FACT CHECK: അച്ഛന്‍റെ നെഞ്ചു തുരന്ന് കുഞ്ഞിന് ഓക്സിജൻ നൽകിയതിന്‍റെ ചിത്രം: വസ്തുത ഇതാണ്...
അമ്മമാർ മാത്രമല്ല അച്ഛന്മാരും മക്കളോടുള്ള സ്നേഹത്തിന്‍റെ കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ് എന്ന് പറയാതെ പറയുന്ന ചില വാർത്തകളും ചിത്രങ്ങളും നാം ഇടയ്ക്ക് കാണാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്
പ്രചരണം
അച്ഛന്‍റെ ഉദാത്തമായ സ്നേഹത്തെയും സമർപ്പണത്തെയും ഉയര്‍ത്തിക്കാട്ടി വളരെ വൈറലായി പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ചിത്രത്തിൽ അച്ഛന്‍റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി പ്ലാസ്റ്റര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍ ഒരു കുഞ്ഞിനെ കാണാം. മാസം തികയാതെ ജനിച്ച ഒരു കുഞ്ഞാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലാകും.
ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഈ അച്ഛന് മനസ് നിറഞ്ഞു ഒരു ഹായ് പറയൂ ... !! - തന്റെ പെൺകുഞ്ഞിന് ഓക്സിജന്റെ ലഭ്യത കുറവ് മൂലം സ്വന്തം നെഞ്ച് തുരന്ന് ഒരു മുട്ടവിരിയിക്കൽ യന്ത്രം പോലെ അവളെ കുറച്ചു മാസങ്ങളോളം നെഞ്ചോട് ചേർത്തുകിടത്തി ജീവിച്ച ഇദ്ദേഹമാണ് ഞാൻ കണ്ട ലോകത്തിലെ മഹാനായ അച്ഛൻ .. !! പെൺകുഞ്ഞുങ്ങളുള്ള എല്ലാ അച്ഛൻമാർക്കും പെൺകുഞ്ഞുങ്ങളെ വെറുക്കുന്ന എല്ലാ ആണുങ്ങൾക്കും ഈ ഫോട്ടോ ഡെഡിക്കേറ്റ് ചെയ്യുന്നു.”
അതായത് മാസം തികയാതെ ജനിച്ച ഈ കുഞ്ഞിന് അച്ഛന്‍റെ നെഞ്ച് തുരന്ന് ഓക്സിജൻ നൽകുകയാണ് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്.
ഞങ്ങൾ ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. അച്ഛന്‍റെ സ്നേഹത്തെ ഈ ചിത്രം ഉയര്‍ത്തി കാട്ടുന്നു എങ്കിലും അച്ഛന്‍റെ നെഞ്ചു തുരന്ന് കുഞ്ഞിന് ഓക്സിജൻ നൽകിയതിന്‍റെ കാഴ്ചയാണിത് എന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ ഇത് പെണ്‍കുഞ്ഞല്ല.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2017 മുതൽ ചിത്രം ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു എന്ന് മനസ്സിലായി. വാർത്തകളിൽ നിന്നും അതിജീവനത്തിന്‍റെ അപൂര്‍വമായ കാര്യങ്ങളാണ് അറിയാനായത്. ഈ കുഞ്ഞ് അമേരിക്കൻ ദമ്പതികളായ രാസീന്‍ ഡിക്കിയുടെയും ഡെന്നി സാഞ്ചേസിന്‍റെയും മകനായ ഫോണ്ടയ്നാണ്. മാസം തികയാതെ ജനിച്ചതിന്‍റെ അനാരോഗ്യത്തോട് പൊരുതി അച്ഛനും അമ്മയും മാറിമാറി ആഴ്ചകളോളം മാസങ്ങളോളം അവനെ പരിചരിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്.
