വിവരണം

എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ അധികം റിയാക്ഷനുകളും 57ല്‍ അധികം ഷെയറുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോണ്‍ഗ്രസ് ജോജു വിഷയത്തില്‍ മാപ്പ് പറഞ്ഞോ? വിഷയം ഒത്തുതീര്‍പ്പിലെത്തിയോ? എന്താണ് വസ്‌തുത എന്ന് അന്വേഷിക്കാം.

വസ്‌തുത വിശകലനം

സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കെപിസിസി മീഡിയ കോര്‍ഡിനേറ്ററുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്-

കെപിസിസിയോ എറണാകുളം ഡിസിസിയോ ഇതുവരെ ജോജുവിനോട് മാപ്പ് പറഞ്ഞിട്ടില്ല. സമരത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച നടന്‍ മാപ്പ് പറയണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോജുവിനോട് മാപ്പ് പറയില്ലെന്നും നടനുമായി ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാല്ലെന്നും കോണ്‍ഗ്രസിന്‍റെ പല സംസ്ഥാന നേതാക്കളും ഇതിനോടകം പ്രസ്താവനയും നടത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ പരിശോധിച്ചതില്‍ നിന്നും കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മിണി ഉള്‍പ്പടെയുള്ളര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് (നവംബര്‍ 8) മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നും ഇവരെ റിമാന്‍ഡ് ചെയ്തു എന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് വാര്‍ത്ത ഞങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

മനോരമ ഓണ്‍ലൈന്‍ വാര്‍ത്ത-

നിഗമനം

കോണ്‍ഗ്രസ് നടന്‍ ജോജുവിനോട് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. മാത്രമല്ല നടനുമായി യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും കോണ്‍ഗ്രസില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. കേസില്‍ ഉള്‍പ്പെട്ട നേതാക്കളെയും മറ്റ് പ്രവര്‍ത്തകരെയും പോലീസ് പിടികൂടുകയും പിന്നീട് ഇവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: False