വിവരണം

Prabash NV Nilackal Vagamon എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. "അഭിനന്ദനങ്ങൾ മോദിജി 💯💯 ആയിരം അഭിനന്ദനങ്ങൾ" എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രധാന വാർത്ത ഇതാണ് : എംഎൽഎമാർക്കും മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം. കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കുന്നവർക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. മൂന്നു തവണയെങ്കിലും കാലാവധി പൂർത്തിയാക്കിയ എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രം പെൻഷൻ..ജനങ്ങളുടെ പണം ധൂർത്തടിക്കാൻ അനുവദിക്കില്ല. കരുത്തനായ ഭരണാധികാരി."

പോസ്റ്റിൽ മൂന്ന് അവകാശവാദങ്ങളാണ് നൽകിയിരിക്കുന്നത്. പ്രധാനപ്പെട്ടത് മുഖ്യമന്ത്രിമാർ, മന്ത്രിമാർ എംഎൽഎമാർ എന്നിവർക്ക് ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം എന്നതാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇത് നടപ്പാക്കി എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. അതുപോലെ മൂന്നു തവണയെങ്കിലും കാലാവധി പൂർത്തിയാക്കിയ എംഎൽഎമാർക്കും മന്ത്രിമാർക്കും മാത്രമാണ് പെൻഷൻ ലഭിക്കുക എന്നും പോസ്റ്റിൽ പറയുന്നു. കാലാവധി പൂർത്തിയാക്കാതെ രാജിവയ്ക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അർഹത നഷ്ടപ്പെടുന്ന തീരുമാനം മോദി സർക്കാർ എടുത്തു എന്നാണ് പോസ്റ്റിൽ പറയുന്ന മറ്റൊരു അവകാശവാദം.

archived linkFB post

നമുക്ക് ഈ വാദഗതികളുടെ വസ്തുത അറിയാൻ ശ്രമിക്കാം

വസ്തുതാ വിശകലനം

ഈ പോസ്റ്റിൽ പറയുന്ന വാർത്തയുടെ കീ വേർഡ്സ് ഉപയോഗിച്ച് ഞങ്ങൾ ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ കേന്ദ്രമന്ത്രിസഭാ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ലോക്സഭയുടെയോ രാജ്യസഭയുടെയോ വെബ്‌സൈറ്റുകളിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെയില്ല. മന്ത്രിസഭ ഇങ്ങനെ തീരുമാനം എടുത്തെന്നോ ഓർഡിനൻസ് പാസ്സാക്കിയെന്നോ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇത്തരത്തിൽ ചില തീരുമാനങ്ങൾ മന്ത്രിസഭാ എടുക്കുകയാണെങ്കിൽ അത് വാർത്താ പ്രാധാന്യം നേടുന്ന കാര്യമാണ്. എന്നാൽ ദേശീയതലത്തിലോ പ്രാദേശിക തലത്തിലോ ഇതേപ്പറ്റി മാധ്യമ വാർത്തകൾ വന്നിട്ടില്ല.

നിലവിൽ ഓരോ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുടേതടക്കം ജനപ്രതിനിധികളുടെ ശമ്പളം ഏകീകൃതമല്ല. വിക്കിപീഡിയയിൽ ഇതിന്‍റെ മുഴുവൻ വിവരങ്ങൾ നൽകിയിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്കായി താഴെയുള്ള ലിങ്ക് തുറക്കുക

archived linkwikipedia

ജനപ്രതിനിധികളുടെ ശമ്പളത്തെപ്പറ്റി മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റില്‍ നല്കിയിരിക്കുന്ന വാദഗതിയുമായി സമാനതയുള്ളതല്ല. തെലങ്കാനയിലെ മുഖ്യമന്ത്രിയാണ് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് എന്ന് ജാഗരൺ ജോഷ് എന്ന മാധ്യമം ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ 164 മത്തെ വകുപ്പ് പ്രകാരമാണ് മുഖ്യമന്ത്രിയുടെ ശമ്പളം തീരുമാനിക്കുന്നത് എന്ന് ടോപ്പ് റാങ്കർ ഫോർ യു എന്ന വെബ്‌സൈറ്റ് ജനപ്രതിനിധികളുടെ വേതനത്തെപ്പറ്റിയുള്ള അവരുടെ ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

archived linktopranker4u

ഞങ്ങൾ ആർട്ടിക്കിൾ 164 പരിശോധിച്ച് നോക്കിയപ്പോൾ ഇക്കാര്യം സത്യമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

archived linkindiankanoon

കേന്ദ്ര സർക്കാർ സംസ്ഥാന അസംബ്ലിയിലെ ജനപ്രതിനിധികളുടെ ശമ്പളം ഏകീകൃതമാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം എടുത്തിട്ടില്ല. ഇത്തരത്തിൽ പുറത്തു വരുന്നതെല്ലാം വ്യാജ വാർത്തകളാണ്. പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ യാഥാർഥ്യവുമായി ബന്ധമുള്ളതല്ല.

നിഗമനം

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണ്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ എംഎൽഎമാർ എന്നിവർക്ക് ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം നടപ്പിലാക്കുകയോ അതിനുള്ള ഓർഡിനൻസിനെ പറ്റി മന്ത്രിസഭ ചർച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. പോസ്റ്റിലെ മറ്റു വാദഗതികളും അടിസ്‌ഥാനമില്ലാത്തവയാണ്. അതിനാൽ തെറ്റായ വിവരങ്ങളുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്നു മാന്യ വായനക്കാരോട് ഞാൻ അഭ്യർത്ഥിക്കുന്നു.

Avatar

Title:മുഖ്യമന്ത്രിമാർ, മന്ത്രിമാർ എംഎൽഎമാർ എന്നിവർക്ക് ഇന്ത്യയിലെവിടെയും ഏകീകൃത ശമ്പളം കേന്ദ്രം നടപ്പാക്കിയോ...?

Fact Check By: Vasuki S

Result: False