മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോല്‍സവത്തിന് അറബി എഴുത്തുള്ള ബാനര്‍..? പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

പ്രാദേശികം | Local വര്‍ഗീയം

ഒന്നാം ക്ലാസിലേയ്ക്ക് അധ്യയനത്തിനെത്തിയ ഏകദേശം മൂന്നു ലക്ഷം കുട്ടികള്‍ക്കും മറ്റു കുട്ടികള്‍ക്കും ഗംഭീര പ്രവേശനോല്‍സവത്തോടെയാണ് കേരളത്തില്‍ സ്കൂളുകള്‍ സ്വീകരണം നല്‍കിയത്. മലപ്പുറത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അറബിയില്‍ എഴുത്തുള്ള ബാനറുമായി പ്രവേശനോല്‍സവം സംഘടിപ്പിച്ചു എന്ന് സൂചിപ്പിച്ച് ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ബാനറില്‍ പ്രവേശനോല്‍സവം എന്നെഴുതിയതിന് മുകളില്‍ വലിയ അക്ഷരത്തില്‍ അറബി ഭാഷയിലെ എഴുത്ത് കാണാം. മലയാളത്തിന് ഉപഭാഷാ സ്ഥാനവും അറബിക്ക് പ്രമുഖ സ്ഥാനവും നല്‍കിയ മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂള്‍ ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതാണ് ഞങ്ങൾടെ മതേതര മലപ്പുറം വടശേരി ദാമോദരമേനോൻ സതീശൻ ഭരിക്കുന്ന കേരളം അൽ : ഖേരളമായി മാറുന്ന മനോഹര കാഴ്ച പ്രധാന ഭാഷ അറബിയും ഉപഭാഷയായി മലയാളവും സ്ഥലത്തെ പ്രധാന സർക്കാർ LP സ്കൂളാണ് നാളെകളിൽ ചാത്തമംഗലം REC സ്കൂൾ പോലെ പച്ച പെയിൻ്റ് അടിച്ച് മതപരിവർത്തനം നടത്തി ല്ലെന്നാര് കണ്ടു…. പൊളിറ്റിക്കൽ ഇസ്ലാം വിഴുങ്ങുന്ന മതേതര ഖേരളത്തിന് ആശംസകൾ”

FB postarchived link

എന്നാല്‍ ചിത്രത്തിലുള്ള ബാനര്‍ സര്‍ക്കാര്‍ സ്കൂളിലെതല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ചിത്രത്തിലെ ബാനറില്‍ 2026-27 അധ്യായന വർഷത്തെതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏത് സ്കൂള്‍ ആണിതെന്നു യാതൊരു സൂചനയുമില്ല. ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സ്കൂളിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ  പ്രവേശനോത്സവ പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തതായി കണ്ടു. 

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മറക്കരയിലുള്ള കീഴ്‌മുറി എ.എം.പി.എൽപി സ്കൂളാണ് ഇത്. 

https://www.instagram.com/reel/DZEn8fdTLkw/

പോസ്റ്റിലെ അതേ ബാനർ ഇതില്‍ കാണാം. എന്നാൽ സന്ദേശത്തിൽ അവകാശപ്പെടുന്നതുപോലെ ഇതൊരു സർക്കാർ സ്കൂളല്ല, പ്രൈവറ്റ് എയിഡഡ് സ്കൂളാണ്. 1936 മുതൽ പ്രവർത്തിക്കുന്ന സ്കൂളിന്‍റെ ഇപ്പോഴത്തെ മാനേജർ സുലൈമാൻ ഹാജിയാണ്.

പ്രവേശനോത്സവം AMPLPSCHOOL KIZHIMURI” എന്ന വിവരണത്തോടെ ജൂൺ ഒന്നിന്‌ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്ത ഒരു റീലില്‍ ഇതേ ദൃശ്യങ്ങള്‍ കാണാം. 

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സ്കൂളിന്‍റെ ഹെഡ് മാസ്റ്റര്‍  ടി. രാജേഷുമായി സംസാരിച്ചു. “സ്കൂളിനെതിരായ വർഗീയ പ്രചരണം ശ്രദ്ധയില്‍പ്പെട്ടിരുന്നു. എല്ലാ വര്‍ഷവും ഞങ്ങള്‍ പ്രവേശനോത്സവം നടത്താറുണ്ട്. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സ്കൂളിൽ പലയിടത്തും ബാനറുകളും മറ്റ് അലങ്കാരങ്ങളും സ്ഥാപിച്ചിരുന്നു. സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ വീഡിയോ കണ്ടു നോക്കിയാല്‍ ഈ പ്രചരണം തെറ്റാണെന്ന് മനസ്സിലാക്കാന്‍ പറ്റും. പലതരം ബാനറുകള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതില്‍ ഒരെണ്ണം മാത്രമെടുത്ത് ദുഷ്പ്രചരണം നടത്തുകയാണ്.”  

നിഗമനം 

മലപ്പുറത്തെ സർക്കാർ സ്കൂളിൽ പ്രവേശനോത്സ ബാനർ അറബി ഭാഷയില്‍ സ്ഥാപിച്ചു എന്ന പ്രചാരണം തെറ്റാണ്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെ മറക്കരയിലുള്ള കീഴ്‌മുറി എ.എം.പി.എൽപി സ്കൂള്‍ എന്ന എയിഡഡ് സ്കൂളാണിത്. സ്കൂളിൽ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് മലയാളത്തില്‍ ബോർഡുകളും ബാനറുകളും ഒരുക്കിയിരുന്നു. സ്കൂളിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Result Stamp

Title: മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോല്‍സവത്തിന് അറബി എഴുത്തുള്ള ബാനര്‍..? പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Written By: Vasuki S

Result: False