
വിവരണം
എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജി വെച്ച പി.പി.ദിവ്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയ ദിവ്യ റിമാന്‍ഡിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടയില്‍ വിഷയവുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പി.പി.ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
ഇടതുപക്ഷ ഗ്രൂപ്പുകളില്‍ മീഡിയ വണ്ണിലെ മുതര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ഫോൺ നമ്പറും പകരമായി പ്രചരച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി മീഡിയ വണ്‍ ഒരു ന്യൂസ് കാര്‍ഡ് പങ്കുവെച്ചു എന്ന പേരില്‍ ഒരു പോസ്റ്റ് വ്യപകമായി പ്രചരിക്കുന്നുണ്ട്. രാത്രി പുലരും വരെ തന്തയ്ക്ക് വിളി.. പി.പി.ദിവ്യയുടെ നമ്പര്‍ പരസ്യപ്പെടുത്തിയതിനുള്ള പ്രതികാരമോ? യുകെയില്‍ നിന്ന് വരെ കോളുകള്‍ – പ്രമോദ് രാമന്‍ എന്ന പേരിലാണ് മീഡിയവണ്‍ ലോഗയും ഫോണ്ടും ഉപയോഗിച്ച് ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നത്. 𝐂𝐏𝐈𝐌 𝐊𝐄𝐑𝐀𝐋𝐀 𝐂𝐘𝐁𝐄𝐑 𝐖𝐈𝐍𝐆 ★★★ സി പി ഐ എം കേരള സൈബർ വിങ്ങ് എന്ന ഗ്രൂപ്പില്‍ ബിജു നെടുമണ്‍കാവ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ മീഡിയ വണ്‍ ഇത്തരത്തിലൊരു പ്രതികരണം പങ്കുവെച്ചിട്ടുണ്ടോ? പ്രചരിക്കുന്നത് മീഡയ വണ്‍ ന്യൂസ് കാര്‍ഡ് തന്നെയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ മീഡിയ വണ്‍ വെബ്സൈറ്റും അവരുടെ സമൂഹമാധ്യമങ്ങളിലെ പേജുകളും പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു ന്യൂസ് കാര്‍ഡോ വാര്‍ത്ത പ്രതികരണമോ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം മീഡിയ വണ്‍ വെബ്‌ഡെസ്കുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമാണെന്നും ഇത്തരത്തില്‍ ഒരു പ്രതികരണം ന്യൂസ് കാര്‍ഡായോ വാര്‍ത്തയായോ നല്‍കിയിട്ടില്ലായെന്ന് അവര്‍ പ്രതികരിച്ചു.
മാത്രമല്ലാ പി.പി.ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയത് ഖേദപ്രകടനം നടത്തുന്നതായും പിഴവ് സംഭവിച്ചു എന്നും പ്രതികരിച്ച് മീഡിയ വണ്‍ അവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച പ്രതികരണവും കണ്ടെത്താനും കഴിഞ്ഞു.
മീഡയ വണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് –
നിഗമനം
മീഡിയ വണ്‍ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത നിര്‍മ്മിച്ച ന്യൂസ് കാര്‍ഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:പി.പി.ദിവ്യയുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തിയെന്ന വിവാദത്തില്‍ മീഡിയ വണ്ണിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