മാസം തികയാതെ പ്രസവിക്കുന്ന കുട്ടികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മരുന്ന് കൊണ്ടുള്ള ചികിത്സയ്ക്ക് പുറമേ കങ്കാരൂ കെയര്‍ എന്ന രീതിയിലുള്ള ഒരു ചികിത്സ വിദേശത്ത് ആശുപത്രികളിൽ നല്‍കുന്നുണ്ട്. മാതാവിന്‍റെയോ പിതാവിന്‍റെയോ അതുപോലെ അടുപ്പമുള്ളയാളുടെയോ നെഞ്ചിൽ കുഞ്ഞിനെ ചേർത്തു കിടക്കുന്ന ഒരു ഒരു രീതിയാണിത്. ഇരുവരുടെയും ചര്‍മ്മങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന വിധമാണ് കിടത്തുക. ശരീരങ്ങള്‍ സ്പര്‍ശിക്കുന്ന ഭാഗത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരിക്കരുത്. കുഞ്ഞിന് സുരക്ഷിതത്വ ബോധം ഉണ്ടാകാനും ശരീരോഷ്മാവ് താഴാതെ നിലനിര്‍ത്താനും ഈ രീതി ഫലപ്രദമാണ്. ഈ ചികിത്സ രീതിവഴി, പ്രിമച്ച്വര്‍ കുഞ്ഞുങ്ങളിൽ 70 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാനായിട്ടുണ്ട് എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ ചികിത്സയുടെ ഭാഗമായി ഫോണ്ടയ്നെ അച്ഛന്‍റെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തിയിരിക്കുന്നതിന്‍റെ ചിത്രമാണിത്. അല്ലാതെ പോസ്റ്റില്‍ വാദിക്കുന്നതുപോലെ “തന്റെ പെൺകുഞ്ഞിന് ഓക്സിജന്റെ ലഭ്യത കുറവ് മൂലം സ്വന്തം നെഞ്ച് തുരന്ന് ഒരു മുട്ടവിരിയിക്കൽ യന്ത്രം പോലെ അവളെ കുറച്ചു മാസങ്ങളോളം നെഞ്ചോട് ചേർത്തുകിടത്തി ജീവിച്ച” അച്ഛന്‍റെ ചിത്രമല്ല ഇത്.
ഫോണ്ടയ്ന് ജനിച്ച ശേഷം നാലു മാസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. കാഴ്ച-കേൾവി തകരാറുകൾ സംഭവിച്ചേക്കാം എന്നും തലച്ചോറില്‍ രക്തസ്രാവം ഉണ്ടായിരുന്നു എന്നും ഹാർട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നു എന്നും അവൻ ജീവിതത്തിലേക്ക് തിരികെ വരുന്ന കാര്യം പ്രയാസമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നുവെന്നും അമ്മ പറയുന്നു.
ഫോണ്ടയ്ന്‍ ഡിക്കി ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് തുടര്‍ന്നുള്ള ചില ചിത്രങ്ങള്‍ അറിയിക്കുന്നു.
2017 ഈ വാർത്ത ജനശ്രദ്ധ നേടിയത് അച്ഛന്‍റെ നെഞ്ചിൽ ചേർത്തു കിടത്തി വളർത്തി എന്നുള്ള പേരിലായിരുന്നില്ല. 23 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് അമ്മ പിടിക്കാൻ ചെന്നപ്പോൾ അമ്മയുടെ കൈതട്ടി മാറ്റുന്ന ഒരു വീഡിയോ വൈറലായതോടെ ആയിരുന്നു.
പോസ്റ്റിലെ പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വാര്‍ത്ത തെറ്റിധാരണ സൃഷ്ടിക്കുന്നതാണ്. ചിത്രത്തില്‍ കാണുന്ന കുഞ്ഞിനെ അച്ഛന്‍റെ ശരീരത്തോട് ചേര്‍ത്തു കിടത്തിയിരിക്കുന്നത് കങ്കാരൂ കെയര്‍ എന്ന ചികിത്സയുടെ ഭാഗമായാണ്. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മരുന്നിനു പുറമേ നല്‍കുന്ന ഒരു ചികിത്സാരീതിയാണിത്. അച്ഛന്റെ നെഞ്ച് തുരന്ന് കുഞ്ഞിന് ശ്വാസോച്ഛ്വാസം നല്‍കുന്നതാണ് ചിത്രത്തില്‍ കാണുന്നത് എന്നത് തെറ്റായ പ്രചാരണമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:അച്ഛന്‍റെ നെഞ്ചു തുരന്ന് കുഞ്ഞിന് ഓക്സിജൻ നൽകിയതിന്‍റെ ചിത്രം: വസ്തുത ഇതാണ്...
Fact Check By: Vasuki SResult: False