FACT CHECK: ബിജെപിയെ അവലോകന യോഗത്തില്‍ സിപിഎം പുകഴ്ത്തി എന്ന വാര്‍ത്ത വ്യാജ പ്രചരണമാണ്…

രാഷ്ട്രീയം | Politics

വിവരണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. ഇതിനിടയില്‍ എല്ലാ  രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കായുള്ള  പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഒപ്പം ഇതര രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള കുറ്റങ്ങള്‍ തുറന്നു പറയാനും വിമര്‍ശനങ്ങള്‍ രേഖപ്പെടുത്താനുമുള്ള പ്ലാറ്റ്ഫോം ആയി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. 

ഇക്കഴിഞ്ഞ ദിവസം മുതല്‍ ഒരു പത്ര കട്ടിംഗ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ “ബിജെപി ജയത്തിനു കാരണം കേന്ദ്ര പദ്ധതികൾ: സിപിഎം” എന്നാ തലക്കെട്ടില്‍ നല്‍കിയിട്ടുള്ള വാര്‍ത്തയുടെ ഉള്ളടക്കം ലോക് സഭാ തെരെഞ്ഞെടുപ്പില്‍ എന്‍ ഡി എ യ്ക്ക് വന്‍ വിജയമുണ്ടായത്തിന്റെ പ്രധാന കാരണം മോദി സര്‍ക്കാരിന്‍റെ പദ്ധതികളാണെന്ന് തുറന്നു സമ്മതിച്ച്  സിപിഎം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച  തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. പ്രധാനമന്ത്രിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിരവധി പദ്ധതികള്‍ സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളില്‍  സ്വാധീനമുണ്ടാക്കി….” ഇങ്ങനെ മോഡി സര്‍ക്കാരിന്‍റെ ഓരോ പദ്ധതികളെ പറ്റി ചൂണ്ടികാട്ടി സിപിഎം അവരുടെ വീഴ്ചകളെ വിശകലനം ചെയ്തു എന്നാണ് വാര്‍ത്തയുടെ വിവരണം വ്യക്തമാക്കുന്നത്. 

archived linkFB post

സ്ക്രീന്‍ഷോട്ടിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇതാണ്: ഒടുവില്‍ കംമികള്‍ തിരിച്ചറിഞ്ഞൂ… നരേന്ദ്ര മോഡിയുടെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളെ സ്വാധീനിച്ചു എന്ന്. 

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ അന്വേഷണ ഫലങ്ങള്‍ വിശദമാക്കാം

വസ്തുതാ വിശകലനം

ഞങ്ങള്‍ ഈ വാര്‍ത്തയെ കുറിച്ചു പതിവുപോലെ മാധ്യമങ്ങളില്‍ അന്വേഷിച്ചു. പോസ്റ്റിലുള്ളത് ദിനപത്രത്തിന്‍റെ കട്ടിംഗ് ആണ്. എന്നാല്‍ ഏത് ദിനപത്രമാണ്‌ എന്ന് വ്യക്തമാകുന്നില്ല. ഒരുവിധം എല്ലാ മാധ്യമങ്ങള്‍ക്കും ഓണ്‍ ലൈന്‍ എഡിഷന്‍ ഉള്ളതിനാല്‍ ദിനപത്രങ്ങളിലെ വാര്‍ത്തകള്‍ അതിലും കാണപ്പെടാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തയുടെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞു നോക്കിയപ്പോള്‍ ഇതോ അല്ലെങ്കില്‍ സമാനതയുള്ളതോ ആയ യാതൊരു വാര്‍ത്തയും ലഭ്യമായില്ല. 

സിപിഎം പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍  പാര്‍ട്ടി യോഗങ്ങളുടെ റിപ്പോര്‍ട്ടുകളും മറ്റു തീരുമാനങ്ങളുടെ വിശദാംശങ്ങളും പ്രധാനപ്പെട്ട വിവരങ്ങളും പാര്‍ട്ടിയെ പറ്റിയുള്ള മാധ്യമ വാര്‍ത്തകളും എല്ലാം കൃത്യമായി നല്‍കിയിട്ടുണ്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവലോകന റിപ്പോര്‍ട്ടും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. 

