കഴിഞ്ഞമാസം ആലപ്പുഴയിൽ ആർഎസ്എസ് -എസ് ഡി പി ഐ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നുള്ള അക്രമണത്തിൽ ഇരുകൂട്ടരുടെയും ഓരോ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇരു സംഘടനകളെയും പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രണ്ടു വീഡിയോകൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

പ്രചരണം

തിരുവനന്തപുരത്തെ പ്രശസ്തമായ ബീമാപള്ളിയില്‍ ഉറൂസ് എന്ന ആരാധനാ ആഘോഷം ഇപ്പോള്‍ നടക്കുകയാണ്. രണ്ട് ആർഎസ്എസ് തീവ്രവാദികള്‍ അക്രമണം ഉണ്ടാക്കാൻ ബീമാപള്ളിയില്‍ എത്തി എന്ന് വാദിച്ചാണ് വീഡിയോകൾ പ്രചരിക്കുന്നത്.

ഇത് സൂചിപ്പിച്ച് വീഡിയോകൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബീമാ പള്ളിയിൽ അക്രമം ഉണ്ടാക്കുന്നതിന് വേണ്ടി വന്ന 2ആർഎസ്എസ് തീവ്രവാദികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു എല്ലാവരും ഇത് പരമാവതി ആളുകളിലേക്ക് എത്തിക്കുക ഇല്ലെങ്കിൽ നാളെ പിണം റായിയുടെ പോലീസ് ഇവർക്ക് മാനസിക രോഗ സർട്ടിഫിക്കറ്റ് കൊടുത്തു് പറഞ്ഞ് വിടും”

അതായത് ബീമാപള്ളിയിൽ അക്രമത്തിന് ശ്രമിച്ച രണ്ട് ആർഎസ്എസ് എസ് പ്രവർത്തകരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു എന്നാണ് വീഡിയോ ഉൾപ്പെടുത്തി പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത.

FB postarchived link 1archived link 2

എന്നാൽ ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണെന്നും വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്നും ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

വസ്തുത ഇങ്ങനെ

ഞങ്ങൾ വാർത്തയുടെ സത്യാവസ്ഥ അറിയാൻ ബീമാപള്ളി പ്രദേശം ഉൾപ്പെടുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ വിമലുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: ബീമാപള്ളിയിൽ സംഘർഷമുണ്ടാക്കാൻ താൻ രണ്ടുപേർ ശ്രമിക്കുന്നതായി ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ചാണ് ഞങ്ങൾ അവിടെ എത്തിയത്. നാട്ടുകാർ രണ്ടുപേരെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ബീമാപള്ളി സാമുദായികമായി അല്പം സെൻസിറ്റീവ് ആയ സ്ഥലമാണ് എന്നറിയാമല്ലോ. അതിനാൽ തന്നെ തന്നെ ഞങ്ങൾ പെട്ടെന്ന് സ്ഥലത്തെത്തി. നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുന്ന വ്യക്തികളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ അവർ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് ആയി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് എന്ന് വ്യക്തമായി. ഇവരുടെ പക്കൽ നാട്ടുകാർ തടഞ്ഞുവെച്ച സമയം ഐഡൻറിറ്റി കാർഡ് ഉണ്ടായിരുന്നില്ല. മാത്രമല്ല റോഡ് സർവേയ്ക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ മണ്ണിൽ കുഴിച്ചു വെക്കാനും മറ്റും കോടാലി വാക്കത്തി പോലുള്ള ചില ആയുധങ്ങളും ഉണ്ടായിരുന്നു. ഇവര്‍ വാസ്തവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വേണ്ടി കുമരിചന്ത മുതൽ പള്ളിത്തുറ വരെ തീരദേശ ഹൈവേക്കു DPR ഉണ്ടാക്കുന്നതിന് സാറ്റലൈറ്റ് ആൻഡ് ടോപ്പോഗ്രഫിക് സർവ്വേ ചെയ്യുവാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. ഹൈവേയുടെ നിർമ്മാണ ചുമതലയുള്ള NATPAC ന്‍റെ സബ് കോൺട്രാക്ട് ഏറ്റെടുത്ത കമ്പനിയ്ക്കാണ് സർവേയുടെ ചുമതല. അവരുടെ ഉദ്യോഗസ്ഥരാണ് തടഞ്ഞു വെക്കപ്പെട്ട വ്യക്തികള്‍. എന്തെങ്കിലും രാഷ്ട്രീയ- സാമൂദായിക മാനങ്ങളൊന്നും ഈ സംഭവത്തിനില്ല. വെറുതെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ സംഭവം പ്രചരിപ്പിക്കുകയാണ്. ഇവര്‍ കുഴപ്പക്കാരൊന്നുമല്ല എന്നു വ്യക്തമായതിനെ തുടര്‍ന്നു ഇവരെ കേസൊന്നും എടുക്കാതെ വിട്ടയക്കുകയും ചെയ്തു.

