വിവരണം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ പ്രധാന പ്രതിയുടെ ചിത്രമാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തതിന് കൊച്ചി സിറ്റി പോലീസ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്ത അബ്ദുള്‍ ലത്തീഫ് സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് പ്രചരണം. ഇതിന് ആധാരമായി അബ്ദുള്‍ ലത്തീഫ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ ഏപ്രില്‍ മൂന്നിന് നടന്ന പതാക ജാഥയുടെ പ്രൊഫൈല്‍ ഫ്രെയിം ഇട്ടിരുന്നു എന്നതാണ് വാദം. മിര്‍സാന്‍ ആറാട്ടുപുഴ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പിലും തെര‍ഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഈ ചിത്രം പ്രചരിക്കുന്നുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വ്യാജ വീഡിയോ കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണോ? ഇയാള്‍ തന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പതാക ജാഥയുടെ പ്രൊഫൈല്‍ ചിത്രം പ്രചരിപ്പിച്ചിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആദ്യം തന്നെ വ്യാജ വീഡിയോ കേസില്‍ പിടിയിലായ പ്രതിയെ കുറിച്ചുള്ള മാധ്യമ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച വാര്‍ത്തയില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന്‍റെ ഇപ്പോള്‍ പ്രചരിക്കുന്ന ഇതെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇയാളെ പിടികൂടിയ ശേഷമുള്ള ചിത്രമാണോ ഇതെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി കൊച്ചി സിറ്റി പോലീസുമായി ബന്ധപ്പെട്ടു. അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടിയ ശേഷം പകര്‍ത്തിയ ചിത്രമാണിതെന്നും ഇയാള്‍ യുഡിഎഫ് അനുഭാവിയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ മെയ് 31ന് പിടിയിലായ അബ്ദുള്‍ ലത്തീഫിന്‍റെ ചിത്രം ഏപ്രിലില്‍ നടന്ന സിപിഎം പതാക ജാഥയുടെ പ്രൊഫൈല്‍ ഫ്രെയിം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ അബ്ദുള്‍ ലത്തീഫ് എംപി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രതി യുഡിഎഫ് അനുകൂല പോസ്റ്റുകളാണ് ഏറെ നാളുകളായി പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

Reporter Live Article

നിഗമനം

2022 മെയ് 31ന് അബ്ദുള്‍ ലത്തീഫ് പിടിയിലായ ശേഷം എടുത്ത ചിത്രം എഡിറ്റ് ചെയ്ത് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന സിപിഎം പതാക ജാഥയുടെ പ്രൊഫൈല്‍ ഫ്രെയിമായി പ്രചരിപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos

Result: False