
മുഖ്യമന്ത്രി വി ഡി സതീശന് കേരള ജെന്‍-സീകള്‍ ‘പൂക്കി മുഖ്യമന്ത്രി’ എന്ന വിളിപ്പേരാണ് നല്‍കിയിരിക്കുന്നത്. വാഹന മോഡിഫിക്കേഷനുകൾ സർക്കാർ അനുവദിക്കുമോ എന്ന് ഒരു യുവാവ് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി സന്തോഷ പുഞ്ചിരിയുടെ മുഖഭാവത്തില്‍ യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്ന് സൂചന നൽകിയ ദൃശ്യം വൈറലായതോടെയാണ് വി ഡി സതീശന് പൂക്കി പട്ടം ലഭിച്ചത്.
മുഖ്യമന്ത്രിയെ പൂക്കി എന്ന് വിളിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചു എന്നൊരു വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മീഡിയ വണ്‍ ചാനലിന്‍റെ പേരും ലോഗോയുമുള്ള ന്യൂസ് കാര്‍ഡില്‍ മുഖ്യമന്ത്രി വിഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളും ഒപ്പം “പൂക്കി എന്ന് വിളിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തരവകുപ്പ്” എന്ന വാചകങ്ങളുമാണ് ഉള്ളത്.

എന്നാല്‍ ഇത് വ്യാജ പ്രചരണം മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ആഭ്യന്തര വകുപ്പ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരുന്ന് എങ്കില്‍ അത് എല്ലാ മാധ്യമങ്ങളും വാര്‍ത്ത ആക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു വാര്‍ത്ത ആരും നല്‍കിയിട്ടില്ല. മീഡിയ വണ്‍ ചാനലിന്‍റെ ഓണ്‍ലൈന്‍ പതിപ്പിലും സോഷ്യല്‍ മീഡിയ ഹാന്‍റിലുകളിലും തിരഞ്ഞെങ്കിലും ഇങ്ങനെയൊരു വാര്‍ത്ത അവര്‍ നല്‍കിയതായി കാണാന്‍ കഴിഞ്ഞില്ല.
മാത്രമല്ല, വ്യാജ പ്രചരണത്തിനെതിരെ മീഡിയവണ്‍ ടിവി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കി വിശദീകരണം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മീഡിയവണ്‍ ന്യൂസ് വിഭാഗവുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാര്‍ഡ് ആണെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മീഡിയവണ്‍ ടിവിയുടെ പേര് ദുരുപയോഗം ചെയ്ത് പല വ്യാജ പ്രചരണങ്ങളും നടത്തുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
നിഗമനം
മുഖ്യമന്ത്രി വിഡി സതീശനെ പൂക്കി എന്ന് വിളിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തരവകുപ്പ് എന്ന വാര്‍ത്ത നല്‍കിയ മീഡിയവണ്‍ ന്യൂസ് കാര്‍ഡ് വ്യാജമാണ്. ആഭ്യന്തര വകുപ്പ് ഇങ്ങനെ പ്രഖ്യാപിച്ചിട്ടില്ല. മീഡിയവണ്‍ ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




