ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ കൂടിയേ അവശേഷിക്കുന്നുള്ളൂ. ഗോവയിലെ 40 അംഗ നിയമസഭയിലേക്ക് വരുന്ന ഫെബ്രുവരി മാസത്തിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന. ഗോവ മുഖ്യമന്ത്രി ആയിരിക്കെ അന്തരിച്ച മനോഹർ പരീക്കറുടെ മകൻ കോൺഗ്രസിൽ ചേരുന്നുവെന്ന് ഒരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

പ്രചരണം

“ഗോവ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവും ആയിരുന്ന മനോഹര്‍ പരീക്കറുടെ മകൻ ഉത്പല്‍ പരീക്കർ കോൺഗ്രസിലേക്ക്” എന്നാണ് പ്രചരണം. പ്രചരിക്കുന്ന പോസ്റ്ററിൽ ഉത്പലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്.

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. ഉത്പൽ പരീക്കർ കോൺഗ്രസിലേക്ക് പോകുന്നു എന്നത് തെറ്റായ പ്രചരണമാണ് എന്ന് കണ്ടെത്തുകയും ചെയ്തു.

വസ്തുത ഇതാണ്

ഫേസ്ബുക്കില്‍ പലരും വാര്‍ത്ത പങ്കുവയ്ക്കുന്നുണ്ട്.

ഉത്പല്‍ പരീക്കർ കോൺഗ്രസിലേക്ക് പോകുന്നു എന്ന വാർത്തയെക്കുറിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങള്‍ അന്വേഷിച്ചു എന്നാൽ ഈ വാർത്തയെ പിന്തുണയ്ക്കുന്ന യാതൊരു സൂചനകളും ലഭിച്ചില്ല.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ഉത്പല്‍ പരീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 25 വർഷമായി മനോഹർ പരീക്കർ നിലനിർത്തിയ സീറ്റാണ് അദ്ദേഹത്തിന്‍റെ മകൻ ആവശ്യപ്പെടുന്നത്. പാര്‍ട്ടി നേതൃത്വം ഇതെപ്പറ്റി പ്രതികരണം നടത്തിയിട്ടില്ല. സീറ്റ് ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും സീറ്റ് നിഷേധിക്കപ്പെട്ടാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ താന്‍ കോൺഗ്രസിലേക്ക് ചേരുന്നു എന്ന് ഒരിടത്തും ഉത്പല്‍ പരീക്കർ പറഞ്ഞതായി ഞങ്ങൾക്ക് വാര്‍ത്തകള്‍ കാണാൻ കഴിഞ്ഞില്ല. വാർത്തയുടെ വ്യക്തതയ്ക്കായി ഞങ്ങൾ ആദ്യം ബിജെപി ഗോവ സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷെത്ത് തനാവദേയുമായി സംസാരിച്ചു അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് പൂർണ്ണമായും തെറ്റായ പ്രചരണമാണ്. ഉത്പല്‍ പരീക്കര്‍ ബിജെപി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുന്നില്ല. ഇത്തരത്തിൽ ആരോ ദുഷ്പ്രചരണം നടത്തുകയാണ്.”

തുടർന്ന് ഞങ്ങൾ ഉത്പല്‍ പരീക്കറുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “എന്‍റെ പാർട്ടി ബിജെപിയാണ്. ഞാൻ അതിൽ തുടരുകതന്നെ ചെയ്യും. ബിജെപി വിട്ടു ഞാന്‍ കോൺഗ്രസിലേക്ക് ചേരുന്നുവെന്ന് പ്രചരണങ്ങൾ നടത്തുന്നതായി അറിയാൻ സാധിച്ചു. എന്നാൽ ഇത് പൂർണമായും വ്യാജപ്രചരണമാണ്. അങ്ങനെ ഒരു നീക്കം ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. ആരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഏതായാലും ബിജെപി അല്ലാതെ മറ്റൊരു പാർട്ടിയെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടുപോലുമില്ല.”

ഉത്പല്‍ പരീക്കർ കോൺഗ്രസിലേക്ക് ചേരുന്നു എന്ന വാർത്ത അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണ പൂർണമായും തെറ്റാണ്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പല്‍ ബിജെപി വിട്ട് കോണ്‍ഗ്രസ്സിലെയ്ക്ക് പോകുന്നു എന്നത് തെറ്റായ പ്രചരണമാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍ കോണ്‍ഗ്രസിലേക്ക് എന്ന് വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False