മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയിലെയ്ക്ക് എന്ന പ്രചരണം വ്യാജം… സത്യമറിയൂ…

False പ്രാദേശികം | Local രാഷ്ട്രീയം | Politics

മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്നു എന്ന് സൂചിപ്പിച്ച് ഒരു പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പി.വി.അൻവറിന്‍റെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ്  രാജീവ് ചന്ദ്രശേഖറിന്‍റെയും ചിത്രങ്ങളും ബിജെപി പാർട്ടിയുടെ താമര അടയാളവും ഉൾപ്പെടുത്തിയിട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. ‘അൻവര്‍ ബിജെപിയിലേക്ക്’ എന്ന വാചകങ്ങള്‍ കാണാം.  

എല്‍ഡിഎഫ് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി.അൻവർ മുഖ്യമന്ത്രിയുമായുണ്ടായ ചില എതിര്‍പ്പിനെ തുടര്‍ന്ന് പാര്‍ട്ടി മാറുകയും പിന്നീട് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയുമായിരുന്നു.   ശേഷം ഡിഎംകെ അംഗത്വം സ്വീകരിക്കുകയും പിന്നീട് അതിൽനിന്നും മാറി തൃണമൂൽ കോൺഗ്രസ്സില്‍ ചേരുകയുമുണ്ടായി. 

യുഡിഎഫുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയകരമാകാതെതിനെ തുടര്‍ന്ന് ഇപ്പോള്‍ അൻവർ ബിജെപിയിലേക്ക് മാറി എന്ന തരത്തിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. 

FB postarchived link

എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് യാതൊരു ചര്‍ച്ചകളും ഇതുവരെ ഉണ്ടായിട്ടില്ല എന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത അന്വേഷണം 

നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പിവി അന്‍വര്‍ ബിജെപിയിൽ ചേരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും വാര്‍ത്താ പ്രാധാന്യം നേടുമായിരുന്നു. കൂടാതെ ഞങ്ങള്‍ പിവി അന്‍വറിന്‍റെയും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെയും സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ പ്രചരണത്തെ അനുകൂലിക്കുന്ന യാതൊരു സൂചനകളും ലഭ്യമായില്ല. 

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ ബിജെപി സ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്ന കാര്യത്തെ കുറിച്ചു ഇതുവരെ എന്തെങ്കിലും ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചരണം മാത്രമാണ് ഇതെന്നും അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫ് പ്രസാദ് നായര്‍ അറിയിച്ചു. 

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പുതിയ രാഷ്ട്രീയ മുന്നണിയുമായാണ്  പി.വി.അൻവർ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചതായും വാർത്തയുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിൻ്റെ ഒരു നാമനിർദേശ പത്രിക തള്ളി. ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല എന്നും വാര്‍ത്തയുണ്ട്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പുതിയ മുന്നണിയുടെ പേരില്‍ ജനവിധി തേടാനാണ് തീരുമാനമെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നാണ് നിലവിൽ അൻവർ അറിയിച്ചിട്ടുള്ളത്. 

നിലവില്‍ പിവി അന്‍വര്‍ പാര്‍ട്ടി മാറുകയോ ബിജെപിയിൽ ചേരുകയോ ചെയ്തിട്ടില്ല എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. പിവി അന്‍വറിനെ ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. അദ്ദേഹത്തിന്‍റെ വിശദീകരണം ലഭിച്ചാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

നിഗമനം 

മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയില്‍ ചേരുന്നു എന്ന തരത്തില്‍ വ്യാജ പ്രചരണമാണ് നടക്കുന്നത്. പിവി അന്‍വര്‍ ബിജെപിയിലെയ്ക്ക് എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാക പ്രചരണം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ഓഫീസില്‍ നിന്നും അറിയിചിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുന്‍ എംഎല്‍എ പിവി അന്‍വര്‍ ബിജെപിയിലെയ്ക്ക് എന്ന പ്രചരണം വ്യാജം… സത്യമറിയൂ…

Fact Check By: Vasuki S 

Result: False