മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചതോടെ അക്രമ സംഭവങ്ങളുടെ പുറത്തുവരാത്ത പല വീഡിയോകളും ചിത്രങ്ങളും എന്ന പേരില്‍ പല ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രാര്‍ഥന നടക്കുന്നതിനിടെ താല്‍ക്കാലിക ക്രൈസ്തവ ആരാധാനാലയം അക്രമികള്‍ നശിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പുതുതായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രചരണം

ദൃശ്യങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടി മറച്ച ഒരു ചെറിയ ടെന്‍റ് കാണാം. അതിനുള്ളില്‍ കുറച്ചുപേര്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നുണ്ട്. ഏതാനും പേര്‍ ടെന്‍റിനുചുറ്റും നടന്ന് മറച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചഴിച്ചുകളയുന്ന ദൃശ്യങ്ങള്‍ കാണാം. ചുറ്റും നടക്കുന്നതൊന്നും വകവയ്ക്കാതെ വിശ്വാസികള്‍ പ്രാര്‍ഥന തുടരുകയാണ്. ഈ സംഭവം മണിപ്പൂരില്‍ ഈയിടെ നടന്നതാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മണിപ്പൂരിൽ താൽക്കാലികമായി കെട്ടി ഉണ്ടാക്കിയ ക്രിസ്ത്യൻ ആരാധനാലയങ്ങൾ പോലും വലിച്ചു കീറുന്നത് കാണുക...

#മണിപ്പൂർ_കലാപം

#ഹിന്ദുവും_ഹിന്ദുത്വവും”

FB postarchived link

എന്നാല്‍ ഈ ദൃശ്യങ്ങള്‍ ത്രിപ്പുരയില്‍ നിന്നുള്ളതാണെന്നും മണിപ്പൂരില്‍ നിന്നുള്ളതല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇതേ വീഡിയോ ഒരു യുറ്റൂബ് ചാനലില്‍ നിന്നും ലഭിച്ചു.

ഹിന്ദി ഭാഷയില്‍ ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്രിസ്ത്യൻ വാർത്ത | ക്രൈസ്തവ വിരോധികള്‍ പന്തല്‍ പിഴുതുമാറ്റുന്നു, ക്രൈസ്തവ വിശ്വാസികൾ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

ഈ ആളുകൾക്കായി നാം പ്രാർത്ഥിക്കണം

ത്രിപുരയിലെ ഗോംതി ജില്ലയിലാണ് ഈ സംഭവം. അമര്‍പൂര്‍ സബ്ഡിവിഷനില്‍ പെടുന്ന കമലായി ഗ്രാമത്തില്‍ ജമാ-ആഷ്യ ഗോത്രം ക്രൈസ്തവര്‍ക്ക് പ്രാർത്ഥന നടത്താനായി നിര്‍മ്മിച്ച ഒരു താൽക്കാലിക പന്തല്‍ ക്രൈസ്തവ വിരോധികള്‍ പൊളിച്ചു നീക്കുന്നു.

ത്രിപുര ക്രിസ്ത്യൻ വാർത്ത

ത്രിപുര ഗോംതി ക്രിസ്ത്യൻ വാർത്ത”

അതായത് ഈ സംഭവം ത്രിപ്പുരയില്‍ നടന്നതാണ് എന്നാണ് വിവരണത്തിലുള്ളത്. വീഡിയോ പോസ്റ്റു ചെയ്ത തിയതി 2022 ഒക്ടോബര്‍ മൂന്ന് ആണ്. ഈ സൂചന ഉപയോഗിച്ച് വീണ്ടും ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ത്രിപുര ആസ്ഥാനമായ ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ സംഭവത്തെ കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നതായി കണ്ടു.

“ഏകപക്ഷീയ ട്രൈബ്- മുംലായ്യിലെ കമലായ് എന്ന ഗ്രാമത്തിൽ ക്രൈസ്തവ പ്രാര്‍ഥനയ്ക്കായി തയ്യാറാക്കിയ താല്‍ക്കാലിക കേന്ദ്രം പ്രാർത്ഥനാ ഹാൾ പോലുള്ള ഘടന ക്രൈസ്തവ വിരുദ്ധര്‍ പൊളിച്ചുമാറ്റി.

