
വിവരണം
നെയ്യാര്‍ ഡാമിലെ രജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു സംഘടിപ്പിച്ച തെക്കന്‍ മേഖല സംസ്ഥാന പഠന ക്യാംപിലെ കൂട്ടത്തല്ല് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മദ്യപാനവും ഗ്രൂപ്പ് തര്‍ക്കവുമാണ് കൂട്ടത്തല്ലിന് കാരണമായതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യുവിനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നാണ് സമൂഹമാധ്യമത്തിലെ ഇപ്പോഴത്തെ പ്രചരണം. കുട്ടികൾ അല്ലെ ഇച്ചിരി മദ്യം ഒക്കെ കഴിച്ചിരിക്കും…ഞാനൊക്കെ കഴിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കുന്നു…..ദാ…ഇവരോട് ചോദിച്ച് നോക്കൂ….” എന്ന് വി.ഡി.സതീശന്‍ പറഞ്ഞു എന്നതാണ് പ്രചരണം. കാരിയിലെ സഖാക്കള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെഎസ്‌യു കൂട്ടത്തല്ലിനെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ കീ വേര്‍ഡുകള്‍ ഉപയോഗിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതിനെ കുറിച്ച് വാര്‍ത്തകളുണ്ടോയെന്ന് ഗൂഗിളില്‍ പരിശോധിച്ചെങ്കിലും യാതൊന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം കെപിസിസി മീഡിയ കോര്‍ഡിനേറ്റര്‍ കിരണ്‍ ഒ.എസുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചരണം അടിസ്ഥാന രഹിതമാണെന്നും സംഭവം നടന്നതിന് പിന്നാലെ തന്നെ കെപിസിസി അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ തന്നെ പ്രതികരിച്ചതാണ്. വി.ഡി.സതീശന്‍റെ പേരിലുള്ള പ്രചരണം വ്യാജമാണെന്നും അവര്‍ മറുപടി നല്‍കി.
ഒടുവില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം സംസ്ഥാന പഠന ക്യാംപ് നടത്തിപ്പില്‍ കെഎസ്‌യു നേതൃത്വം പൂര്‍ണ്ണ പരാജയമാണെന്ന് അന്വേഷണ സമിതി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 4 കെഎസ്‌യു നേതാക്കളെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിഗമനം
കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ കുറിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തയിട്ടില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും തന്നെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:കെഎസ്‌യു സംസ്ഥാന ക്യാംപിലെ കൂട്ടതല്ലിനെ ന്യായീകരിച്ച് വി.ഡി.സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയോ? വസ്‌തുത അറിയാം..
Written By: Dewin CarlosResult: False
