കെപിസിസി വീട് നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ കെ.സുധാകരന്‍റെ വീട്ടില്‍ കയറി താമസിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യാചാന സമരം നടത്തി ശ്രദ്ധനേടിയ മറിയക്കുട്ടിയെ സംബന്ധിച്ച് ഒരു പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിവാദങ്ങള്‍ക്കിടയില്‍ മറിയക്കുട്ടിക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം ചെയ്തിരുന്നു. രണ്ട് മാസത്തിനുള്ളില്‍ എനിക്ക് വീട് വെച്ച് നല്‍കി താക്കോല്‍ തരുമെന്നാ സുധാകരന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ഞാന്‍ അവന്‍റെ വീട്ടില്‍ കയറി പൊറുക്കും.. പത്തോ പന്ത്രണ്ടോ കോടി രൂപയുടെ വീടാണ് ഉണ്ടാക്കി ഇട്ടേക്കുന്നത്.. എന്ന് മറിയക്കുട്ടി പറഞ്ഞു എന്ന തരത്തിലാണ് പ്രചരണം. റെഡ് ബോയ്‌സ് യുഎഇ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 488ല്‍ അധികം റിയാക്ഷനുകളും 105ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറിയക്കുട്ടി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

മറിയക്കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം അവരുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇപ്രകാരമാണ്-

കെ.സുധാകരനെതിരെയോ കോണ്‍ഗ്രസിനെതിരെയോ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലാ. സിപിഎമ്മുാകര്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണിത്. വീട് നിര്‍മ്മിക്കാനായി 5 ലക്ഷം രൂപ ആദ്യ ഗഡുവായി കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഉടന്‍ വീട് നിര്‍മ്മിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.

ഇടുക്കി അടിമാലിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവുമായും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. വ്യാജ പ്രചരണമാണെന്നും മറിയക്കുട്ടിക്ക് വീട് നിര്‍മ്മിക്കുന്നത് അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയാണ് ഇതിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റ് ശശീന്ദ്രനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട ചാര്‍ജുകാരനെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നിഗമനം

താന്‍ ഇത്തരമൊരു പ്രസ്താവന കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയട്ടില്ലായെന്ന് മറിയക്കുട്ടി തന്നെ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ലാ മറിയക്കുട്ടിയുടെ വീട് നിര്‍മ്മാണത്തിന് വേണ്ടിയുള്ള ആദ്യ ഗഡുവായി 5 ലക്ഷം രൂപയും കോണ്‍ഗ്രസ് നേതൃത്വം കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:കെപിസിസി വീട് നിര്‍മ്മിച്ച് നല്‍കിയില്ലെങ്കില്‍ കെ.സുധാകരന്‍റെ വീട്ടില്‍ കയറി താമസിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞോ? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: False