
കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഹനങ്ങളുടെ സ്ക്രാപ്പേജ് നയം പ്രതിപാദിച്ചിരുന്നു. പഴയ വാഹനങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് നായ രൂപീകരണം. ഇതനുസരിച്ച് രാജ്യത്തെ വാണിജ്യ വാഹനങ്ങൾ, പുതുതായി വാങ്ങുന്നത് മുതൽ 15 വർഷത്തേക്കും സ്വകാര്യവാഹനങ്ങൾ 20വര്‍ഷം വരെയുമാണ് പരമാവധി ഉപയോഗിക്കാൻ സാധിക്കുക. അതിനുശേഷം അധികം കേടുപാട് സംഭവിക്കാത്ത വാഹനങ്ങൾ പുനർ രജിസ്ട്രേഷൻ ചെയ്യാനാണ് സർക്കാർ തീരുമാനം. ഇതിനുശേഷം പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെയുള്ളത്.
പ്രചരണം
ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചതിനെ കുറിച്ച് പ്രചരിക്കുന്ന വാർത്ത ഇതാണ്: “വാഹനങ്ങളുടെ രെജിസ്ട്രേഷന്‍ ഫീസ് 830% വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ രാജ്യത്തിന്‍റെ അന്നദാതാക്കളെ വണ്ടി കയറ്റി കൊന്നവരിൽ നിന്നും ഇതില്‍ കുറഞ്ഞ് എന്ത് പ്രതീക്ഷിക്കാന്‍… അച്ഛാ ദിന്‍ വീണ്ടും…” പോസ്റ്റർ രൂപത്തിലെ വാർത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതായത് വാഹനങ്ങളുടെ രജിസ്റ്റേഷന്‍ തുക കുത്തനെ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണ് ഇതെന്നും പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ തുകയാണ് വർധിപ്പിച്ചത് എന്നും ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി.
വസ്തുത ഇതാണ്
വാഹനങ്ങളുടെ രജിസ്ട്രേഷൻ തുകയല്ല യഥാർത്ഥത്തിൽ വർധിപ്പിച്ചത് റീ-രജിസ്ട്രേഷൻ തുകയാണ്. കേന്ദ്ര സർക്കാരിന്‍റെ സ്ക്രാപ്പേജ് നയമനുസരിച്ച് പഴയ വാഹനങ്ങൾ -സ്വകാര്യ വാഹനമാണെങ്കിൽ 20 വർഷം കഴിഞ്ഞ് ഉപയോഗിക്കണമെങ്കിൽ ഫിറ്റ്നസ്സ് ടെസ്റ്റിന് വിധേയമാക്കണം. വാണിജ്യ വാഹനമാണെങ്കിൽ 15 വർഷം കഴിഞ്ഞ് ടെസ്റ്റ് നടത്തണം. ടെസ്റ്റിനുശേഷം വാഹനങ്ങൾ പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ നിർബന്ധമായും പൊളിക്കണം എന്നാണ് നിയമം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച വാഹനങ്ങൾക്ക് വീണ്ടും രജിസ്ട്രേഷൻ നടത്തിയെങ്കില്‍ മാത്രമേ നിരത്തിൽ ഓടുവാൻ പറ്റുകയുള്ളൂ. ഇങ്ങനെ റീ–രെജിസ്ട്രേഷന്‍ ചാർജാണ് വർധിപ്പിച്ചിരിക്കുന്നത്. നയത്തിന്‍റെ വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്തയായി നല്‍കിയിട്ടുണ്ട്.
പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ തുക വര്‍ദ്ധിപ്പിച്ചിട്ടില്ല. പുതിയ സ്ക്രാപ്പേജ് നയം 2022 ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരിക.
MORTH notification 1 | MORTH notification 2
പുതിയ നിയമം അനുസരിച്ച് 15 വർഷത്തിലേറെ പഴക്കമുള്ള വാഹനത്തിന് നിലവിലെ രജിസ്ട്രേഷൻ തുകയായ 600 പകരം 5000 രൂപ അടക്കേണ്ടി വരും. എല്ലാത്തരം വാഹനങ്ങളുടെ നിരക്കും ഇപ്രകാരം വർധിപ്പിച്ചിട്ടുണ്ട്.
പഴയ വാഹനം ഉപയോഗിക്കുന്നത് കുറയ്ക്കുക എന്ന നയത്തിന്‍റെ സ്വീകാര്യത വർധിപ്പിക്കാനാണ് ഇത്തരത്തിൽ സർക്കാർ ഒരു നിയമം നടപ്പിലാക്കുന്നത് എന്ന സംസ്ഥാന മോട്ടോർ വകുപ്പ് നിയമ ഓഫീസർ യു സുനിൽകുമാർ ഞങ്ങളോട് വ്യക്തമാക്കി. “പഴയ വാഹനങ്ങള്‍ അതായത് 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴമുള്ള സ്വകാര്യ വാഹനങ്ങളും രണ്ടാമത് രെജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള ഫീസ് ആണ് വര്‍ദ്ധിപ്പിച്ചത്. സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും ഉപേക്ഷിക്കാൻ ആണ് സര്‍ക്കാര്‍ തല തീരുമാനം.
പെട്രോൾ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കാലഘട്ടം മാറുകയാണ്. പുതിയ ന്യൂജനറേഷൻ വാഹനങ്ങൾ കൂടുതലും ഇലക്ട്രിക് ആയിരിക്കും. അപ്പോൾ പടിപടിയായി പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റുക എന്നതാണ് സർക്കാരിന്‍റെ നയം. ഡല്‍ഹിയിലും അതുപോലെ നമ്മുടെ നാട്ടില്‍ തിരുവനന്തപുരം കൊച്ചി നഗരങ്ങളിലും പഴയ വാഹനങ്ങൾ വരുത്തുന്ന മലിനീകരണം പരിസ്ഥിതിക്കു വളരെ ദോഷം ചെയ്യുന്നുണ്ട്. ഈ സാഹചര്യം ഇനിയും വര്‍ദ്ധിച്ചു വരിക തന്നെ ചെയ്യും.
പുതിയ വാഹനത്തിന്‍റെ രജിസ്ട്രേഷൻ തുകയ്ക്ക് യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. ഇത്തരത്തിൽ നടത്തുന്ന പ്രചരണങ്ങൾ തെറ്റാണ്. പഴയ വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് മാത്രമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്”
നിഗമനം
പോസ്റ്റിനെ പ്രചാരണം തെറ്റാണ്. 15 വർഷം പഴക്കമുള്ള ഉള്ള വാണിജ്യ വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പുനര്‍ രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള തുകയാണ് വർദ്ധിപ്പിച്ചിട്ടുള്ളത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക വർധിപ്പിച്ചിട്ടില്ല പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പുതിയ സ്ക്രാപ്പേജ് നയപ്രകാരം പഴയ വാഹനങ്ങളുടെ റീ-രജിസ്ട്രേഷന്‍ തുകയാണ് വര്‍ദ്ധിപ്പിച്ചത്…പുതിയതിന്‍റെതല്ല…
Fact Check By: Vasuki SResult: Misleading
