
വിവരണം
സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ 2017 മാർച്ച് 20 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് താഴെ നല്കിട്ടിട്ടുള്ളത്. ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്….!!
”കേരള മീഡിയ അറിയാത്ത വാർത്ത”….!! എന്ന അടിക്കുറിപ്പോടെ ഒരു ഗ്രാഫിക് വിവരണമാണ് പ്രസിദ്ധീകരിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ പാർട്ടിയിൽ നാലാം സ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്.. റിപ്പോർട്ട് പുറത്തു വിട്ട് ബിബിസി. രാഹുലിനും സോണിയയ്ക്കും അഭിമാനിക്കാം.” എന്ന വിവരണത്തോടെ ലോകത്തെ അഴിമതി പാർട്ടികൾ ഏതൊക്കെയെന്ന് മുൻഗണനാ ക്രമത്തിൽ അക്കമിട്ട് നിരത്തിയ ഒരു ലിസ്റ്റ് പോസ്റ്റിൽ നൽകിയിട്ടുണ്ട്. 2017 മാർച്ചിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് വീണ്ടും വൈറലാവുകയാണ്. പോസ്റ്റിന് 9400 ഷെയറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.
വസ്തുതാ പരിശോധന
പോസ്റ്റിനൊപ്പം ഒരു വെബ്‌സൈറ്റ് ലിങ്ക് നൽകിയിട്ടുണ്ട്. അതിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ആ ലിങ്ക് പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.ബ്രിട്ടനിലെ പ്രമുഖ വാർത്താ മാധ്യമമായ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷൻ അഥവാ ബിബിസി ചാനലിൽ പ്രസിദ്ധീകരിച്ച വാർത്ത എന്ന മട്ടിലാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ ലിങ്ക് ബിബിസിന്യൂസ്‌പോയിന്‍റ എന്ന വെബ്‌സൈറ്റിന്‍റേതാണ്. 2017 മാർച്ച് 17 നാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇത് യഥാർത്ഥ ബിബിസി വെബ്‌സൈറ്റ് അല്ല. യഥാർത്ഥ ബിബിസിയുടെ ‘അപരൻ’ ആണ്.

archived link | bbcnewspoint |
യഥാർത്ഥ ബിബിസിയുടെ ഒരു സ്ക്രീൻഷോട്ട് വായനക്കാരുടെ അറിവിലേക്കായി ഞങ്ങൾ താഴെ നൽകുന്നു.

ഞങ്ങൾ പ്രസ്തുത വെബ്സൈറ്റിനെക്കുറിച്ച് തിരഞ്ഞപ്പോൾ ലഭിച്ച വിവരങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു:

പോസ്റ്റ് പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്ന ചില സൂചനകൾ പോസ്റ്റിനു ലഭിച്ച കമന്‍റുകൾ ശ്രദ്ധിച്ചാൽത്തന്നെ നമുക്ക് ലഭിക്കും. അത്തരത്തിൽ ചിലത് താഴെ നൽകുന്നു.
മുകളിലെ കമന്‍റിൽ പരാമർശിക്കുന്ന ഗീതാ പാണ്ഡേ ബിബിസിയുടെ എഡിറ്ററായി ഇന്ത്യയിൽ ജോലി ചെയ്യുകയാണ്. അവരുടെ ട്വിറ്റർ പേജിൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.

archived link | twitter page geetapandey BBC |
ഈ ചാനലിനെപ്പറ്റി കൂടുതലറിയാൻ ഞങ്ങൾ ശ്രമിച്ചു. ആരാണ് വെബ്‌സൈറ്റിന്‍റെ ഉടമസ്ഥർ അല്ലെങ്കിൽ നടത്തിപ്പുകാർ, എവിടെയാണ് അവരുടെ ആസ്ഥാനം തുടങ്ങിയ വിവരങ്ങൾ സത്യസന്ധമായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാൽ ബിബിസിന്യൂസ് പോയിന്‍റ വിവരങ്ങൾ എടുത്തു പരിശോധിച്ചാൽ അവരുടെ വിവരങ്ങളിൽ അത്തരം വ്യക്തതയില്ല. ചാനൽ വിവരങ്ങൾ അവർ വെബ്‌സൈറ്റിൽ എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിൽ പരസ്യപ്പെടുത്തിയിട്ടില്ല. whois.com എന്ന വെബ്‌സൈറ്റ് ബിബിസിന്യൂസ് പോയിന്‍റിനെക്കുറിച്ച് ശേഖരിച്ച ഡൊമൈൻ സംബന്ധിച്ച വിവരങ്ങൾ അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍റെ സ്‌ക്രീൻ ഷോട്ട് താഴെ നൽകുന്നു.

