വിവരണം

കൊറോണ പശ്ചാത്തലത്തിലും ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞ സാഹചര്യത്തിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന് ദേവസ്വം മന്ത്രി, കൊറോണ പശ്ചാത്തലത്തിലും മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തിലും ഉസ്‌താദ്മാര്‍ക്ക് അതാത് മാസത്തെ ശമ്പളം സൗജന്യമായി നല്‍കുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി.ജലീല്‍.. എന്ന പേരിലൊരു ഒരു സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിനോജ് മാധവന്‍ നായര്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഇതുവരെ 3,600ല്‍ അധികം ഷെയറുകളും 89ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ പോലും ദേവസ്വം ബോര്‍‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ ദേവസ്വം മന്ത്രി ഉത്തരവിറക്കിയിട്ടുണ്ടോ? മദ്രസകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഉസ്താദ്മാര്‍ക്ക് മാസ ശമ്പളം സൗജന്യമായി നല്‍കാനും സര്‍ക്കാര്‍ ഉത്തരവിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ആരോപണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളുടെ പ്രതിനിധി മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍റെ അഡീഷണല്‍ പ്രൈവെറ്റ് സെക്രട്ടറി കെ.പി.ശ്രീകുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം വിഷയത്തെ കുറിച്ച് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്-

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു പ്രസ്താവന നടത്തിയിട്ടില്ല. അത്തരത്തിലൊരു ഉത്തരവും ഇറക്കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തിന്‍റെ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചുമതല പൂര്‍ണ്ണമായും ബോര്‍ഡിന്‍റെ ചുമതലയാണ്. അതില്‍ മന്ത്രി ഒരുതരത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതെകുറിച്ചുള്ള വിവരങ്ങള്‍ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലഭ്യമാണ്. മദ്രസ അധ്യാപകര്‍ക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നുമുള്ള സഹായധനമാണ് നല്‍കുന്നത്. എല്ലാവര്‍ക്കും തുല്യമായ പരിഗണന നല്‍കിയതല്ലാതെ ആരോടും പക്ഷാഭേദം കാണിക്കുകയോ അത്തരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രചരണങ്ങള്‍ തികച്ചു അടിസ്ഥാനരഹിതാണെന്നും കെ.പി.ശ്രീകുമാര്‍ വ്യക്തമാക്കി.

മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ധനസഹായങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

നിഗമനം

മന്ത്രി കടകംപള്ളി സുരന്ദ്രന്‍റെ പേരില്‍ പ്രതരിക്കുന്ന വ്യാജ പ്രസ്ഥാവന മാത്രമാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്ഥാവന വ്യാജം..

Fact Check By: Dewin Carlos

Result: False