കൊല്ലത്ത് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Altered സാമൂഹികം

വിവരണം

കൊല്ലത്ത് വിദേശമദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റത് ലിറ്ററിന് 900 രൂപ നിരക്കില്‍ എന്ന് തുടങ്ങുന്ന ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൊല്ലം അഞ്ചാലമ്മൂഡാണ് സംഭവമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഒരു യുവതി പോലീസ് കസ്റ്റഡിയില്‍ നില്‍ക്കുന്ന മനോരമ ന്യൂസിന്‍റെ വിഷ്വല്‍ സഹിതമാണ് പ്രചരണം. ഹാരിസ് ആന്‍ഫീല്‍ഡ് എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 9,858ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് –

Instagram Video Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച ഇതെ വാര്‍ത്തയുടെ ഷോര്‍ട് വീഡിയോ കണ്ടെത്താന്‍ കഴിഞ്ഞു. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച് 50 ലക്ഷത്തിലേറെ വിലവരുന്ന എംഡിഎംഎ; കൊച്ചിയിൽ യുവതി പിടിയിൽ എന്ന തലക്കെട്ട് നല്‍കിയാണ് മനോരമ ന്യൂസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2024 ജൂണ്‍ 19നാണ് വാര്‍ത്ത മനോരമ ന്യൂസ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയില്‍ ലൈവ് ഓഡിയോ മാത്രമാണ് കേള്‍ക്കാന്‍ കഴിയുന്നത്. വിദേശമദ്യമെന്ന വ്യാജേന കട്ടന്‍ ചായ വിറ്റു എന്ന ഓഡിയോ വാര്‍ത്തയില്ലായെന്നും സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മനോരമ ന്യൂസ് പങ്കുവെച്ച യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോ –

Manorama News Youtube Video 

ഇതെ കുറിച്ചുള്ള വിശദമായ വാര്‍ത്ത കേരള ഡിഡി ന്യൂസ് (ദൂരദര്‍ശന്‍) അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചതായും കണ്ടെത്താന്‍ കഴിഞ്ഞു. ഡെല്‍ഹിയില്‍ നിന്നും എത്തിയ ബെംഗളുരു സ്വദേശിനിയായ യുവതിയില്‍ നിന്നുമാണ് ഒരു കോടി രൂപ വില വരുന്ന എംഡിഎംഎ ആലുവയില്‍ പോലീസ് പിടികൂടിയത്. വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്നുമാണ് വിശദാംശങ്ങള്‍.

ഡിഡി മലയാളം വാര്‍ത്ത വീഡിയോ –

YouTube Video 

അതെസമയം കൊല്ലം അഞ്ചാലമ്മൂ‍ഡ് പ്രവര്‍ത്തിക്കുന്ന ബാറിന് സമീപത്ത് നിന്നും മദ്യമെന്ന വ്യാജേന ലിറ്ററിന് 900 രൂപയ്ക്ക് യുവാക്കളെ പറ്റിച്ചു എന്ന വാര്‍ത്തയും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 ഓഗസ്റ്റ് മൂന്നിനാണ് കാഞ്ഞങ്ങാട് വിഷന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വാര്‍ത്ത സ്ക്രീന്‍ഷോട്ട് –

News Article 

നിഗമനം

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ നിന്നും ഹീറ്ററില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎയുമായ യുവതി പോലീസ് പിടിയിലായ സംഭവത്തിന്‍റെ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത വീഡിയോ വ്യാജമായി എഡിറ്റ് ചെയ്താണ് മറ്റൊരു വാര്‍ത്ത എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കൊല്ലത്ത് കട്ടന്‍ചായ മദ്യമെന്ന വ്യാജേന വില്‍പ്പന നടത്തിയ കേസില്‍ പിടിയിലായ യുവതിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos  

Result: Altered