തുടർന്ന് ഞങ്ങൾ സബ് കോൺട്രാക്ട് വർക്ക് ഏറ്റെടുത്തിട്ടുള്ള സർവ്വേ ആൻഡ് എൻജിനീയേഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: എന്‍റെ സ്ഥാപനത്തിൽ ജോലിയെടുക്കുന്ന കോട്ടയംകാരനായ ഒരു വ്യക്തിയും അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ആയി ജോലിയെടുക്കുന്ന നാഗർകോവിൽ കാരനായ മറ്റൊരു വ്യക്തിയുമാണ് ഇരകളായത്. ഇവര്‍ ഹിന്ദുക്കള്‍ പോലുമല്ല. പള്ളിയിൽ ഉറൂസ് നടക്കുകയായിരുന്നു. അതിനാൽ രാത്രി 9 മണിയായപ്പോള്‍ വാഹനങ്ങളുടെ തിരക്ക് ഒഴിഞ്ഞ സമയം അവർ സർവേ നടത്താൻ തിരഞ്ഞെടുത്തതാണ്. എന്നാൽ നാട്ടുകാരിൽ ഏതാനും പേർ വന്ന് അവരെ ചോദ്യം ചെയ്യുകയും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങുകയും ആയിരുന്നു. പിന്നീട് അവർ ഞങ്ങളുടെ വിലപിടിപ്പുള്ള യന്ത്രസാമഗ്രികൾ നശിപ്പിക്കാൻ ശ്രമിച്ചു. ഇത് ചോദ്യംചെയ്തപ്പോൾ പിന്നെയും കൂടുതൽ പേർ പ്രശ്നമുണ്ടാക്കാന്‍ മുന്നോട്ട് വന്നു. ഞങ്ങളുടെ വർക്കിന്‍റെ ഭാഗമായി യന്ത്രസാമഗ്രികൾ കുഴിച്ചിടാനും എന്നും മറ്റും വാക്കത്തി, കോടാലി, വെട്ടുകത്തി പോലുള്ളവ ഞങ്ങൾ കരുതാറുണ്ട്. ഇതുകണ്ട് അവർ തെറ്റിദ്ധരിച്ചു. പോലീസുകാർ വന്നാണ് ഞങ്ങളുടെ സ്റ്റാഫിനെ രക്ഷപ്പെടുത്തിയത്. അവര്‍ യാതൊരു രാഷ്ട്രീയ സംഘടനയുടെയും ഭാഗമല്ല. അന്നാട്ടുകാര്‍ തെറ്റിദ്ധരിച്ച് പ്രശ്നമുണ്ടാക്കിയതാണ്.”

ബീമാപള്ളിക്കു സമീപം ആർഎസ്എസ് പ്രവര്‍ത്തകര്‍ എന്ന് കരുതി നാട്ടുകാർ തടഞ്ഞുവെച്ച വ്യക്തികള്‍ യഥാർത്ഥത്തിൽ തീരദേശ ഹൈവേയുടെ സര്‍വേയ്ക്ക് വന്ന ഉദ്യോഗസ്ഥരാണ്. യാഥാര്‍ഥ്യം മനസ്സിലാക്കി കേസ് ഒന്നും എടുക്കാതെ പോലീസ് അവരെ വിട്ടയക്കുകയും ചെയ്തു.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ബീമാ പള്ളിക്കുസമീപം ആർഎസ്എസ് തീവ്രവാദികൾ എന്ന് കരുതി നാട്ടുകാർ തടഞ്ഞുവെച്ച വ്യക്തികൾ തീരദേശ ഹൈവേയുടെ സർവ്വേയ്ക്ക് വന്ന ഉദ്യോഗസ്ഥരാണ്. ബീമാപള്ളിയിൽ സംഘർഷമുണ്ടാക്കാൻ വന്ന ആർഎസ്എസുകാരാണ് പിടിക്കപ്പെട്ടവർ എന്നത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്. ഇവര്‍ ഒരു മത-രാഷ്ട്രീയ സംഘടനയുടെയും ഭാഗമല്ലെന്ന് പോലീസും സര്‍വേ നടത്തുന്ന കോണ്‍ട്രാക്ട് കമ്പനി ഉടമയും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബീമാപ്പള്ളിക്ക് സമീപത്ത് നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് തെറ്റായ പ്രചരണം... സത്യമിങ്ങനെ....

Fact Check By: Vasuki S

Result: False