
വിവരണം
പരമ സത്യം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 2 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1700 ലധികം ഷെയറുകളായിട്ടുണ്ട്. മുൻ റിസർവ് ബാങ്ക് ഗവർണ്ണർ രഘുറാം രാജന്‍റെ ഒരു പ്രസ്താവനയാണ് പോസ്റ്റിലുള്ളത്. ഒരിക്കൽക്കൂടി മോദി അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ വലിയ ദരിദ്ര രാഷ്ട്രമാകും എന്ന് അദ്ദേഹം പറഞ്ഞതായാണ് പോസ്റ്റിലെ പ്രചരണം.
റിസർവ് ബാങ്കിന്‍റെ 23 മത് ഗവർണറായി 2013 സെപ്റ്റംബർ 4 മുതൽ 2016 സെപ്റ്റംബർ 4 വരെ സേവനമനുഷ്ഠിച്ച സാമ്പത്തിക വിദഗ്ധനായ രഘുറാം രാജൻ തന്‍റെ മേലധികാരിയായിരുന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെറ്റ്ലിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിന്തുണയില്ലായ്മ വർധിച്ചു വന്നു എന്ന കാരണത്താലാണ് രാജി വച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു എന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.മന്ത്രിസഭയുടെ ചില നിലപാടുകളുമായി പൊരുത്തക്കേറുകൾ രഘുറാം രാജന് ഉണ്ടായിരുന്നതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇത്തരത്തിൽ ഒരു പ്രസ്താവന അദ്ദേഹത്തിൻറെ ഭാഗത്തു നിന്നും ഉണ്ടായോ ..?എങ്കിൽ എവിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കു വച്ചത്…? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ പരിശോധന
ഞങ്ങൾ ഇതേ വാർത്ത പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽ തിരഞ്ഞു നോക്കി. മോഡി സർക്കാരിനെ അലോസരപ്പെടുത്തിയ രഘുറാമിന്റെ 10 പരാമർശങ്ങൾ എന്ന പേരിൽ huffingtonpost എന്ന മാധ്യമം ഒരു ലേഖനം 2016 ജൂൺ 19 നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ പോസ്റ്റിൽ പറയുന്ന പ്രസ്താവന ഇല്ല. വസ്തുനിഷ്ഠമായും രസകരമായും അവതരിപ്പിച്ചിരിക്കുന്ന ലേഖനത്തിന്‍റെ വിശദമായ വായനയ്ക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കാവുന്നതാണ്.
archived link | huffingtonpost |
രഘുറാം മോദിയെ വിമർശിക്കുന്ന തരത്തിലുള്ള മറ്റൊരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. നരേന്ദ്രമോദി ഭരണം വാഗ്ദാനം ചെയ്ത “പരിമിത സർക്കാർ പരമാവധി ഭരണം ” രാജ്യത്തിന് നേടിത്തന്നത് കൂടുതൽ നേട്ടമല്ല ബലഹീനതയാണ്.നമ്മൾ എത്രകണ്ട് അതിലേയ്ക്ക് വന്നു എന്നാണറിയേണ്ടത്. ആശ്രിതരും എങ്ങനെയും വഴങ്ങുന്നവരുമായി മാറിയ സ്വകാര്യ മേഖലയ്ക്ക് സർക്കാരിനെ വെറുതെ പുകഴ്ത്തുക എന്ന നിലപാട് സ്വീകരിക്കേണ്ടി വന്നു. കൂടുതലായി എന്തെങ്കിലും ചെയ്യാൻ ഉദ്യോഗ വൃന്ദത്തെ ആശ്രയിക്കേണ്ടി വന്നു. മൂന്നാമത്തെ സ്തംഭം എന്ന തന്‍റെ പുസ്തക പ്രകാശന വേളയിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞതെന്ന് .economictimes റിപ്പോർട്ട് ചെയ്യുന്നു.
കൂടുതൽ വായനയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
archived link | economictimes |
2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പരിഗണനയും മുൻഗണയും നൽകേണ്ടത് എന്തിനൊക്കെയാണെന്ന് രഘുറാം രാജൻ പരാമര്ശിക്കുന്നതായി ഒരു ലേഖനം timesofindia പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
archived link | economictimes |
മോദിയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒളിഞ്ഞും തെളിഞ്ഞും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ രഘുറാം രാജൻ പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ട്വിറ്റർ പേജ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
archived link | twitter.com |
മോദിയെ പരിഹസിച്ച് അദ്ദേഹം ചെയ്ത ഒരു ട്വീറ്റ് താഴെ കൊടുക്കുന്നു.
I am not sure whether Modi ever sold tea, but I am very sure he is selling out the whole country today.
— Raghuram Rajan (@ArunSFan) November 20, 2016
അദ്ദേഹത്തിൻറെ ട്വിറ്റർ പേജിലും പോസ്റ്റിൽ ആരോപിക്കുന്ന പ്രസ്താവന കാണാൻ കഴിഞ്ഞില്ല.
മോദിയെ പലരീതിയിൽ വിമർശിച്ചിട്ടുണ്ടെങ്കിലും പോസ്റ്റിൽ ഉന്നയിക്കുന്നപോലെ ഒരു പ്രസ്താവന അദ്ദേഹം പറഞ്ഞതായി കാണാൻ കഴിഞ്ഞില്ല.
നിഗമനം
ഈ പോസ്റ്റിൽ ഉന്നയിക്കുന്ന വാദം തെറ്റാണ്. രഘുറാം രാജൻ നരേന്ദ്ര മോദിയെപ്പറ്റി ഇത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ല. അതിനാൽ തെറ്റായ ഈ വാർത്ത മാന്യ വായനക്കാർ ദയവായി പ്രചരിപ്പിക്കാതിരിക്കുക.

Title:മോദി അധികാരത്തിൽ വന്നാൽ ഇന്ത്യ സൊമാലിയയെക്കാൾ ദരിദ്രമാകുന്നെന്ന് രഘുറാം രാജൻ പറഞ്ഞോ…?
Fact Check By: Deepa MResult: False