കൂടാതെ ഞങ്ങൾ ക്വോറാ ഫോറത്തിൽ (quora.com) അതേപ്പറ്റിയുള്ള വിവരങ്ങൾ തിരഞ്ഞു. അതിൽ ബിബിസിന്യൂസ് പോയിന്‍റിനെപ്പറ്റി ചില വസ്തുതകൾ ലഭ്യമാണ്. അതിൽ Timix A Thomas എന്നയാൾ നൽകിയിട്ടുള്ള വിവരം ഇപ്രകാരമാണ്, ബിബിസിന്യൂസ് പോയിന്‍റ ഒരു വ്യാജമായതും നിയമാനുസൃതമല്ലാത്തതുമായ ചാനലാണ്.
archived link | quora |

അവർ ബിബിസിയുടെ അപരന്മാരാണ്. യഥാർത്ഥ ബിബിസിയിൽ നിന്നും അവരുടെ ലോഗോ വ്യത്യസ്തമാണ്.


വളരെ ചെലവ് ചുരുങ്ങിയ ഹോസ്റ്റിംഗ് സർവീസ് ആണ് ബിബിസിന്യൂസ് പോയിന്‍റ ഉപയോഗിച്ചിരിക്കുന്നത്. ബിബിസി അത്തരം നിലവാരമില്ലാത്ത ഹോസ്റ്റിംഗ് സർവീസ് ഉപയോഗിക്കില്ല. അവർക്ക് സ്വന്തമായി ബഹുലമായ ഏതുതരം വെബ്‌സൈറ്റ് ട്രാഫിക്കിനെയും നേരിടാൻ പര്യാപ്തമായ ഹോസ്റ്റിംഗ് സർവീസാണുള്ളത്. Timix A Thomas യഥാർത്ഥ ബിബിസിയുടെയും ബിബിസിന്യൂസ്‌പോയന്‍റിന്‍റെയും ഹോസ്റ്റിങ് സർവീസിന്‍റെ സ്ക്രീൻഷോട്ടുകൾ നൽകിയിട്ടുണ്ട്.

ഒപി ഇന്ത്യ 2017 മാർച്ച് 19 ന് അതായത് പ്രസ്തുത വാർത്ത പ്രത്യക്ഷപ്പെട്ടു രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ വാർത്ത വ്യാജമാണെന്ന് കണ്ടെത്തിയതിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.വാർത്തയുടെ ലിങ്ക് ചുവടെ നൽകുന്നു ക്വിന്‍റ് എന്ന വെബ്‌സൈറ്റ് 2017 മാർച്ച് 22 ന് ബിബിസിന്യൂസ്‌പോയന്‍റിന്‍റെ വാർത്ത വ്യാജമാണെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link opindia | archived link quint.com |
മുകളിലെ കമന്‍റിൽ പരാമർശിക്കുന്ന dnaindia യുടെ വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ചു. ഇവിടെ വായിക്കാം.
This is a really old fake. Foxnewspoint is a fake site, it was earlier bbcnewspoint. No connection with the real Fox or BBC.
— BOOM FactCheck (@boomlive_in) September 17, 2017
ഈ വാർത്ത വ്യാജമാണെന്ന് Boomlive ട്വിറ്ററിൽ കുറിച്ച പോസ്റ്റാണ് മുകളിൽ നൽകിയിട്ടുള്ളത്. ഞങ്ങളുടേതു പോലെത്തന്നെ വസ്തുതാ പരിശോധന നടത്തുന്ന മറ്റൊരു വെബ്‌സൈറ്റാണ് Boomlive.
ഞങ്ങൾ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമാകുന്നത് ഈ റിപ്പോർട്ട് വ്യാജമാണെന്നാണ്. റിപ്പോർട്ടിൽ ഉയർത്തിക്കാട്ടുന്ന വാദഗതി പ്രസ്തുത ചാനലുകാരുടെ മാത്രം അഭിപ്രായമാണ്. മറ്റൊരു മാധ്യമങ്ങളും ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രമല്ല യഥാർത്ഥ ബിബിസിയുടെ അപരനാണ് ബിബിസിന്യൂസ്‌പോയന്‍റ എന്ന വ്യാജ വെബ്‌സൈറ്റ് എന്നാണ് നമുക്ക് ലഭ്യമായ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
നിഗമനം
സുദർശനം ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണ്.ബിബിസിന്യൂസ്‌പോയന്‍റ എന്ന വെബ്‌സൈറ്റ് യഥാർത്ഥ ബിബിസി എന്ന വ്യാജേന ഈ വാർത്ത നൽകിയിരിക്കുകയാണ്. മാത്രമല്ല വെബ്‌സൈറ്റ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2017 മാർച്ച് 17 നാണ്. വാർത്തയ്ക്ക് രണ്ടു വർഷം പഴക്കമുണ്ട്. പൂർണമായും വ്യാജമാണെന്ന് സ്ഥിരീകരിച്ച ഈ വാർത്ത പ്രചരിപ്പിക്കാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുമല്ലോ.
ചിത്രങ്ങൾ കടപ്പാട്: ഗൂഗിൾ, BBC, bbcnewspoint

Title:ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാഷ്ട്രീയ പാർട്ടികളിൽ കോൺഗ്രസ്സ് നാലാം സ്ഥാനത്താണോ …?
Fact Check By: Deepa MResult: False
