
ആഗോള എണ്ണവിലയിലെ വർധനവും സംഘർഷവും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ, രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് 2026 മെയ് 10 ന് ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ഒരു റാലിയിൽ നടത്തിയ ഈ അഭ്യർത്ഥന, ഇറക്കുമതി കുറയ്ക്കുന്നതിനും രൂപയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു.
ഈ പശ്ചാത്തലത്തില്‍ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1967-ൽ സ്വർണ്ണം വാങ്ങുന്നത് നിർത്താൻ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു എന്ന അവകാശവാദത്തോടെ 1967 ജൂൺ 6-ലെ ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദു ദിനപത്രത്തിന്‍റെ ക്ലിപ്പ് ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
1967 ജൂൺ 6-ന് പ്രധാനമന്ത്രി ഗാന്ധി കടുത്ത വിദേശനാണ്യ പ്രതിസന്ധി കാരണം ഇന്ത്യക്കാരോട് സ്വർണ്ണം വാങ്ങുന്നത് നിർത്താൻ ആവശ്യപ്പെട്ടുവെന്നും ഇതിനെ “ദേശീയ അച്ചടക്കം” എന്ന് വിശേഷിപ്പിച്ചുവെന്നും വ്യക്തമാക്കി ദി ഹിന്ദു ഒന്നാം പേജില്‍ 1967 ജൂണ്‍ ആറിന് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി എന്നാണ് അവകാശവാദം. ചില മാധ്യമങ്ങളും ബിജെപി വക്താക്കളും ചിത്രം പങ്കുവച്ചിരുന്നു.

എന്നാല്‍ ചിത്രം എഐ നിര്‍മ്മിതമാനെന്നും ഹിന്ദു പത്രം ഇങ്ങനെ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
പത്ര ക്ലിപ്പിംഗിന്‍റെ ആധികാരികത അറിയാന്‍ കൂടുതല്‍ തിരഞ്ഞപ്പോള്‍ ദി ഹിന്ദു മാധ്യമത്തിന്‍റെ ഔദ്യോഗിക X-ഹാന്‍റിലിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ലഭിച്ചു.

“1967 ജൂൺ 6-ന് ദി ഹിന്ദുവിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചതായി അവകാശപ്പെടുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രം നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് ഞങ്ങളുടെ ആർക്കൈവുകളിൽ നിന്നുള്ള ഒരു ആധികാരിക പേജല്ലെന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വായനക്കാർ ജാഗ്രത പാലിക്കുകയും പങ്കിടുന്നതിന് മുമ്പ് പരിശോധിക്കുകയും ചെയ്യണമെന്ന് ദി ഹിന്ദു അഭ്യർത്ഥിക്കുന്നു.” എന്നാണ് കുറിപ്പിന്‍റെ പരിഭാഷ. കൂടുതല്‍ വ്യക്തതയ്ക്കായി ദി ഹിന്ദുവിന്‍റെ ന്യൂസ് വിഭാഗവുമായി ഞങ്ങള്‍ സംസാരിച്ചു. ചിത്രം ഡിജിറ്റല്‍ നിര്‍മ്മിതിയാണെന്ന് അവർ സ്ഥിരീകരിച്ചു.
1967 ജൂൺ 6-ന് പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രം ഒന്നാം പേജ് ഹിന്ദു മാധ്യമ പ്രവർത്തകനായ ബി കൊളപ്പന്‍ എക്സ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

ചിത്രം വ്യാജമാണ്, പക്ഷേ ഇന്ദിരാഗാന്ധി സർക്കാർ സ്വർണ്ണം വാങ്ങുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു
അന്നത്തെ സർക്കാർ ഇന്ത്യക്കാരുടെ സ്വർണ്ണത്തോടുള്ള ഭ്രമം നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തിയിരുന്നു. 1968 ൽ, ഇന്ദിരാഗാന്ധിയുടെ സർക്കാരിനു കീഴിൽ, ധനമന്ത്രി മൊറാർജി ദേശായി സ്വർണ്ണ നിയന്ത്രണ നിയമം കൊണ്ടുവന്നു, ഇത് പൗരന്മാർ സ്വർണ്ണക്കട്ടികളോ നാണയങ്ങളോ സ്വന്തമാക്കുന്നത് നിരോധിച്ചു. ചൈനയുമായുള്ള അതിർത്തി തർക്കങ്ങളെത്തുടർന്ന് സ്വർണ്ണത്തിന്റെ ആവശ്യം കുറയ്ക്കുക, കള്ളക്കടത്ത് നിർത്തുക, ഇന്ത്യൻ രൂപ സംരക്ഷിക്കുക എന്നിവയായിരുന്നു ലക്ഷ്യം. 1990-ൽ ഈ നിയമം റദ്ദാക്കി.
നിഗമനം
ഇന്ദിരാഗാന്ധി ഇന്ത്യക്കാരോട് സ്വർണം വാങ്ങുന്നത് നിർത്താൻ അഭ്യർത്ഥിച്ചു എന്ന തരത്തില്‍ ദി ഹിന്ദു 1967 ല്‍ ഒന്നാം പേജ് വാര്‍ത്ത നല്‍കിയതിന്‍റെ ക്ലിപ്പ് എന്ന് പ്രചരിപ്പിക്കുന്ന ചിത്രം വ്യാജവും ഡിജിറ്റല്‍ നിര്‍മ്മിതിയുമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)




