ചൈനീസ് പ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു…?

അന്തർദേശിയ൦ രാഷ്ട്രീയം | Politics

വിവരണം

ശംഖൊലി Shamkholi എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ജൂൺ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 24 മണിക്കൂറുകൾ കൊണ്ട് 1600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ” ചൈനീസ് ഉദ്യോഗസ്ഥരുമായി സോണിയയും മകൻ പപ്പുവും നടത്തിയ ചർച്ചയുടെ വീഡിയോ പുറത്ത്. ഈ രാജ്യദ്രോഹികൾക്ക് എന്തായിരിക്കും ചൈനീസ് ഗവണ്മെന്റ് മായി ഇടപാട്” എന്ന അടിക്കുറിപ്പുമായി ഒരു വീഡിയോആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വീഡിയോയിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഏതാനും ചൈനീസ് പ്രതിനിധികളുമായി ചർച്ച നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. ഇത് ദേശീയ വാർത്ത ചാനലായ റിപ്പബ്ലിക്ക് ടിവി ബ്രെക്കിങ് ന്യൂസ് ആയി  പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ പ്രസക്ത ഭാഗമാണ്.

ചൈനീസ് ഉദ്യോഗസ്ഥരും യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയും കോൺഗ്രസ്സ് അധ്യക്ഷനായ രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണ് എന്ന് ചർച്ചചെയ്ത വാർത്തയുടെ ചെറിയ ഭാഗമാണ് പോസ്റ്റിൽ നൽകിയ വീഡിയോയിലുള്ളത്. ഇതിനു പിന്നിൽ എന്തോ ഗൂഢോദ്ദേശമാണുള്ളത് എന്നാണ് ചാനൽ വാർത്തയിൽ പരോക്ഷമായി  ആരോപിക്കുന്നത്. “ഇവർ ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നു. എന്താണ് ഇതിന്‍റെ ഉദ്ദേശം..? എന്നാണ് ചർച്ചയിലെ ചോദ്യം.

archived  FB post

ഈ വീഡിയോ ഏതു സന്ദർഭത്തിലേതാണ് ..? വാർത്തയിലെ വാദവുമായി വാർത്തയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ..? നമുക്ക് തിരഞ്ഞു നോക്കാം

വസ്തുതാ പരിശോധന

ഞങ്ങൾ ഈ വാർത്തയുടെ ചില കീ വേർഡ്‌സ് ഉപയോഗിച്ച് ഗൂഗിളിൽ വിശദാംശങ്ങൾ തിരഞ്ഞു. ഇതേപ്പറ്റി നിരവധി മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്.

മേൽ പറഞ്ഞ വാർത്തയിലൊന്നും ഇത് ഉദ്ദേശം വെളിപ്പെടുത്താതെയുള്ളതോ അല്ലെങ്കിൽ ദുരുദ്ദേശപരമായതോ ആയ കൂടിക്കാഴ്ചയാണെന്നുള്ള സൂചനകളില്ല. NDTV പ്രസിദ്ധീകരിച്ച വാർത്തയുടെ പരിഭാഷ താഴെ കൊടുക്കുന്നു

“ഭാരത സന്ദർശന വേളയിൽ ചൈനീസ് പ്രതിനിധികൾ വിദേശകാര്യമന്ത്രിയെയും ഗാന്ധികളെയും സന്ദർശിച്ചു.ചൈനീസ് പ്രതിനിധികളുടെ എട്ടംഗ  സംഘം കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈനയും കോൺഗ്രസ്സും തമ്മിലുള്ള വിനിമയത്തിന്‍റെ ഭാഗമായി സോണിയ ഗാന്ധിയുമായും മകൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.  

വ്യാഴാഴ്ച ചൈനയിലെ കമ്മ്യുണിസ്റ് പാർട്ടി പോളിറ്റ് ബ്യുറോ അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സാമ്പത്തിക ബന്ധങ്ങളും ചർച്ച ചെയ്യാനെത്തി.പിന്നീട് അവർ പാർട്ടി ബന്ധങ്ങളുടെ വിനിമയം മുൻനിർത്തി കോൺഗ്രസ്സ് പാർട്ടിയുടെ ഉന്നത നേതാക്കളെ സന്ദർശിച്ചു.

“ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ്ബ്യുറോ മെമ്പറും ഗ്വാങ്‌ഡോങ് പാർട്ടി സെക്രട്ടറിയുമായ ലി ക്സിയെ കണ്ടുമുട്ടാനായതിൽ സന്തോഷം. ഉഭയകക്ഷി ബന്ധത്തെപ്പറ്റി സംസാരിച്ചു. ഇന്ത്യ ചൈന സാമ്പത്തിക ബന്ധം ഏകോപിപ്പിക്കുന്നതിൽ ഗ്വാങ്‌ഡോങ് മുഖ്യപങ്ക് വഹിക്കുമെന്ന് താല്പര്യപ്പെട്ടു” കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതിനുശേഷം എട്ടംഗ സംഘം ജൻപഥ് 10 ലെ വസതിയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും മകൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സന്ദർശിക്കാൻ എത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മ അവരെ സ്വീകരിക്കാനെത്തിയിരുന്നു. കോൺഗ്രസ്സും ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള പാർട്ടിപരമായ വിനിമയങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച എന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ കാഴ്ചപ്പാടുകൾ, കോൺഗ്രസ്സ് ആഴത്തിൽ പിന്തുണയ്ക്കുന്നതും വില നല്കുന്നതുമായവ ചർച്ചയിൽ പങ്കുവച്ചു. പ്രസ്തുത ബന്ധം സൃഷ്ടിക്കാനും പോഷിപ്പിക്കാനും കോൺഗ്രസ്സ് പാർട്ടി നൽകിയ പങ്കും സംഭാവനകളും ചൈന തിരിച്ചറിയുന്നു.” ആനന്ദ് ശർമ്മ വ്യക്തമാക്കി.

ചൈനീസ് വൈസ് പ്രസിഡണ്ട് വാങ് ഖൈഷൻ സംഘത്തിലുണ്ടായിരുന്നു.

വാർത്തയുടെ കൂടുതൽ വായനയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക

archived linkndtv

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത് പോസ്റ്റിൽ ആരോപിക്കുന്നതു പോലെയുള്ള ദുരുദ്ദേശമൊന്നും ചൈനീസ് പ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ഉണ്ടായിരുന്നില്ല എന്നാണ്. റിപ്പബ്ലിക്ക് എന്ന വാർത്താ ചാനൽ മാത്രമാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച്‌  വാർത്ത പ്രസിദ്ധീകരിച്ചത്. moneycontrol എന്ന മാധ്യമം ഉപചാരം സന്ദർശനം courtesy visit എന്നാണ് കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞിട്ടുള്ളത്.

archived linkmoneycontrol

മറ്റ് മാധ്യമങ്ങളൊന്നുംതന്നെറിപ്പബ്ലിക്ക് ടിവി വിവരിച്ചതുപോലെ  വാർത്ത നൽകിയിട്ടില്ല. കൂടിക്കാഴ്ച നടന്ന സമയത്തുള്ള ചിത്രങ്ങളും വീഡിയോയും പകർത്തപ്പെട്ടിട്ടുണ്ട്. ദുരുദ്ദേശമോ അസ്വാഭികതയോ ഉള്ളതാണെങ്കിലോ രഹസ്യ സ്വഭാവം ഉള്ളതാണെങ്കിലോ മാധ്യമങ്ങൾക്ക് സാധാരണ പ്രവേശനം ഉണ്ടാകാൻ വഴിയില്ല.

archived linkeconomic times
archived linkdna india
archived linknews 18

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയ്ക്ക് ഒപ്പമുള്ള  ആരോപണം അടിസ്ഥാന രഹിതമാണ്‌. ചൈനീസ് പ്രതിനിധികളും ഇന്ത്യയിലെ കോൺഗ്രസ്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി വാർത്തകളില്ല. അതിനാൽ തെററിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന ഈ വീഡിയോ ഷെയർ ചെയ്യുന്നതിന് മുമ്പ് മുകളിൽ നൽകിയിട്ടുള്ള വസ്തുതകൾ മനസ്സിലാക്കണമെന്ന് പ്രീയ വായനക്കാരോട് അപേക്ഷിക്കുന്നു

ചിത്രങ്ങൾ കടപ്പാട് : indian express

Avatar

Title:ചൈനീസ് പ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു…?

Fact Check By: Deepa M 

Result: False