എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന ഈ ആന അരിക്കൊമ്പന്‍ അല്ലാ.. വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

ഇടുക്കി ചിന്നക്കനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തില്‍ നിരന്തരം ഭീഷണിയായിരുന്നു അരിക്കൊമ്പന്‍ എന്ന കാട്ടാന. ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവില്‍ അരിക്കൊമ്പനെ സംസ്ഥാന വനം വകുപ്പ് കുംകി ആനകളുടെയും മയക്കുവെടിയുടെ സഹായത്തോടെയും ദിവസങ്ങള്‍ നീണ്ട ദൗത്യത്തിനൊടുവില്‍ തമിഴ്‌നാട് അതിര്‍ത്തി വന മേഖലയായ മുണ്ടന്‍തുറൈ ഭാഗത്തേക്ക് കടത്തി. നിലവില്‍ അരിക്കൊമ്പനുള്ളത് ഈ വനത്തിലാണ്. റേഡിയോ കോളറിന്‍റെ സഹായത്തോടെ ആനയുടെ നീക്കം കൃത്യമായി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ ഇതാ അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ ആക്രമിച്ച് അരിയെടുക്കുന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പകല്‍ സമയത്ത് ഒരു കാട്ടാന ഗോഡൗണ്‍ പ്രദേശത്തേക്ക് നടന്ന് വന്ന് ഷട്ടര്‍ തകര്‍ത്ത് അതില്‍ നിന്നും അരിച്ചാക്ക് എടുത്ത് പൊട്ടിച്ച് അരി ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുന്നുവിള സുധീഷ് എന്ന വ്യക്തിയുടെ പ്രഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് 7,400ല്‍ അധികം റിയാക്ഷനുകളും 2,300ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facbeook Video Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി എടുത്ത് ഭക്ഷിക്കുന്ന വീഡിയോയാണോ ഇത്? വസ്തുത അറിയാം..

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയമുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും വീഡിയോയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും  ന്യൂസ് 18 ബംഗാള്‍ 2024 മാര്‍ച്ച് 29ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഞങ്ങള്‍ പരിശോധിച്ചത്. വാര്‍ത്തയുടെ ഉള്ളടക്കം ഇപ്രകാരമാണ്-

പശ്ചിമ ബംഗാളിലെ പശ്ചിമ മെദിനപൂരിലാണ് രാംലാല്‍ എന്ന കാട്ടാന കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. വെള്ളിയാഴ്‌ച്ച രാവിലെയോടെയാണ് രാംലാല്‍ എന്ന കാട്ടാന കാല്‍സിഭംഗ എന്ന ഗ്രാമത്തിലെ ശല്‍ബാനി മേഖലയിലെ എഫ്‌സിഐ ഗോഡൗണ്‍ ഗേറ്റ് തകര്‍ത്ത് അകത്ത് പ്രവേശിച്ചത്. ജീവനക്കാരും നാട്ടുകാരും ആനെയെ തുരത്തി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആരെയും വകവയ്ക്കാതെ രാംലാല്‍ ഗോഡൗണില്‍ കയറി ഷട്ടര്‍ തകര്‍ത്ത് അരി എടുത്ത് കഴിച്ചു. ജങ്കല്‍ മഹാലിലെ പ്രിയപ്പെട്ടവന്‍ എന്നാണ് രാംലാല്‍ എന്ന ആന അറിയപ്പെടുന്നത്. ഭക്ഷണം തേടി നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്ന രാംലാല്‍ ഇതുവരെ ജനങ്ങളെയോ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നേരെ അക്രമം നടത്തിയിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂസ് 18 വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

News 18 Report 

നിഗമനം

പശ്ചിമ ബംഗാളിലെ മെദിനപൂര്‍ ജില്ലയിലെ കാല്‍സിഭംഗ എന്ന ഗ്രാമത്തിലെ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന രാംലാല്‍ എന്ന ആനയുടെ വീഡിയോയാണ് ഇതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി ഭക്ഷിക്കുന്ന ഈ ആന അരിക്കൊമ്പന്‍ അല്ലാ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading