സമൂഹ മാധ്യമങ്ങളിൽ മുൻ മന്ത്രിയും ബിജെപി എം.പിയുമായ അനുരാഗ് ഠാക്കൂരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വാദപ്രതിവാദം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിച്ചു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ അനുരാഗ് ഠാക്കൂർ വാദിച്ചത് രാഹുൽ ഗാന്ധിയുമായി അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് അനുരാഗ് ഠാക്കൂരിന്‍റെ പ്രസംഗം കേൾക്കാം. വിഡിയോയിൽ ഠാക്കൂർ ചോദിക്കുന്നു: “ഭരണഘടനയിൽ എത്ര പേജുകളുണ്ട്?” ഇതിന് ശേഷം രാഹുൽ ഗാന്ധി ദേഷ്യപ്പെട്ട് എഴുന്നേറ്റു നിൽക്കുന്നതായി നമുക്ക് കാണാം. ക്യാമെറ വീണ്ടും ഠാക്കൂരിനെ കാണിക്കുന്നു. ഠാക്കൂർ പറയുന്നു :”കയ്യിൽ ഭരണഘടന ഉയര്‍ത്തി കാണിക്കുന്നത്തിൽ ഒരു അർത്ഥമില്ല അത് വായിക്കുക കൂടെ ചെയ്യണം”. പോസ്റ്റിന്‍റെ അടികുറിപ്പിൽ ഈ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “👉ഇന്ത്യൻ ഭരണഘടനയ്ക്ക് എത്ര പേജുകൾ ഉണ്ടെന്ന് രാഹുൽ ഗാന്ധിയോട് യോട് ബിജെപി എം.പി അനുരാഗ് താക്കൂർ.ഉത്തരം മുട്ടി പല്ല് കടിച്ച് രാഹുൽ

👉ഭരണഘടന പൊക്കി പിടിച്ചു കൊണ്ട് നടന്നാൽ പോരാ അത് തുറന്ന് വായിക്കണമെന്ന് കൂടി അനുരാഗ് താക്കൂർ കൂട്ടിചേർത്തപ്പോൾ സഭയിൽ ഇരുന്ന മൊത്തം കൊങ്ങികളുടെയും കിളി പോയി 🤭”

എന്നാൽ ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ലോകസഭയുടെ യൂട്യൂബ് ചാനൽ സൻസദ് ടിവിയിൽ അനുരാഗ് ഠാക്കൂറിന്‍റെ മുഴുവൻ പ്രസംഗത്തിന്‍റെ വീഡിയോ ലഭിച്ചു.

അനുരാഗ് ഠാക്കൂർ വിഡിയോയിൽ കേൾക്കുന്ന പ്രസ്താവന നടത്തുന്നത് 56:36 മിനിറ്റിനാണ് നടത്തുന്നത്. അദ്ദേഹം പ്രതിപക്ഷത്തിനോട് ചോദിക്കുന്നു, “ഭരണഘടനയിൽ എത്ര പേജുകളുണ്ട്?” പ്രസംഗത്തിന്‍റെ തുടക്കത്തിൽ നമുക്ക് രാഹുൽ ഗാന്ധിയെ കാണാം. പക്ഷെ ഠാക്കൂർ ഈ പ്രസ്താവന നടത്തുമ്പോൾ രാഹുൽ ഗാന്ധി സഭയിൽ കാണുന്നില്ല. രാഹുൽ ഗാന്ധി ഇരുന്നിരുന്ന 56:49ന് ക്യാമറ പ്രതിപക്ഷത്തിനെ കാണിക്കുമ്പോൾ രാഹുൽ ഗാന്ധിയെ അവിടെ കാണാനില്ല.

മുകളിൽ നൽകിയ താരതമ്യത്തിൽ നമുക്ക് പ്രസംഗത്തിന്‍റെ തുടക്കത്തിൽ രാഹുൽ ഗാന്ധി കൊടിക്കുന്നിൽ സുരേഷിന്‍റെ അടുത്ത് നിൽക്കുന്നതായി കാണാം. അദ്ദേഹത്തിന്‍റെ പിന്നിൽ കേരളത്തിലെ രണ്ട് എം.പിമാർ എൻ.കെ. പ്രേമചന്ദ്രനെയും കെ.സി. വേണുഗോപാലിനെയും കാണുന്നുണ്ട്. പക്ഷെ ഠാക്കൂർ പ്രതിപക്ഷത്തിനോട് വൈറൽ വിഡിയോയിൽ കാണുന്ന ചോദ്യം ചോദിക്കുമ്പോൾ ഈ സ്ഥലത്ത് രാഹുൽ ഗാന്ധിയെ കാണാനില്ല. കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവർ അവരുടെ സ്ഥാനത്ത് തന്നെയുണ്ട്.

കൂടാതെ വൈറൽ വിഡിയോയിൽ രാഹുൽ ഗാന്ധിയുടെ ദേഷ്യപെടുന്നത്തിന്‍റെ ദൃശ്യങ്ങൾ കാണുമ്പോൾ സ്‌പീക്കർ കസേരയിൽ സ്പീക്കർ ഓം ബിർള തന്നെയാണ് ഇരിക്കുന്നത് എന്ന് വ്യക്തമാകുന്നു. പക്ഷെ അനുരാഗ് ഠാക്കൂർ ഈ പ്രസ്താവന നടത്തുമ്പോൾ സ്‌പീക്കർ കസേരയിൽ ഇരിക്കുന്നത് ദിലീപ് സൈകിയയാണ് എന്ന് വ്യക്തമായി കാണിക്കുന്നു.

പ്രസംഗത്തിനിടെ അനുരാഗ് ഠാക്കൂർ ടി.എം.സി. എം.പി. കല്യാൺ ബാനർജിയുമായി വാദിക്കുന്നത് കാണാം. ഈ സംഭവം വൈറൽ വിഡിയോയിലും കാണുന്നുണ്ട്.

നിഗമനം

വൈറൽ വിഡിയോയിൽ അനുരാഗ് ഠാക്കൂർ ലോകസഭയിൽ പ്രസംഗത്തിനിടെ വാദിക്കുന്നത് രാഹുൽ ഗാന്ധിയുമായി അല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. വൈറൽ വീഡിയോ എഡിറ്റ് ചെയ്ത് അതിൽ രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ വ്യാജമായി ചേർത്തതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:അനുരാഗ് ഠാക്കൂറും രാഹുൽ ഗാന്ധിയും തമ്മിൽ ലോകസഭയിൽ നടന്ന വാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്…

Written By: Mukundan K

Result: Misleading