പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ് സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ് സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു കൂട്ടം സ്ത്രീകള്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ നവ്ജോത് സിംഗ് സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്നതായി കാണാം. ഈ വീഡിയോ പഞ്ചാബില്‍ പ്രധാനമന്ത്രിയോടൊപ്പം പഞ്ചാബ് സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തിയെ പ്രതിഷേധിച്ചിട്ടാണ് ഈ സ്ത്രികള്‍ പോസ്റ്റര്‍ കീറുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“🙏🙏🙏 മോദിജിയെ സ്നേഹിക്കുന്ന
ജനത അതിനു ജാതിയില്ല
മതമില്ല ലിംഗവർഗമില്ല...
വിദേശ നാഷണൽ പാർട്ടിക്ക്
ഒരു നമോ നമഃ 🙏🙏🙏”
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് ഞങ്ങള്‍ കൂടുതല്‍ അറിയാന്‍ വീഡിയോയുടെ പ്രമുഖ ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ ഫെസ്ബൂക്കില്‍ ജനുവരി 1 2022 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.
വീഡിയോ കാണാന്‍-Facebook
വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഈ സ്ത്രീകള്‍ പഞ്ചാബിലെ നേഴ്സുകളാണ്. ഇവര്‍ നവ്ജോത് സിംഗ് സിദ്ധുവിനെതിരെയാണ് പ്രതിഷേധിക്കുന്നത്. ANM നെഴ്സുകള്‍ ഒരു മാസമായി സ്ഥിരം ജോലി നല്‍കാന്‍ ആവശ്യപെട്ട് പ്രതിഷേധിക്കുകയാണ്. ജനുവരി 1ന് ഈ നേഴ്സുകള്‍ നവ്ജോത് സിംഗ് സിദ്ധുവിന്‍റെ വീടിന്‍റെ മുന്നില്‍ പ്രദര്‍ശനം നടത്തി. ഈ പ്രതിഷേധിക്കുന്ന നെഴ്സുകളില്‍ ഒരാളെ സിദ്ധുവിന്‍റെ വണ്ടി ഇടിച്ചിരുന്നു. 44 വയസായ അമന്‍പ്രീത് കൌറിനാണ് നട്ടെല്ലിന് പരിക്ക് സംഭവിച്ചത്.
വാര്‍ത്ത വായിക്കാന്‍-Telegraph | Archived Link
ഈ പ്രതിഷേധത്തിനെ കുറിച്ച് പഞ്ചാബിലെ പ്രാദേശിക മാധ്യമങ്ങള്‍ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച വാര്‍ത്തകളും ഞങ്ങള്‍ പരിശോധിച്ചു. ഇത്തരത്തില്‍ ഒരു വാര്‍ത്തയുടെ വീഡിയോയില്‍ നമുക്ക് സിദ്ധുവിന്‍റെ വീടിന്‍റെ മുന്നില്‍ ഈ നേഴ്സുകള്‍ കീറിയ പോസ്റ്റര്‍ കാണാം. ഈ ദൃശ്യങ്ങള്‍ പോസ്റ്റര്‍ കീറുന്നതിന്‍റെ മുമ്പ് എടുത്തതാണ് എന്ന് മനസിലാവുന്നു.
മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.
പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് ഫെറോസ്പ്പൂറില്‍ ചില സംഭവവികാസങ്ങള്‍ നടന്നത് ജനുവരി 5നാണ്. അതിനാല്‍ ഈ സംഭവത്തിന് അതുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വന്ന വീഴ്ച്ചയെ പ്രതിഷേധിച്ച് പഞ്ചാബിലെ സ്ത്രികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോസ്റ്റര്‍ കീറി എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന വീഡിയോയ്ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോ പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയേക്കാള്‍ മുമ്പേ നടന്ന ഒരു സംഭവത്തിന്‍റെതാണ്.
Title:പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല...
Fact Check By: Mukundan KResult: Misleading