
ആഴ്ചകളോളം നീണ്ടുനിന്ന സൈനിക നീക്കങ്ങൾക്ക് ശേഷം ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വന്‍ ആക്രമണം ആരംഭിച്ചു. ഇറാൻ ആണവായുധം നേടുന്നത് തടയുകയും ഇറാൻ ഭരണകൂടത്തിന്‍റെ ഭീഷണികൾ ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുകയും ചെയ്യുക” എന്നതാണ് ഓപ്പറേഷന്‍റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇറാന്‍റെ ആക്രമണത്തിൽ മരിച്ച യുഎസ് സൈനികരുടെ ശവപ്പെട്ടി കൊണ്ട് വരുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വിമാനത്തില്‍ നിന്ന് സൈനികര്‍ ശവമഞ്ചങ്ങള്‍ പുറത്തേയ്ക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപ്പോള്‍ നടക്കുന്ന ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധത്തില്‍ ഇറാന്‍ സൈനികരാല്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ശവമഞ്ചമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഭീകര യുഎസിലേക്ക് പെട്ടികൾ എത്തിത്തുടങ്ങി “

എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് പത്ത് വര്‍ഷത്തില്‍ അധികം പഴക്കമുണ്ടെന്നും നിലവിലെ ഇറാന്‍ യുദ്ധവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2011 ജൂൺ 8 -ന് പാട്രിക് ജെ. ഹ്യൂസ്, വിയറ്റ്നാം മറൈൻ ഫോട്ടോഗ്രാഫർ എന്ന അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത ഒരു യുട്യൂബ് വീഡിയോ ലഭിച്ചു.

വൈറല്‍ വീഡിയോയിലെ ദൃശ്യങ്ങളുമായി സമാനമാണ് ഇതിലെ ദൃശ്യങ്ങള്‍. ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഓപ്പറേഷൻ ന്യൂ ഡോണിലെ നാല് വീരന്മാരുടെ ‘ഡിഗ്നിഫൈഡ് ട്രാൻസ്ഫർ’ തിരിച്ചുവരവ് – ഇറാഖ്.
സാർജന്‍റ്. എമിലിയോ ജെ. കാമ്പോ ജൂനിയർ.,
പി.എഫ്.സി. മൈക്കൽ ബി. കുക്ക്,
പി.എഫ്.സി. ക്രിസ്റ്റഫർ ബി. ഫിഷ്ബെക്ക്,
പി.എഫ്.സി. മൈക്കൽ സി. ഒലിവിയേരി.”
ഇവർ നാലുപേരും അമേരിക്കന്‍ സൈനിക വിഭാഗമായ ഫസ്റ്റ് ഇൻഫൻട്രി ഡിവിഷനിലെ സൈനികരായിരുന്നു. 2011 ജൂൺ 6-ന് ബാഗ്ദാദിൽ നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ഡിഫൻസ് വിഷ്വൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സർവീസ് (DVIDS) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലഭിച്ചു.

ജൂലൈ 1, 2011-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, ഈ സൈനികരുടെ അനുസ്മരണച്ചടങ്ങുകൾ ജൂൺ 9 മുതൽ ജൂൺ 20, 2011 വരെ വിവിധ ദിവസങ്ങളിലായി നടന്നതായി വ്യക്തമാക്കുന്നു. ഡിഫൻസ് വിഷ്വൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സർവീസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡിഫൻസിന്‍റെ (DoD) കീഴിലുള്ള ഡിഫൻസ് മീഡിയ ആക്റ്റിവിയുടെ (DMA) പൊതുസേവന സംവിധാനമാണ്.
നിഗമനം
2011ൽ യുഎസ് ഇറാഖ് യുദ്ധകാലത്ത് യുദ്ധത്തില്‍ മരിച്ച സൈനികരുടെ ‘ഡിഗ്നിഫൈഡ് ട്രാൻസ്ഫർ’ ചടങ്ങിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇറാന്‍റെ ആക്രമണത്തിൽ മരിച്ച യുഎസ് സൈനികരുടെ ശവപ്പെട്ടികൾ എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ WhatsAppചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




