ആസ്സം സര്‍ക്കാരിന്‍റെ കര്‍ശന നടപടിക്ക് പിന്നാലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തിരികെ മടങ്ങുന്നു, വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

രാഷ്ട്രീയം | Politics സാമൂഹികം

അസം സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും പിന്തിരിപ്പിക്കുന്നതിനുമായി  പ്രത്യേക നടപടി സ്വീകരിക്കുന്നുണ്ട്.  വരുന്നുണ്ട്. ഇതനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാര്‍ അസമില്‍ നിന്നും പുറത്താക്കപ്പെടുകയുണ്ടായി. സാസമില്‍ നിന്നും ബംഗ്ലാദേശികളായ അനധികൃത കുടിയേറ്റക്കാര്‍ കൂട്ടമായി തിരികെ പോകുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മുസ്ലീം തൊപ്പിയും വേഷവും ധരിച്ച് റോഡിലൂടെ കൂട്ടമായി നടന്നു നീങ്ങുന്ന വലിയ സംഘത്തെ ദൃശ്യങ്ങളില്‍ കാണാം. 

അസമില്‍ നിന്ന് മടങ്ങുന്ന ബംഗ്ലാദേശികളാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കണ്ടോ വരി വരി ആയി പോണത് 😃അതിക്രമിച് ഭാരതത്തിൽ കടന്നു കയറി ഇവിടെ ജോലി ചെയ്ത് ജീവിച്ച് നമുക്കെതിരെ തന്നെ ഏതു സമയവും തിരിയുന്ന ബംഗ്ലാദേശികൾ, അസം സർക്കാർ കർശന നിലപാട് എടുത്തപ്പോൾ കൂടും കുടുക്കയും എടുത്തു തിരികെ പോകുന്നു”

https://archive.org/details/screencast-www-facebook-com-2025-12-31-18-17-11
FB postarchived link

എന്നാല്‍ ഇവര്‍ അനധികൃത കുടിയേറ്റക്കാര്‍ അല്ലെന്നും അസമിലെ ദുബ്രിയില്‍ നടന്ന മത പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയവരാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. ദി സെന്‍റിനല്‍ഡിജിറ്റല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ള വീഡിയോയില്‍ ആളുകള്‍ സംഘം ചേര്‍ന്ന് നടന്നു നീങ്ങുന്ന ദൃശ്യങ്ങളുടെ കൂടെ വലിയൊരു വേദിയും അവിടെ ഒത്തുചേര്‍ന്ന് പ്രാര്‍ഥിക്കുന്ന ആളുകളെയും കാണാം. വീഡിയോയുടെ കമന്‍റില്‍ ഇത് മത സംഗമത്തിന്‍റെ ദൃശ്യമാണെന്ന് പറയുന്നുണ്ട്. ചില പോസ്റ്റുകളില്‍ ഇവര്‍ അസമില്‍ നിന്ന് പലായനം ചെയ്യുന്ന ബംഗ്ലാദേശികള്‍ എന്നാണുള്ളത്. 

അസമില്‍ നിന്ന് പൗരത്വം തെളിയിക്കാന്‍ സാധിക്കാതെ പുറത്താക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്താറുണ്ട്. പുറത്താക്കല്‍ നടപടികളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും അസം പൊലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണ പങ്കുവയ്ക്കും. ഇത്രയും അനധികൃത കുടിയേറ്റക്കാര്‍ ഒരുമിച്ച് തിരികെ മടങ്ങിയത് വാസ്തവമായിരുന്നു എങ്കില്‍ അത് തീര്‍ച്ചയായും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത മാധ്യമങ്ങള്‍ പങ്കുവച്ചതായി കാണാന്‍ കഴിഞ്ഞില്ല. 

കൂടുതല്‍ തിരഞ്ഞപ്പോള്‍ ഇതേ വീഡിയോ sofikul_143_98 എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടു. അസമിലെ ദുബ്രിയില്‍ (Dhubri) സംഘടിപ്പിച്ച ഇജ്‌തെമ (Ijtema-മത സംഗമം) രണ്ടാം ദിവസം എന്ന് വിവരണമുണ്ട്. 

https://www.instagram.com/sofikul_143_98/reel/DSuvAJBk6bm

ഇജ്‌തെമ സംഗമത്തിന്‍റെ മറ്റ് ചില വീഡിയോകളും പേജിലുണ്ട്.  അസമില്‍ നിന്നുള്ള പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണെന്ന് ബയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

വിശദാംശങ്ങള്‍ക്കായി ഞങ്ങളുടെ അസ്സം ടീം Sofikul മായി സംസാരിച്ചു. വൈറല്‍ വീഡിയോ ഡിസംബര്‍ 21, 22, 23 തിയതികളില്‍ അസമിലെ ദുബ്രിയില്‍ നടന്ന ഇജ്‌തെമ സംഗമത്തിലേതാണെന്നും വീഡിയോ താന്‍ തന്നെയാണ് പകര്‍ത്തിയതെന്നും സോഫികുള്‍ വ്യക്തമാക്കി. സംഗമത്തിന്‍റെ മറ്റ് വീഡിയോകളും പേജില്‍ ലഭ്യമാണെന്ന് സോഫികുല്‍ അറിയിച്ചു. 

ഇജ്‌തെമ സംഗമത്തിന്‍റെതാണ് ദൃശ്യങ്ങള്‍ എന്ന് വ്യക്തമാക്കി സമാന വീഡിയോ മറ്റ് ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. 

https://www.instagram.com/untold_northeast/reel/DSuBJYDEdWh

ദുബ്രിയില്‍ നടന്ന വടക്കു കിഴക്കന്‍ ഇജ്‌തെമ സംഗമത്തില്‍ അസം, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഇസ്ലാമിക വിശ്വാസികള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ദിവസം നീണ്ട സംഗമം ന്യൂ ഇസ്ലാമിക സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസിന്‍റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 

നിഗമനം 

അസ്സം സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തപ്പോള്‍ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികള്‍ പലായനം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് അസ്സമിലെ ദുബ്രിയില്‍ നടന്ന ഇസ്ലാം മത സംഗമമായ ഇജ്‌തെമയില്‍ പങ്കെടുക്കാനെത്തിയവരുടെ വീഡിയോ ആണ്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കല്‍ നടപടിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആസ്സം സര്‍ക്കാരിന്‍റെ കര്‍ശന നടപടിക്ക് പിന്നാലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തിരികെ മടങ്ങുന്നു, വ്യാജ പ്രചാരണത്തിന്‍റെ വസ്തുത ഇതാണ്…

Fact Check By: Vasuki S  

Result: False