
കോൺഗ്രസ് രാമക്ഷേത്രം തകർത്ത് ബാബറി മസ്ജിദ് പണിയും എന്ന തരത്തിൽ ഒരു പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. വയനാട്ടിൽ തെരെഞ്ഞെടുപ്പ് വിജയിക്കാൻ കോൺഗ്രസ് ഇറക്കിയ വർഗീയ പരസ്യമാണിത് എന്നാണ് പ്രചരണം.
പക്ഷെ ഞങ്ങൾ ഈ പരസ്യത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല എന്ന് കണ്ടെത്തി. ആരാണ് ഈ വിവാദ പരസ്യം കോൺഗ്രസിന്‍റെ പേരിൽ ഇറക്കിയത് നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ അയോധ്യയിലെ രാമക്ഷേത്രം തകർത്ത് അതിന്‍റെ മുകളിൽ ബാബറി മസ്ജിദ് വരുന്നത്തിന്‍റെ ദൃശ്യങ്ങൾ കാണാം. അതിന് ശേഷം വോട്ട് ഫോർ കോൺഗ്രസ് എന്ന ആഹ്വാനവും ചെയ്യുന്നതായി നമുക്ക് കാണാം. ഈ പരസ്യം കോൺഗ്രസ് വയനാട് ജില്ലാ സമിതിയാണ് ഇറക്കിയത് എന്ന് വീഡിയോയിൽ പറയുന്നു. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:
“*വയനാട് ലോക്‌സഭാ സീറ്റിൽ പ്രിയങ്ക/രാഹുലിന് വോട്ട് ചെയ്യാൻ കോണ്ഗ്രേസ് എന്ത് പരസ്യമാണ് ചെയ്തതെന്ന് നോക്കൂ, ഇത് എല്ലാ ഹിന്ദുക്കൾക്കും അയച്ച് അവരുടെ കണ്ണുതുറക്കുക*.അപ്പൊ മനസിലായല്ലോ കോൺഗ്രസ്സ് എന്ത് സന്ദേശമാണ് മുസ്ലിങ്ങൾക്ക് കൊടുക്കുന്നതെന്ന്”
എന്നാൽ ഈ പ്രചരണം എത്രത്തോളം സത്യമാണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പരസ്യം ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ സമയത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് മനസിലായി. കൂടുതൽ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് കോൺഗ്രസിന്‍റെ കേരളം മാധ്യമങ്ങളും ആശയവിനിമയം തലവനും കോൺഗ്രസ് പ്രവക്താവുമായ ലാവണ്യ ബല്ലാൽ ജെയിനിന്‍റെ ഒരു പോസ്റ്റ് അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ കണ്ടെത്തി. ഈ പോസ്റ്റിൽ ഈ പരസ്യത്തിനെതിരെ കോൺഗ്രസ് പൊലീസിന് നൽകിയ പരാതിയുടെ കുറിപ്പാണുള്ളത്.
മുൻ കോൺഗ്രസ് എം.എൽ.എ. എൻ.ഡി.അപ്പച്ചൻ വയനാട് പോലീസ് സൂപ്രണ്ടിന് എഴുതിയ ഈ പത്രം പറയുന്നത് ഇങ്ങനെയാണ്:
“വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ, രാജ്യത്തിൻ്റെ മതസൗഹാർദ്ദം തകർക്കുന്ന വിധത്തിൽ ഒരു വ്യാജ വീഡിയോ നിർമ്മിച്ച് വിതരണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ബോധപൂർവ്വം നിർമ്മിച്ച് വിതരണം ചെയ്യുന്ന ഈ വീഡിയോ നിർമ്മിച്ചവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും, പ്രസ്‌തുത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. വീഡിയോയുടെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.”
ഇതിനെ തുടർന്ന് പോലീസ് ഈ പരസ്യത്തിനെ കുറിച്ച് അന്വേഷണം നടത്തി ഒരു മുവാറ്റുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
വാർത്ത വായിക്കാൻ – TNIE | Archived
മുകളിൽ നൽകിയ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പ്രകാരം മുവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ എറണാകുളം റൂറൽ സൈബർ പോലീസിൽ ഈ വീഡിയോക്കെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴയിലെ തൃക്കളത്തൂർ സ്വദേശി രാജേഷ് ജി. നായരെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വ്യക്തി ഈ വീഡിയോ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു എന്നാണ് ആരോപണം.
നിഗമനം
സമൂഹ മാധ്യമങ്ങളിൽ വയനാട് കോൺഗ്രസ് ഇറക്കിയ വിവാദ വർഗീയ പരസ്യം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ കോൺഗ്രസ് ഇറക്കിയതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:അയോധ്യയിലെ രാമക്ഷേത്രം തകർക്കും എന്ന തരത്തിലുള്ള പരസ്യം കോൺഗ്രസ് പാർട്ടി ഇറക്കിയതല്ല…
Written By: Mukundan KResult: False
