈനിക പരേഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു വലിയ മൈതാനത്ത് സൈനികര്‍ പരേഡ് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഇറാന്‍ സൈനികരാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “🇮🇷❌🇺🇸🔥 800,000+ അതീവ ജാഗ്രതയിലാണ്:

നൂതന – നിർമ്മിത , , , എന്നിവയ്ക്ക് അവീവ്, ഗാർസിയ, , മറ്റ് യുഎസ് എന്നിവിടങ്ങളിൽ ബോംബ് വർഷിക്കാൻ കഴിയും. 

ഇറാനിയൻ 100,000 അധിക സൈനികരെ അവരുടെ ചേർത്തു.”

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും ദൃശ്യങ്ങളില്‍ കാണുന്നത് ഇറാന്‍ സൈനികര്‍ അല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്  

ഇറാൻ റഷ്യയുമായി ചേർന്നുകൊണ്ട് വ്യാഴാഴ്ച വാർഷിക സൈനികാഭ്യാസം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. സൈനിക കപ്പലുകളും ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഈ സൈനികാഭ്യാസത്തിൽ പങ്കെടുത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ വീഡിയോയിലുള്ളത് 2025 ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി സുരക്ഷാ സേന നടത്തിയ പരേഡാണ്. 

ഞങ്ങള്‍ വീഡിയോ കീഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ സമാന ദൃശ്യങ്ങള്‍  2025 ജൂൺ 2ന് ഒരു ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവച്ചതായി കണ്ടു. 2025ലെ ഹജ്ജ് സീസണിനായി വിന്യസിക്കപ്പെട്ട 40,000-ത്തിലധികം സൗദി സുരക്ഷാ ഉദ്യോഗസ്ഥരുടെ പരേഡാണ് ഇതെന്നാണ് മലയ് ഭാഷയില്‍ ഒപ്പമുള്ള വിവരണം. 

ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ ഐന്യൂസ് എന്ന ഇന്തോനേഷ്യൻ മാധ്യമവും ഇതേ ദൃശ്യങ്ങള്‍ പങ്കുവച്ചതായി കണ്ടു. സൗദി അറേബ്യൻ സർക്കാർ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പായി നടത്തിയ വാർഷിക സൈനിക പരേഡാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പരേഡിനെ കുറിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ പരേഡിന്‍റെ നിരവധി വീഡിയോകൾ യൂട്യൂബിൽ നിന്നും ലഭിച്ചു. സൗദി ന്യൂസ് ടിവിയുടെ യൂട്യൂബ് ചാനലിലുള്ള പരേഡ് വീഡിയോയിലുള്ള അതേ സൈനിക യൂണിഫോം ധരിച്ച ആളുകൾ തന്നെയാണ് ഇതിലുമുള്ളത്. 

2025 മെയ് 31നാണ് കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള വാർഷിക പരേഡ് നടന്നത്. ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന സേനകൾ സംഘടിപ്പിച്ച വാർഷിക ചടങ്ങിൽ ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പങ്കെടുത്തുവെന്ന് അൽ അറേബിയ റിപ്പോർട്ട് ചെയ്തു. ചടങ്ങിൽ വിവിധ സുരക്ഷാ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാണിക്കുന്ന സെക്യൂരിറ്റി എക്സസൈസുകളും നടന്നു. നൂതന ഉപകരണങ്ങൾ, സെക്യൂരിറ്റി ഏവിയേഷൻ, ഹജ്ജ് സീസണിൽ ഉപയോഗിക്കുന്ന പ്രത്യേക വാഹനങ്ങൾ എന്നിവയെല്ലാം പരേഡിൽ പ്രദർശിപ്പിച്ചു. 

നിഗമനം 

ഇറാൻ സൈനിക പരേഡ്  എന്ന് പ്രചരിപ്പിക്കുന്നത് 2025 ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി സൗദി സുരക്ഷാ സേനകൾ നടത്തിയ പരേഡാണ്.ഇറാനുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇറാന്‍ സൈനിക വിന്യാസം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

Leave a Reply