വിവരണം

പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പ്രളയാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പുനര്‍ജനി. എന്നാല്‍ പുനര്‍ജനിയുടെ പേരില്‍ വി.ഡി.സതീശന്‍ വിദേശത്ത് നിന്നും ഫണ്ട് പിരിവ് നടത്തിയെന്നും ഇതുവരെ പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചില്ലായെന്നുമുള്ള പരാതി ഉയര്‍ന്നു. തുടര്‍ന്ന് ഇഡി പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്‍റെ ചിത്രം പുറത്ത് വിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം പ്രതിനിധി എന്‍.വി.വൈശാഖന്‍ കോണ്‍ഗ്രസ് പ്രതിനിധിയായ റിജില്‍ മാക്കുറ്റിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിന് പിന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പുനര്‍ജനി ചര്‍ച്ചാവിഷയമായി.

ഇപ്പോള്‍ വി.ഡി.സതീശന്‍ തന്‍റെ മണ്ഡലത്തില്‍ പുനര്‍ജനി പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. VD Satheeshan ന്റെ പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾ. Adv Vysakhan Nv വെല്ലുവിളി ആവാം അത് മാകുറ്റിയോട് ആകരുത്. Rijil Chandran Makkutty എന്ന തലക്കെട്ട് നല്‍കി സിദ്ദിക്കുല്‍ അക്ബര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വി.ഡി.സതീശന്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ ചിത്രം തന്നെയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ചിത്രത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇത് പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വി.ഡി.സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകളുടെ ചിത്രമല്ലായെന്നതാണ് വസ്‌തുത. വയനാട്ടിലെ കല്‍പ്പെറ്റയിലെ കല്ലാട്ട് ബ്രട്ടിഷ് റിസോര്‍ട്ടിന്‍റെ ചിത്രമാണിത്. Make my trip, goibibo തുടങ്ങിയ വെബ്‌സൈറ്റുകളില്‍ അവര്‍ നല്‍കിയ ചിത്രമാണ് പുനര്‍ജനി പദ്ധതിയിലെ വീടുകള്‍ എന്ന തരത്തില്‍ പങ്കുവെച്ചിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

ഗൂഗിള്‍ ലെന്‍സ് സെര്‍ച്ച് റിസള്‍ട്ട് സ്ക്രീന്‍ഷോട്ട്-

കല്ലാട്ട് ബ്രിട്ടീഷ് റിസോര്‍ട്ടിന്‍റെ വെബ്സൈറ്റ് (സ്ക്രീന്‍ഷോട്ട്)-

നിഗമനം

വയനാട് കല്‍പ്പറ്റയിലെ കല്ലാട്ട് ബ്രിട്ടീഷ് റിസോര്‍ട്ടിന്‍റെ ചിത്രമാണ് പുനര്‍ജനി പദ്ധതിയില്‍ വി.ഡി.സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നിര്‍മ്മിച്ച വീടുകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ ചിത്രം പുനര്‍ജനി പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടേതല്ലാ.. വസ്‌തുത ഇതാണ്..

Written By: Dewin Carlos

Result: False