വിവരണം

ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഇടതുപക്ഷത്തെ പരിഹസിച്ചു മറുപടി പറഞ്ഞു എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ സങ്കല്‍പ്പങ്ങളും കാഴ്ച്ചപ്പാടുകളും ഇടതുവിരുദ്ധമാണെന്നും പലപ്പോഴും വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഇടതുപക്ഷം എന്തുകൊണ്ടാണ് താങ്കളെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതെന്നതാണ് ചോദ്യം. അതിന് മറുപടിയായി നമുക്ക് ഒപ്പം സഞ്ചരിക്കുന്നവരാണെങ്കില്‍ നമ്മളെ മനസിലാക്കാന്‍ എളുപ്പമുണ്ട് എന്നാല്‍ നമ്മളെക്കാള്‍ 15 വര്‍ഷം പിന്നില്‍ സഞ്ചരിക്കുന്നവരാണെങ്കില്‍ അവരോട് നമുക്ക് സ്നേഹവും സഹതാപവും മാത്രമെയുള്ളു.. എന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മറുപടി പറയുന്നതാണ് വീഡിയോ. മിഷന്‍ കേരള 140 എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,200ല്‍ അധികം റിയാക്ഷനുകളും 620ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇടതുപക്ഷത്തിനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര അദ്ദേഹവുമായ ബന്ധപ്പെട്ട അറിയിപ്പുകളും മറ്റ് വിവരങ്ങളും എല്ലാം തന്നെ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലായ സഫാരിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സാധരണയായി പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും സമൂഹമാധ്യമങ്ങളിലെ പ്രചരണവുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്‍റെ വിശദീകരണം കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോ പ്രതികരണമാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര നല്‍കിയിരിക്കുന്നത്. ഇങ്ങനെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍-

ഇടതുപക്ഷത്തിനെതിരെ താന്‍ വിമര്‍ശനം നടത്തിയെന്ന പേരില്‍ കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ട്രൂ കോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു അഭിമുഖത്തിന്‍റെ ഭാഗമാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ അഭിമുഖത്തിന്‍റെ പല ഭാഗങ്ങള്‍ വെട്ടിയെടുത്ത് ഒരുമിച്ച് ചേര്‍ത്ത് താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന രീതിയില്‍ ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുകയാണെന്നും ദയവ് ചെയ്ത് ട്രൂ കോപ്പി തിങ്കിന്‍റെ മുഴുവന്‍ ദൈര്‍ഘ്യമുള്ള വീഡിയോ എല്ലാവരും കണ്ട് എന്താണ് താന്‍ പറഞ്ഞ കാര്യമെന്ന് മനസിലാക്കണമെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര വിശദീകരിച്ചു.

സഫാരി ടിവി പങ്കുവെച്ച വിശദീകരണ വീഡിയോ-

ട്രൂ കോപ്പി തിങ്ക് അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗവും അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ലഭിച്ചു. അഭിമുഖം നടത്തുന്ന മാധ്യമ പ്രവര്‍ത്തകനായ ഹര്‍ഷന്‍ പൂപ്പാറക്കാരന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയോട് അദ്ദേഹം മുന്‍പ് നടത്തിയ ചില വിവാദ പ്രസ്താവനകളെ കുറിച്ച് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. നമ്മുടെ നാട്ടിലെ ജനങ്ങളുടെ ലൈംഗിക ദാരിദ്ര്യം മാറണമെങ്കില്‍ വേശ്യാലയങ്ങള്‍ പോലെയുള്ളവ നിയമവിധേയമാക്കണമെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുന്‍പ് നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്നത്. ഇതെ കുറിച്ചുള്ള മറുപടിക്ക് ഇടിയിലാണ് ഇടതുപക്ഷം സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ മുന്‍പ് വിമര്‍ശിച്ചതിനെ കുറിച്ചും എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആസൂത്രണ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തതിനെ കുറിച്ചും ചോദിക്കുന്നത്. അപ്പോള്‍ മുന്‍പ് ചോദിച്ച ലൈംഗിക ദാരദ്രത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പൂര്‍ത്തീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഒരു 10 വര്‍ഷത്തിന് ശേഷം നമ്മുടെ സമൂഹം അംഗീകരിക്കുമെന്നും അവര്‍ 15 വര്‍ഷം പിറകോട്ട് ചിന്തക്കുന്നതാണ് കുഴപ്പമെന്നുമാണ് സന്തോഷ് പറയുന്നത്. ഇതിന് ശേഷം ചോദ്യത്തിനുള്ള യതാര്‍ത്ഥ മറുപടിയായി ഇടതുപക്ഷമോ വലത് പക്ഷമോ എന്നത് നോക്കിയല്ല താന്‍ സഹകരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരാണ് ചുമതല ഏല്‍പ്പിച്ചത്. ആ ചുമതലയാണ് നിര്‍വഹിക്കുന്നതെന്നും യുവജനകാര്യം, കായികം, മ്യൂസിയം, സൂ തുടങ്ങിയ ചുമതലകളും തനിക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്നും സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മറുപടി പറയുന്നത്.

വീഡിയോയുടെ പ്രസക്ത ഭാഗം ട്രൂ കോപ്പി തിങ്ക് പങ്കുവെച്ചിരിക്കുന്നത്-

നിഗമനം

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇടതുപക്ഷത്തിന് എതിരെ വിമര്‍ശനം നടത്തിയെന്ന പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത് തെറ്റ്ദ്ധാരണ പരുത്തുന്ന പ്രചരണമാണെന്ന് അനുമാനിക്കാം.

Avatar

Title:ഇടതുപക്ഷത്തെ പരിഹസിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False