cpim | archived link

നീണ്ട റിപ്പോര്‍ട്ട് ആയതിനാല്‍ മുഴുവന്‍ പരിഭാഷപ്പെടുത്തി ഇടാന്‍ സാധിക്കില്ല. ആദ്യത്തെ ഒന്നു രണ്ടു പാരഗ്രാഫുകളുടെ പരിഭാഷ ഇവിടെ നല്‍കുന്നു; “17-ാമത് ലോക്സഭാ തെരഞ്ഞെടുപ്പ് വിധി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയ്ക്ക് 2014 ൽ നേടിയതിനേക്കാൾ കൂടുതല്‍ സീറ്റുകൾ നൽകി. ബിജെപി 37.4 ശതമാനം നേടി, 2014 ൽ രജിസ്റ്റർ ചെയ്ത 31 ശതമാനത്തിൽ നിന്ന് മെച്ചപ്പെട്ടു. 2019 ൽ 37.3 ശതമാനത്തിൽ നിന്ന് 43.86 ശതമാനമായി ഉയർന്നു. ഇത് അവർക്ക് അനുകൂലമായ നിർണ്ണായക ഉത്തരവാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബിജെപി അഴിച്ചുവിട്ട വലതുപക്ഷ ആക്രമണം ഈ ഉത്തരവിനൊപ്പം ഏകീകരിക്കപ്പെട്ടു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മറ്റ് ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഒഴികെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐയും ഇടതുപക്ഷവും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രത്യേകിച്ചും അവരുടെ ശക്തികേന്ദ്രങ്ങളായ കേരളം, പശ്ചിമ ബംഗാൾ, ത്രിപുര. 2009 ലെ തിരഞ്ഞെടുപ്പ് തുടരുന്നതുമുതൽ ലോക്‌സഭയിലെ സി.പി.ഐ (എം) സാന്നിധ്യം കുറയുന്നു എന്നാ കാര്യം കേന്ദ്രസമിതി ശ്രദ്ധയിൽ പെട്ടിരുന്നു, പാർട്ടി ഇപ്പോൾ ലോക്‌സഭയിൽ ഏറ്റവും താഴ്ന്ന സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ, സിപിഐയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ ഇടിവ് വളരെ മുമ്പുതന്നെ ആരംഭിച്ചു. 1989 ൽ നമുക്ക് 6.6 ശതമാനം വോട്ട് ഉണ്ടായിരുന്നു. 2014 ൽ ഇത് 3.2 ശതമാനമായി കുറഞ്ഞു. 2019 ൽ ഇത് രണ്ട് ശതമാനമോ അതിൽ കുറവോ ആയിരിക്കും. (പട്ടിക I കാണുക) [ഓരോ പാർട്ടിയും പോൾ ചെയ്ത വോട്ടുകളുടെ ശതമാനത്തിന്റെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല…”

പോസ്റ്റിലെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്നതുപോലെ യാതൊന്നും ഈ റിപ്പോര്‍ട്ടില്‍ പങ്കുവച്ചിട്ടില്ല. അതായത് ബിജെപി പദ്ധതികളെ പുകഴ്ത്തി സിപിഎമ്മിന്റെ പരാജയങ്ങളെ താരതമ്യം ചെയ്യുന്ന തരത്തില്‍ യാതൊന്നും അവലോകന റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല.

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ സിപിഎം കേരള സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിക്ക് നല്‍കിയ മറുപടി ഇങ്ങനെയാണ്: ഈ പ്രചരണം ശ്രദ്ധയില്‍ പെട്ടിരുന്നു. വെറും വ്യാജ പ്രചരണം മാത്രമാണിത്. 

ഈ രീതിയിലൊന്നും അവലോകന യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ല. ഏതോ മാധ്യമം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്.”

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണെന്ന് അന്വേഷണത്ത്ടില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടി അവലോകന യോഗത്തില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ പ്രശംസിച്ച് സിപിഎമ്മിന്‍റെ പരാജയ കാരണങ്ങള്‍ താരതമ്യം ചെയ്യുന്ന യാതൊരു നടപടികളും ചര്‍ച്ചകളും ഉണ്ടായിട്ടില്ല. ഈ പോസ്റ്റിലല്ലാതെ പ്രസ്തുത വാര്‍ത്ത മറ്റു മാധ്യമങ്ങളാരും നല്‍കിയിട്ടില്ല.വാര്‍ത്ത വ്യാജ പ്രചരണമാണെന്ന് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

Title:ബിജെപിയെ അവലോകന യോഗത്തില്‍ സിപിഎം പുകഴ്ത്തി എന്ന വാര്‍ത്ത വ്യാജ പ്രചരണമാണ്…

Fact Check By: Vasuki S 

Result: False