സംസ്ഥാനത്ത് ഹിന്ദുക്കളുടെ ഏറ്റവും വലിയ ഉത്സവമായ ദുർഗ പൂജയുടെ സമയത്താണ് പ്രാര്‍ഥന നടത്തിയത് എന്നാണ് പൊളിച്ച് നീക്കിയതിനുള്ള കാരണമായി പറയുന്നത്. നിയമപ്രകാരം കയ്യേറ്റമൊന്നും അനുവദിക്കാത്ത സർക്കാർ ഭൂമിയിലാണ് നിർമാണമെന്ന് പോലീസ് അധികൃതർ അറിയിച്ചു”.

വീഡിയോ താഴെ കാണാം:

മതപരമായ ആചാരങ്ങൾ നടത്താൻ, ക്രിസ്തീയ ഗ്രാമവാസികൾ സർക്കാർ ഭൂമിയിൽ താല്‍ക്കാലിക പ്രാർഥന ഹാൾ നിർമ്മിച്ചെങ്കിലും അവരുടെ ഹിന്ദു അയൽവാസികളിൽ നിന്ന് എതിർപ്പ് നേരിട്ടു. കെർ പൂജയുടെ അതിരുകൾക്ക് കീഴിലാണ് പ്രാർത്ഥനാ ഹാൾ കെട്ടിയതെന്ന് ഹിന്ദുക്കൾ വാദിച്ചു. "സംഘര്‍ഷമൊന്നുമില്ല. പത്ത് ദിവസം മുമ്പ് മാത്രമാണ് ടെന്‍റ് നിര്‍മ്മിച്ചത്. ഗ്രാമത്തിന്‍റെ അതിരുകളിൽ നിന്ന് അവരുടെ ഘടന നീക്കാൻ ഹിന്ദു ജമാത്യർ ക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു. പോലീസ് അവിടെ പോയി, എതിർപ്പ് സംഘര്‍ഷമായി മാറാന്‍ അനുവദിച്ചില്ല, ത്രിപുര ഗോംതി എസ്പി സസ്വത് കുമാർ പറഞ്ഞു.

ഗ്രാമത്തിൽ നിലനിന്നിരുന്ന സാഹചര്യത്തെക്കുറിച്ച് അറിവ് ലഭിച്ചയുടനെ ഞങ്ങൾ അവിടെ എത്തി, രണ്ട് സമുദായങ്ങളിലെയും ഗ്രാമവാസികൾക്കിടയിൽ സമാധാനയോഗം വിളിച്ചു. ലംഘനക്കാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കുന്നതിനായി ആമ്പെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. യോഗത്തിന് ശേഷം, പ്രശ്നം സൗഹാർദ്ദപരമായി പരിഹരിക്കപ്പെട്ടു, എന്നാൽ കൂടുതൽ കുഴപ്പങ്ങൾ പ്രതീക്ഷിക്കുന്നതിനാല്‍ ട്യൂറയുര സ്റ്റേറ്റ് റൈഫിൾസ് ട്രൂപ്പർമാരെയും പോലീസുകാരെയും രാത്രി മുഴുവൻ വിന്യസിച്ചു, "ആമ്പി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ഉത്തം ബാനിക് പറഞ്ഞു. 150 ഓളം ജമാലിയ കുടുംബങ്ങളാണ് കമലായ് ഗ്രാമത്തിലുള്ളത്. ഭൂരിപക്ഷം ഹിന്ദു മത ആചാരം നടത്തുമ്പോൾ 25 ഓളം കുടുംബങ്ങൾ ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നു.”

സംഭവം 2022 ഒക്ടോബര്‍ മൂന്നിനാണ് വാര്‍ത്തയായത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ത്രിപ്പുരയില്‍ നടന്ന സംഭവമാണിത്. ഏതായാലും നിലവില്‍, മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. 2022 ഒക്ടോബറില്‍ തൃപുരയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. ക്രൈസ്തവ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി താല്‍ക്കാലിമായി നിര്‍മ്മിച്ച ഷെഡ് ദുര്‍ഗാ പൂജയുടെ സമയത്താണ് എന്ന കാരണത്താല്‍ മറ്റ് ഗ്രാമവാസികള്‍ പൊളിച്ചു മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മണിപ്പൂരിലെ സംഘര്‍ഷങ്ങളുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ക്രൈസ്തവ പ്രാര്‍ഥനാ പന്തല്‍ പൊളിച്ച് കളയുന്ന ദൃശ്യങ്ങള്‍ മണിപ്പൂരിലേതല്ല, സത്യമിങ്ങനെ...

Written By: Vasuki S

Result: False